വിവാദങ്ങള്‍ വിട്ടൊഴിയാതെ തമിഴ് നടന്‍ ചിമ്പു. കീ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ്ങില്‍ ചിമ്പുവിനെതിരേ നടനും തമിഴ്‌നാട് പ്രൊഡ്യൂസേഴസ് കൗണ്‍സില്‍ നടികര്‍ സംഘം സെക്രട്ടറിയുമായി വിശാലും രംഗത്ത് വന്നു. അന്‍പാനവന്‍ അസറാതവന്‍ അടങ്കാതവന്‍ അഥവാ എഎഎ എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ പൂര്‍ണ പാരജയമായതിന്റെ കാരണം ചിമ്പുവാണെന്നുള്ള ചിത്രത്തിന്റെ നിര്‍മാതാവ് മൈക്കിള്‍ രായപ്പന്റെ പരാതി തന്നെയാണ് വീണ്ടും ചിമ്പുവിനെതിരെയുള്ള ആക്രമണത്തിന് കാരണം.

മൈക്കിള്‍ രായപ്പന്‍ നല്‍കിയ പരാതിയില്‍ എന്തുകൊണ്ടാണ് ഇതുവരെ യാതൊരു നടപടിയുമെടുക്കാത്തതെന്ന് പിഎല്‍ തേനപ്പന്‍ എന്ന നിര്‍മാതാവ് സദസില്‍ വെച്ച് ചോദിച്ചതിന് മറുപടി പറയുകയായിരുന്നു വിശാല്‍.
‘രായപ്പന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ചിമ്പുവിന് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ യാതൊരു മറുപടിയും ചിമ്പു തന്നില്ല.’ വിശാല്‍ പറഞ്ഞു.

സിനിമ പരാജയമായതിന് ചിമ്പുവിനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ പഠിച്ചു വരികയാണെന്നും ക്ഷമകാണിക്കണമെന്നും ഓഡിയോ ലോഞ്ചിനെത്തിയ വിശാല്‍ വ്യക്തമാക്കി. ചിമ്പുവിനെതിരായ ആരോപണത്തില്‍ കൂടുതല്‍ പ്രതികരണങ്ങളൊന്നുമുണ്ടാക്കാത്തതാണ് നടപടി കൈകൊള്ളാത്തതെന്നും, കൂടുതല്‍ പ്രതികരണമുണ്ടാകുന്ന പക്ഷം നടപടി സ്വീകരിക്കുമെന്നും വിശാല്‍ വ്യക്തമാക്കി.

എഎഎ എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ചിമ്പുവിനാണെന്ന ആരോപണമാണ് നിര്‍മ്മാതാവ് മൈക്കിള്‍ രായപ്പന്‍ നടത്തിയത്. സിനിമ പരാജയപ്പെട്ടത് മൂലം തനിക്കുണ്ടായ കോടിക്കണക്കിന് രൂപയുടെ നഷ്ടം ചിമ്പുതന്നെ നികത്തണമെന്നും മൈക്കിള്‍ രായപ്പന്‍ തന്റെ പരാതിയില്‍ പറഞ്ഞിരുന്നു. ചിമ്പു സമയത്ത് ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തുമായിരുന്നില്ല, ഇതു ചോദ്യം ചെയ്തപ്പോള്‍ ഷൂട്ട് ചെയ്ത ഭാഗം വച്ച് സിനിമ റിലീസ് ചെയ്‌തോളാന്‍ പറഞ്ഞു എന്നിവയെല്ലാമായിരുന്നു ആരോപണങ്ങള്‍. ഈ പ്രശ്‌നം തമിഴ് സിനിമാ ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ