സൂര്യ നായകനായെത്തുന്ന സിങ്കം 3 റിലീസ് ദിവസം തന്നെ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് വെല്ലുവിളിച്ച തമിഴ് റോക്കേഴ്സ് ചിത്രം ഇറങ്ങി മണിക്കൂറുകൾക്കുളളിൽ ലൈവ് സ്ട്രീമിങ്ങ് ചെയ്‌തു. ഇന്നലെയാണ് ചിത്രം റിലീസ് ചെയ്‌തത്. ചിത്രം പ്രദർശനത്തിന് എത്തുന്നതിനു മുൻപ് തന്നെ തമിഴ് റോക്കേഴ്‌സ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇന്ന് രാവിലെ 9.30ഓടെയാണ് ചിത്രം വെബ്സൈറ്റിൽ പ്രദർശിപ്പിക്കാൻ തുടങ്ങിയത്. തമിഴ് റോക്കേഴ്സിന്റെ ഫെയ്‌സ്ബുക്ക് പേജിൽ ചിത്രം ലഭ്യമാകുമെന്ന അറിയിപ്പോടെ ലിങ്കും നൽകിയിട്ടുണ്ട്. ശ്രീലങ്കയിൽ നിന്നാണ് ചിത്രം ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്‌തിരിക്കുന്നതെന്ന് സൈബർ പൊലീസ് പറഞ്ഞു. കേരള പൊലീസിന്റെ സൈബർ ഡോം ചിത്രം ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്‌തു.

സിങ്കം 3 പുറത്തിറങ്ങുന്ന ഫെബ്രുവരി 9ന് കൃത്യം 11 മണിക്ക് ചിത്രം ഫെയ്‌സ്ബുക്കിൽ ലൈവായി കാണിക്കുമെന്ന് തമിഴ് റോക്കേഴ്സ് ഭീഷണിപ്പെടുത്തിയെന്ന് നിർമാതാവ് കെ.ഇ.ജ്ഞാനവേൽ മുൻപ് പറഞ്ഞിരുന്നു. എന്നാൽ ജ്ഞാനവേൽ പറഞ്ഞതുപോലെ ഫെയ്‌സ്ബുക്കിലോ മറ്റ് സമൂഹമാധ്യമങ്ങളിലോ അല്ല പതിവ് പോലെ തന്നെയായിരിക്കും പ്രദർശനം എന്ന് തമിഴ് റോക്കേഴ്‌സും ട്വീറ്റ് ചെയ്‌തിരുന്നു. ചിത്രം ഇന്റർനെറ്റിൽ പ്രദർശിപ്പിച്ചതിനെതിരെ ചിത്രത്തിന്റെ അണിയറക്കാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook