ജെയിംസ് കാമറൂൺ ചിത്രം അവതാറിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിൽ കാണികളെ എത്തിക്കുകയാണ്. ദൃശ്യാവിഷ്കാരം കൊണ്ട് വേറിട്ട് നിൽക്കുന്ന അവതാർ സീരീസ് ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തെ പോലെ തന്നെ കഥാപാത്രങ്ങളെയും പ്രേക്ഷകർ നെഞ്ചോട് ചേർക്കുന്നുണ്ട്. ജേയ്ക്കും നേയ്തിരിയുമാണ് ആദ്യ ഭാഗത്തിൽ പ്രിയപ്പട്ടവരായതെങ്കിൽ ഇത്തവണ അവരുടെ കുട്ടികളാണ് സ്കോർ ചെയ്തത്. നെതെയാം, ലോക്, കിരി,തുക്ക് എന്നിവരാണ് അവതാറിന്റെ രണ്ടാം ഭാഗത്തിൽ ശ്രദ്ധ നേടിയത്. ഇതിൽ കിരിയുടെ കഥാപാത്രത്തെ ഗംഭീരമാക്കിയത് ഒരു 73 വയസുകാരിയാണെന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ടീനേജുകാരിയായ കിരിയായി എത്തിയത് സിഗോർണി വീവർ എന്ന നടിയാണ്.
2009 ൽ പുറത്തിറങ്ങിയ അവതാറിന്റെ ആദ്യ ഭാഗത്തിൽ ഗ്രേസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വീവറായിരുന്നു. അഭിനയം മാത്രമല്ല നിർമാണത്തിലും തിളങ്ങി നിൽക്കുന്ന വീവർ 1971 ലാണ് സിനിമാലോകത്തെത്തുന്നത്. ഡത്ത് ആൻഡ് ദി മെയ്ഡൻ, ഹോള്സ്, ദി വില്ലേജ്, ഇൻഫേമസ് എന്നിവയാണ് ശ്രദ്ധേമായ ചിത്രങ്ങൾ.
ആദ്യ ചിത്രമിറങ്ങി പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ‘അവതാർ’ ഫ്രാഞ്ചൈസിയിലെ രണ്ടാം ചിത്രമായ ‘ദി വേ ഓഫ് വാട്ടർ’ ഡിസംബറിൽ 16 നു തിയേറ്ററുകളിലെത്തി. 1832 കോടി രൂപയാണ് നിർമാണ ചെലവ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ജേക്കിന്റെയും നെയ്തിരിയുടെയും ജീവിതമാണ് അവതാർ 2 ന്റെ പ്രമേയം. കുടുംബത്തെ രക്ഷിക്കാനായി ജെയ്ക്ക് സള്ളി എന്ന പിതാവ് നടത്തുന്ന ശ്രമങ്ങളാണ് അവതാർ 2.