നടൻ, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ യുവതാരമാണ് സിജു വിൽസൺ. സിജുവിന്റെ 38-ാം ജന്മദിനമായിരുന്നു ഇന്നലെ. സിജുവിനായി ഭാര്യ ശ്രുതി വിജയൻ ഒരുക്കിയ പിറന്നാൾ കേക്കാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സിനിമ തീമിലാണ് കേക്ക് ഒരുക്കിയിരിക്കുന്നത്. സിജു അവതരിപ്പിച്ച വിവിധ കഥാപാത്രങ്ങളെയും കേക്കിൽ കാണാം.
നേരം, പ്രേമം , ഹാപ്പി വെഡ്ഡിംഗ് കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, നീയും ഞാനും , മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് എന്നിവയാണ് സിജു അഭിനയിച്ച പ്രധാന ചിത്രങ്ങൾ.
കഴിഞ്ഞ ഓണത്തിന് തിയേറ്ററുകളിലെത്തിയ വിനയൻ സംവിധാനം ചെയ്ത ചരിത്ര സിനിമയായ ‘പത്തൊമ്പതാം നൂറ്റാണ്ട്’ സിജുവിന്റെ അഭിനയജീവിതത്തിലെ ഒരു നാഴികക്കല്ലാണ്. തിയേറ്ററിൽ മികച്ച വിജയം നേടാൻ ചിത്രത്തിനു സാധിച്ചിരുന്നു.
കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആറാട്ടുപ്പുഴ വേലായുധ പണിക്കർ എന്ന കഥാപാത്രത്തെയാണ് സിജു അവതരിപ്പിച്ചിരിക്കുന്നത്. സിനിമക്കായി തടി കുറക്കുകയും, ആയോധനമുറകൾ പരിശീലിക്കുകയും ചെയ്തിരുന്നു.
സിജു നിർമിച്ച വാസന്തി എന്ന സിനിമ കഴിഞ്ഞ വർഷം മികച്ച സിനിമക്കുള്ള സംസ്ഥാന പുരസ്ക്കാരം നേടിയിരുന്നു. ഡിസംബറിൽ ‘വാസന്തി’ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുകയാണ്.