മഴക്കെടുതിയിലും പ്രകൃതിക്ഷോഭത്തിലും പെട്ട് ദുരിതമനുഭവിക്കുന്ന കേരളത്തെ കൈപ്പിടിച്ചുയർത്താനും പഴയ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനും ജാതിമത ഭേദമില്ലാതെ സാധാരണ ജനങ്ങളും രാഷ്ട്രീയക്കാരും സർക്കാരും ബിസിനസ്സുകാരും സിനിമാക്കാരുമൊക്കെ ഒന്നിച്ചു പ്രവർത്തിക്കുന്ന കാഴ്ചയാണ് ഇപ്പോൾ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. പ്രളയമുഖത്ത് സജീവമായി മലയാളസിനിമയിലെ താരങ്ങളും രംഗത്തുണ്ട്. ഇപ്പോഴിതാ, തെന്നിന്ത്യൻ സിനിമാലോകത്തെ പ്രശസ്തരായവരെല്ലാം പങ്കെടുത്ത സൈമ അവാർഡ് വേദിയിൽ വെച്ച് കേരളത്തിനായി പരസ്യമായി സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജും.

മികച്ച നടനുള്ള ക്രിട്ടിക് അവാർഡ് വാങ്ങാൻ വെള്ളിയാഴ്ച രാത്രി ഖത്തറിൽ നടന്ന പുരസ്കാരചടങ്ങിനെത്തിയപ്പോഴായിരുന്നു പൃഥ്വിരാജിന്റെ സഹായ അഭ്യർത്ഥന. ‘കൂടെ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പൃഥ്വിയ്ക്ക് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്. പുരസ്കാരം കൈപ്പറ്റിയതിനുള്ള നന്ദിപ്രകടനത്തിനിടെയായിരുന്നു പൃഥ്വി കേരളത്തിനു വേണ്ടി സംസാരിച്ചത്.

“മലയാള സിനിമയെ പ്രതിനിധീകരിച്ചു വന്നിരിക്കുന്നതുകൊണ്ട് കേരളത്തെക്കുറിച്ചാണ് എനിക്ക് പറയുവാനുള്ളത്. രണ്ടു ലക്ഷത്തിലേറെ പേരെ ഈ ദുരന്തം ബാധിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നു. നാളെ എന്നൊരു സങ്കൽപം പോലുമില്ലാതെ സമയം ചിലവഴിക്കുന്നവരാണ് അവരില്‍ കൂടതൽ പേരും. അതിനാൽ നിങ്ങളാൽ കഴിയുന്ന സഹായം കേരളത്തിന് വേണ്ടി ഞാൻ അഭ്യർത്ഥിക്കുകയാണ്. മലയാള സിനിമ കൈകോർത്ത് ഞങ്ങളാൽ ആവുന്നതൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ അത് കൊണ്ടുമാവില്ല. എങ്ങനെ സഹായിക്കണം എന്ന് സംശയിക്കുന്നവർക്കുള്ള മാർഗ നിർദേശങ്ങൾ ലാലേട്ടന്റെയോ, ടൊവിനോയുടെയോ, അമ്മ അസോസിയേഷന്റെയോ, എന്റെയോ സാമൂഹ്യമാധ്യമങ്ങളില്‍ നോക്കിയാൽ മനസിലാകും. എല്ലാവരും സഹായിക്കണം. ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്,” പൃഥ്വിരാജ് പറഞ്ഞു.

കഴിഞ്ഞ ദിവസം താന്‍ പുതുതായി സ്വന്തമാക്കിയ റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ വേണ്ട, ആ തുക കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി നല്‍കാനും പൃഥ്വിരാജ് തീരുമാനിച്ചിരുന്നു. കൊച്ചിയിലെ ഡീലര്‍ഷിപ്പില്‍ നിന്നും മൂന്ന് കോടിയോളം തുക ചെലവഴിച്ചാണ് പൃഥ്വിരാജ് റേഞ്ച് റോവര്‍ വാങ്ങിയത്. റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനായുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ പൃഥ്വിരാജ് പേര് നല്‍കുകയും ചെയ്തിരുന്നു. ‘KL 07 CS 7777’ എന്ന ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനുള്ള ലേലത്തിലേക്കാണ് പൃഥ്വിരാജ് പേര് നല്‍കിയത്. എറണാകുളം ആര്‍ടിഒ ഓഫീസിലാണ് ലേലത്തില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നെങ്കിലും ലേലത്തിൽ നിന്നും ഒടുവിൽ പൃഥ്വി പിന്മാറുകയായിരുന്നു. നമ്പര്‍ റിസര്‍വേഷന്‍ റദ്ദാക്കുകയാണെന്ന് പൃഥ്വിരാജ് ആര്‍ടിഒ അധികൃതരെ അറിയിച്ചു. ഈ തുക പ്രളയദുരിതാശ്വാസത്തിനായി നല്‍കാനാണ് പൃഥ്വിരാജിന്റെ തീരുമാനം.

Read more: റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ വേണ്ട; പൃഥ്വിരാജ് ലേലത്തില്‍ നിന്ന് പിന്മാറി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook