ആരാധകരെ അതിശയപ്പെടുത്തി ചിമ്പുവിന്റെ പ്രഖ്യാപനം. ബില്ല 3 യിൽ പ്രധാന വേഷത്തിൽ ചിമ്പുവെത്തുമെന്ന അഭ്യൂഹങ്ങൾക്കു പിന്നാലെയാണ് തന്റെ പുതിയ ചിത്രത്തെക്കുറിച്ചുളള പ്രഖ്യാപനം ചിമ്പു നടത്തിയത്. ‘കെട്ടവൻ കെട്ടിടിൽ കിട്ടിടും രാജയോഗം’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റിലും കൂടുതൽ വിവരങ്ങളും ഉടൻ പുറത്തുവിടുമെന്ന് ചിമ്പു ട്വിറ്ററിലൂടെ അറിയിച്ചു.

ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത് ചിമ്പു തന്നെ. പുതിയ ചിത്രത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ടെന്നും ചിമ്പു പറയുന്നു. ‘പാട്ടുകളോ, ഇടവേളയോ ഇല്ല, കുടിക്കാനുളള പാനീയങ്ങളും പോപ്കോണും ഷോയ്ക്ക് മുൻപ് വാങ്ങിക്കുകയെന്നും’ ചിമ്പു ട്വീറ്റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബറിൽ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘അൻപാനവൻ അസറാതവൻ അടങ്കാതവൻ’ എന്ന ചിത്രമാണ് ചിമ്പുവിന്റെ ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇതിനുശേഷമായിരിക്കും ‘കെട്ടവൻ കെട്ടിടിൽ കിട്ടിടും രാജയോഗം’ പുറത്തിറങ്ങുക. ഈ വർഷം മറ്റൊരു ചിത്രം എസ്ടിആർ ആരാധകർ പ്രതീക്ഷിക്കേണ്ടെന്നും ചിമ്പുവിന്റെ ട്വീറ്റിൽനിന്നും വ്യക്തം.

‘എഎഎ’ ആയിരുന്നു ചിമ്പുവിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. എന്നാൽ ചിത്രത്തിന് ബോക്സ്ഓഫിസിൽ വിജയം നേടാനായില്ല. രണ്ടു ഭാഗങ്ങളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. രണ്ടാം ഭാഗത്തിന്റെ റിലീസ് സംബന്ധിച്ച വിവരം അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. തമന്ന, ശ്രേയ ശരൺ, സന ഖാൻ എന്നിവരാണ് ‘എഎഎ’യിലെ നായികമാർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ