തെന്നിന്ത്യന്‍ താരം ചിമ്പുവിനെ തമിഴ് സിനിമയില്‍ നിന്ന് വിലക്കിയതായി റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലാണ് ചിമ്പുവിന് ചുവപ്പ് കാര്‍ഡ് നല്‍കിയിരിക്കുന്നതെന്നാണ് സൂചന. സംഘടനയുടെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.

ലൊക്കേഷനില്‍ സമയത്തെത്തുന്നില്ലെന്നും അത് ചോദ്യം ചെയ്ത സിനിമാ പ്രവര്‍ത്തകരോട് ചിത്രീകരണം കഴിഞ്ഞ ഭാഗങ്ങള്‍ വച്ച് സിനിമ പുറത്തിറക്കിക്കോളാന്‍ പറഞ്ഞതായും പരാതികള്‍ ഉണ്ടായിരുന്നു.

ചിമ്പുവിനെ കൂടാതെ നടി തൃഷ, ഹാസ്യ താരം വടിവേലു എന്നിവര്‍ക്കെതിരെയും നേരത്തേ പരാതികള്‍ ഉയര്‍ന്നിന്നു. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പുതിയതായി തുടങ്ങാന്‍ പോകുന്ന മണിരത്‌നം ചിത്രമുള്‍പ്പെടെയുള്ള സിനിമകളില്‍ നിന്നും ചിമ്പു പുറത്തു പോയേക്കും. ജ്യോതിക, വിജയ് സേതുപതി അരവിന്ദ് സ്വാമി, ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പമുള്ള മണിരത്‌നം ചിത്രം സെപ്തംബറിലാണ് പ്രഖ്യാപിച്ചത്.

‘അന്‍പവന്‍ അസരതവന്‍ അടങ്കാത്തവന്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്റേയും നിര്‍മ്മാതാവിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് ചിമ്പുവിനെ വിലക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിമ്പുവിന്റെ ഉത്തരവാദിത്തമില്ലായ്മ നിര്‍മ്മതാവ് ജ്ഞാനവേല്‍ രാജയ്ക്ക് 18 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് പറയുന്നത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ചിമ്പുവിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ നിര്‍മാതാവ് ജ്ഞാനവേല്‍ രാജ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

‘അയാള്‍ ഒരു സിനിമയുടെ 30% മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളൂ. ആകെ 29 ദിവസം മാത്രമേ സെറ്റിലെത്തിയിട്ടുള്ളൂ. എന്നിട്ടിപ്പോള്‍ നിര്‍മാതാക്കളോട് എടുത്ത രംഗങ്ങള്‍ വച്ച് സിനിമ ഇറക്കാന്‍ ആവശ്യപ്പെടുകയാണ്. അതെങ്ങനെ സാധിക്കും. അയാള്‍ക്കെതിരെ നടപടി എടുത്തേ മതിയാകൂ.’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ