വർഷങ്ങളോളം സന്തതസഹചാരിയായി കൂടെയുണ്ടായിരുന്ന ആ വീൽചെയറുപേക്ഷിച്ച് സൈമൺ ബ്രിട്ടോ കടന്നു പോവുമ്പോൾ യാദൃശ്ചികതയാവാം, അദ്ദേഹം കൂടി കഥാപാത്രമായെത്തുന്ന ‘നാൻ പെറ്റ മകൻ’ എന്ന സിനിമയുടെ ഷൂട്ടിംഗ് ജോലികൾ അവസാനഘട്ടത്തിലാണ്. മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ ഇടുക്കി ജില്ല കമ്മിറ്റിയംഗം അഭിമന്യുവിന്റെ ജീവിതത്തെ അവലംബിച്ച് ഒരുക്കുന്ന ചിത്രമാണ് സംവിധായകൻ സജി പാലമേൽ ഒരുക്കുന്ന ‘നാൻ പെറ്റ മകൻ’.
ജീവിതമെന്ന കളിയരങ്ങിൽ നിന്നും ബ്രിട്ടോ വിടവാങ്ങുമ്പോഴും അഭ്രപാളികൾ ബ്രിട്ടോ എന്ന സഖാവിനെ, അഭിമന്യുവിന് ഗുരുതുല്യനും പിതൃതുല്യനുമായ സ്നേഹസാന്നിധ്യത്തെ എന്നേക്കുമായി രേഖപ്പെടുത്തുകയാണ് ‘നാൻ പെറ്റ മകൻ’. നടൻ ജോയ് മാത്യു ആണ് സിനിമയിൽ സൈമൺ ബ്രിട്ടോയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈമൺ ബ്രിട്ടോയുടെ ജീവിതവുമായി ബന്ധപ്പെടുത്തി, നെൽസൺ ക്രിസ്റ്റോ എന്ന പേരിലാണ് ജോയ് മാത്യു ചിത്രത്തിൽ വേഷമിടുന്നത്. “അഭിമന്യു ഉൾപ്പെട്ട വിദ്യാർത്ഥി സംഘടനയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് അദ്ദേഹം,” എന്നാണ് സംവിധായകൻ സജി പാലമേൽ സൈമൺ ബ്രിട്ടോയെ വിശേഷിപ്പിക്കുന്നത്.
വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന ഒരു രക്തസാക്ഷിയെന്നു വിശേഷിപ്പിക്കാവുന്ന സൈമൺ ബ്രിട്ടോയുടെ ജീവിതത്തെ വീൽച്ചെയറിലിരുത്തിയ അതേ രാഷ്ട്രീയപകപോക്കലുകൾ തന്നെയാണ് അഭിമന്യുവിന്റെ ജീവനെടുത്തതും. അതുകൊണ്ടു തന്നെ അഭിമന്യുവിന്റെ ചേതനയറ്റ ശരീരത്തെ കാണാൻ ബ്രിട്ടോ എത്തിയപ്പോൾ അതു കാഴ്ചക്കാരുടെ ഹൃദയത്തെ കൂടെ ഈറനണിയിക്കുന്ന ഒരു കാഴ്ചയായി മാറിയത്. അതേ രംഗം കൂടിയാണ് ചിത്രത്തിനു വേണ്ടി ജോയ് മാത്യു അഭ്രപാളികളിൽ പുനരാവിഷ്കരിക്കുന്നത്.
അഭിമന്യുവിന്റെ ജീവചരിത്രമായോ ജീവിതം അതേപടി പകർത്തിയോ അല്ല ചിത്രം ഒരുക്കുന്നതെന്ന് സംവിധായകൻ തന്നെ മുൻപ് വ്യക്തമാക്കിയിരുന്നു. “അഭിമന്യുവിന്റെ ജീവിതത്തിൽ ഒരു നന്മയുണ്ട്. അത് വട്ടവടയെന്ന ഗ്രാമത്തിന്റെ സംസ്കാരം കൂടിയാണ്. അത് പ്രമേയമാക്കി സിനിമാറ്റിക് എലമെന്റ്സ് ചേർത്താണ് ചിത്രം അവതരിപ്പിക്കുന്നത്. അഭിമന്യു മഹാരാജാസിന്റെ ജീവചരിത്രമായി ചിത്രത്തെ അവതരിപ്പിക്കുകയല്ല.”
Read more: ‘നാൻ പെറ്റ മകൻ,’ അഭിമന്യുവിന്റെ ജീവചരിത്രമല്ല; സംവിധായകൻ സജി പാലമേൽ
മിനോൺ ആണ് ചിത്രത്തിൽ അഭിമന്യുവായി വേഷമിടുന്നത്. ഇന്ദ്രന്‍സ്, പന്ന്യന്‍ രവീന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍, നടി സരയു, സീനാ ഭാസ്ക്കര്‍, വട്ടവടയിലെ ഗ്രാമവാസികള്‍, മഹാരാജാസിലെ അഭിമന്യുവിന്‍റെ സഹപാഠികള്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അഭിമന്യുവിന്റെ സ്വദേശമായ വട്ടവടയും എറണാകുളം മഹാരാജാസ് കോളേജുമാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.