ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് ബോളിവുഡിൽ തന്രേതായ ഇടം നേടിയെടുത്ത നടിയാണ് കങ്കണ റണാവത്ത്. അടുത്തിടെ ഒരു ചാനലിൽ അനുപം ഖേറുമായി നടത്തിയ അഭിമുഖത്തിൽ താൻ കടന്നുവന്ന വഴികളെക്കുറിച്ച് കങ്കണ മനസ്സു തുറന്നു. പെൺകുട്ടികൾ പ്രണയലേഖനങ്ങൾ എഴുതുകയും ഡേറ്റിങ്ങിന് പോവുകയും ചെയ്യേണ്ട പ്രായത്തിൽ താൻ അഭിനയിക്കാൻ അവസരം തേടി നടക്കുകയായിരുന്നുവെന്ന് കങ്കണ പറഞ്ഞു.

”ആ സമയത്ത് ഞാൻ ബുദ്ധിജീവികളായ മഹേഷ് ഭട്ട് മറ്റു കലാകാരന്മാരുടെ അടുത്തൊക്കെ പോകുമായിരുന്നു. അവരെപ്പോലെ വലിയ ആൾക്കാരുടെ കൂടെ ഇരിക്കുമ്പോൾ കൗമാരക്കാരിയായ എനിക്ക് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാൻ സമയമില്ലായിരുന്നു. കൗമാരപ്രായമെത്തിയപ്പോൾ അഭിനയിക്കാൻ അവസരം തേടിയുളള പോരാട്ടമായി. സിനിമാ സെറ്റുകളിൽ കയറി ഇറങ്ങലായിരുന്നു ജോലി. 17-ാം വയസ്സിലെത്തിയപ്പോൾ മരിക്കണോ ജീവിക്കണോ എന്ന ചിന്തയായിരുന്നു എനിക്ക്. അനുസരണയില്ലാത്ത കുട്ടിയായിരുന്നു ഞാൻ. ചെറുപ്പത്തിൽതന്നെ വീട് ഉപേക്ഷിച്ചു. അതിനാൽതന്നെ മറ്റു കുട്ടികളെപ്പോലെ കളിക്കാൻ എനിക്കൊരിക്കലും സമയം കിട്ടിയിരുന്നില്ല”.

”ഗ്യാങ്സ്റ്ററിനുശേഷം 10 വർഷം വേണ്ടി വന്നു എനിക്ക് വിജയത്തിന്റെ മധുരം നുണയാൻ. ഇപ്പോൾ വളർന്നുവരുന്ന ബോളിവുഡിലെ താരമക്കൾക്ക് ഇതറിയുമോ? അവർക്ക് സിനിമയിലേക്ക് കടക്കാൻ പ്രയാസമില്ല. കാരണം അവരുടെ അച്ഛനോ അമ്മയോ അങ്ങനെ ആരെകിലും സിനിമയിലുണ്ടാകും. സിനിമയുമായി ഒരു ബന്ധമില്ലാതെ അതിനു പുറത്തുനിന്നു വരുന്ന തുടക്കക്കാരെക്കുറിച്ച് താരമക്കൾ ചിന്തിക്കാറില്ല. താരമക്കൾ ഇന്നു നിൽക്കുന്ന ഇടത്ത് തുടക്കക്കാർക്ക് എത്താൻ അവരുടെ ജീവിതകാലം മുഴുവൻ ചിലപ്പോൾ വേണ്ടി വരും”.

”കഠിന പ്രയ്ത്നത്തിലൂടെയായിരിക്കും ഒരാൾ ഇന്നു കാണുന്ന വിജയം നേടിത്. അത് അയാളിൽ പല മാറ്റവും വരുത്തും. നിങ്ങൾ ഉദ്ദേശിക്കുന്ന ഇടം എത്തിയാൽ പിന്നെ നിങ്ങളെ ആരെങ്കിലും താഴ്ത്തികെട്ടാൻ ശ്രമിച്ചാൽ അത് നിങ്ങളെ ബാധിക്കില്ല. മോശം പെൺകുട്ടി എന്ന വിളിയിലൂടെ എനിക്ക് സ്വാതന്ത്ര്യം ആണ് ലഭിക്കുന്നതെന്നും” കങ്കണ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ