ബാലതാരമായി എത്തി പിന്നീട് തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം തിളങ്ങിയ നടിയാണ് ശരണ്യ മോഹൻ. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത് കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക് ചേക്കേറിയെങ്കിലും സമൂഹമാധ്യമങ്ങളിലുടെ തന്റെ വിശേഷങ്ങളും ടിക്‌ടോക് വീഡിയോകളുമെല്ലാം ആരാധകരുമായി ശരണ്യ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, നടൻ ചിമ്പുവിനെ ഭരതനാട്യം പഠിപ്പിക്കുന്ന ശരണ്യയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ‘ഈശ്വരൻ’ എന്ന ചിത്രത്തിനുവേണ്ടിയാണ് ചിമ്പു നൃത്തം പഠിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ അണിയറപ്രവർത്തകരൊന്നും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
#STR @SilambarasanTR_ #SilambarasanTR #Simbu Latest Photo from his Bharathanatiyam training pic.twitter.com/mMTN7N5Vzu
— தமிழ் (@Tamizh5665) November 2, 2020
2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍. അഭിനയ ജീവിതത്തോട് വിടപറഞ്ഞെങ്കിലും ശരണ്യ നൃത്തരംഗത്ത് സജീവമാണ്. വിവാഹശേഷം ശരണ്യ ഒരു നൃത്തവിദ്യാലയം തുടങ്ങുകയും അവിടെ പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു.
ഫാസിലിന്റെ ‘അനിയത്തിപ്രാവി’ലൂടെയായിരുന്നു ശരണ്യയുടെ സിനിമ അരങ്ങേറ്റം. നര്‍ത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളായ ശരണ്യ അച്ഛനമ്മമാരെ പോലെ പ്രാവിണ്യം നേടിയൊരു നർത്തകി കൂടിയാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ധനുഷിനൊപ്പമുള്ള ‘യാരെടീ നീ മോഹിനി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള വിജയ് ടിവി അവാര്‍ഡും ശരണ്യയ്ക്ക് ലഭിച്ചിരുന്നു.