മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് പാ രഞ്ജിത്തിന്റെ ‘സർപ്പട്ട പരമ്പരൈ’ എന്ന തമിഴ് ചിത്രം. ആര്യ നായകനായി എത്തിയ ചിത്രം ജൂലൈ 22നാണ് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ചു രംഗത്തു വരുന്നത്. അതിനിടയിൽ സിജു വിൽസന്റെ ഇൻസ്റ്റാ പോസ്റ്റും ശ്രദ്ധ നേടുകയാണ്.
ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ജിമ്മിൽ നിന്നുള്ള വീഡിയോ പങ്കുവച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനമറിയിക്കുകയാണ് സിജു വിൽസൺ. സര്പ്പട്ട പരമ്പരൈയിൽ നിന്നും നൽകിയ പ്രചോദനത്തിനും ഇന്ത്യൻ സിനിമയ്ക്ക് ഒരു ബെഞ്ച്മാർക്ക് ഒരുക്കിയതിനും നന്ദിയെന്നാണ് സിജു വീഡിയോക്ക് താഴെ കുറിച്ചിരിക്കുന്നത്.
സിജുവിന്റെ വീഡിയോക്ക് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ വില്ലനായി എത്തിയ ജോൺ കൊക്കേനും കമന്റ് ചെയ്തിട്ടുണ്ട്. “സൂപ്പർബ് ബ്രദർ” എന്നാണ് ജോണിന്റെ കമന്റ്. ജോണിന്റെ കമന്റിന് സിജു മറുപടിയും നൽകിയിട്ടുണ്ട്.
Also read: അമ്മയും ഞാനും; കുട്ടിക്കാല ചിത്രവുമായി പ്രിയ ഗായിക
വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചരിത്രസിനിമയിലെ നായകകഥാപാത്രത്തെ അവതരിപ്പിക്കുകയാണ് സിജു ഇപ്പോൾ. പുതുമുഖം കയാദു ലോഹർ ആണ് നായിക. ആറാട്ടുപ്പുഴ വേലായുധ പണിക്കർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സിജു അവതരിപ്പിക്കുന്നത്.
നടൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിയാണ് സിജു. നേരം, പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ അഭിനയമാണ് സിജു കാഴ്ച വച്ചത്,
മികച്ച ചിത്രത്തിനുള്ള സംസ്ഥാനപുരസ്കാരം ലഭിച്ച വാസന്തിയുടെ നിർമ്മാതാവും സിജു വിത്സൺ ആണ്. ചിത്രത്തിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയും സിജു അവതരിപ്പിച്ചു.