ഗോസിപ്പ് കോളങ്ങളിൽ നിരവധി തവണ നിറഞ്ഞ പേരുകളിലൊന്നാണ് തമിഴ് താരം ചിമ്പുവിന്റേത്. ചിമ്പു വിവാഹിതനാവുന്നു എന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ലോക്ക്‌ഡൗൺ കഴിഞ്ഞ ഉടനെ താരം വിവാഹിതനാവും എന്ന രീതിയിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ വാർത്തകൾ ശരിയല്ല എന്ന് വ്യക്തമാക്കി കൊണ്ട് രംഗത്തു വരികയാണ് ചിമ്പുവിന്റെ മാതാപിതാക്കളായ ടി രാജേന്ദറും ഉഷ രാജേന്ദറും.
“ചിമ്പുവിന്റെ ജാതകവുമായി യോജിക്കുന്ന അനുയോജ്യയായ ഒരു പെൺകുട്ടിയെ തിരയുകയാണ് ഞങ്ങൾ. അവനിണങ്ങുന്ന പെൺകുട്ടിയെ കണ്ടുകിട്ടിയാൽ ഞങ്ങൾ അത് ഈ ലോകത്തെ അറിയിക്കും. അതുവരെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വിശ്വസിക്കാതിരിക്കൂ,” ചിമ്പുവിന്റെ മാതാപിതാക്കൾ പറയുന്നു.
2019 ൽ ചിമ്പുവിന്റെ ഇളയസഹോദരൻ കുരളരശൻ വിവാഹിതനായിരുന്നു. അപ്പോഴും ചിമ്പുവിന്റെ വിവാഹത്തെ കുറിച്ച് ആരാധകർ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു.
ലോക്ക് ഡൗണിനിടെ ഗൌതം മേനോന്റെ ഒരു ഹ്രസ്വചിത്രത്തിലും ചിമ്പു അഭിനയിച്ചിരുന്നു. ‘വിണ്ണൈത്താണ്ടി വരുവായ’യുടെ തുടർച്ചയായി ചിത്രീകരിച്ച ഹ്രസ്വചിത്രത്തിൽ തൃഷയും ഉണ്ടായിരുന്നു.
വെങ്കട്ട് പ്രഭുവിന്റെ ‘മാനാട്’ ആണ് പാതിയിൽ ചിത്രീകരണം നിർത്തിവെച്ച ചിമ്പു ചിത്രങ്ങളിൽ ഒന്ന്. ലോക്ക്‌ഡൗണിനു ശേഷം ചിത്രീകരണം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ചിമ്പു.
Read more: വിവാദങ്ങള്‍ക്ക് വിരാമം; വിവാഹത്തെ കുറിച്ച് ചിമ്പു മനസ് തുറക്കുന്നു