കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നടന്‍ സല്‍മാന്‍ ഖാനെ പിന്തുണച്ച് ബോളിവുഡ് താരങ്ങള്‍. സല്‍മാന്‍ ഖാന്‍ അങ്ങനെയൊരു ക്രൂരത ചെയ്യില്ലെന്നും, അദ്ദേഹം മൃഗങ്ങളെ സ്‌നേഹിക്കുന്ന മനുഷ്യനാണെന്നും നടി സിമി ഗരേവാള്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു. യഥാര്‍ത്ഥ കുറ്റവാളികളെ വെളിച്ചത്തു കൊണ്ടുവരണമെന്നും മറ്റൊരാള്‍ക്കു വേണ്ടി 20 വര്‍ഷം അഴിക്കുള്ളില്‍ കഴിയുക എന്നത് കഠിനമാണെന്നും അവര്‍ പറഞ്ഞു.

രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അങ്ങേറ്റം ബഹുമാനിക്കുന്നവരാണ് സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ കുടുംബവുമെന്ന് തനിക്കുറപ്പുണ്ടെന്നും താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും സത്യസന്ധനായ മനുഷ്യനാണ് സല്‍മാന്‍ ഭായ് എന്നും നടന്‍ വരുണ്‍ ധവാന്‍ പറഞ്ഞു. ഇപ്പോള്‍ അനുഭവിക്കുന്ന പ്രയാസങ്ങളിൽ നിന്നും ശക്തമായി തിരിച്ചുവരാന്‍ അവര്‍ക്കാകുമെന്നു തനിക്ക് ഉറപ്പാണെന്നും വരുണ്‍ ധവാന്‍ ട്വിറ്ററില്‍ കുറിച്ചു.

കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ 19 വര്‍ഷത്തിനിപ്പുറമാണ് സല്‍മാന്‍ ഖാനെതിരെ കോടതി വിധി പുറപ്പെടുവിച്ചത്. അഞ്ച് വര്‍ഷത്തെ തടവാണ് കേസില്‍ സല്‍മാന്‍ ഖാന് ജോധ്പൂര്‍ വിചാരണ കോടതി വിധിച്ചത്. 1998 ഒക്ടോബര്‍ 1നും 2നുമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹം സാത് സാത് ഹെ എന്ന ബോളിവുഡ് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം.

വന്യജീവി സംരക്ഷണ നിയമപ്രകാരം സല്‍മാനെതിരെ മറ്റ് രണ്ട് കേസുകള്‍ കൂടി ചുമത്തിയിട്ടുണ്ട് മൂന്ന് ചിങ്കാരമാനുകളെ വെടിവച്ചു കൊന്നതിനാണിത്. സെപ്റ്റംബര്‍ 26നും 28നും ആയിരുന്നു സംഭവം. ഈ കേസില്‍ 2006 ഏപ്രില്‍ മാസവും 2007 ഓഗസ്റ്റ് മാസവും അദ്ദേഹം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ