സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൻ സിദ്ധാർത്ഥ് വിവാഹിതനായി. വീട്ടിൽ വച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ തീർത്തും സ്വകാര്യമായിട്ടായിരുന്നു വിവാഹചടങ്ങുകൾ നടന്നത് എന്നാണു അറിയാൻ കഴിഞ്ഞത്. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറുമായ മെലനി ആണ് വധു.



ലിസി- പ്രിയദര്‍ശൻ ദമ്പതികളുടെ മകൾ കല്യാണി അഭിനയത്തിൽ തിളങ്ങുമ്പോൾ സിനിമയുടെ ടെക്നിക്കൽ വശങ്ങളിലാണ് സിദ്ധാർത്ഥിന് താൽപ്പര്യം. അമേരിക്കയിൽ നിന്ന് ഗ്രാഫിക്സ് കോഴ്സിൽ ബിരുദം നേടിയിട്ടുണ്ട് സിദ്ദാർത്ഥ്. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലാണ് സിദ്ധാർത്ഥ് ആദ്യമായി വിഎഫ്എക്സ് സൂപ്പർ വൈസറായി പ്രവർത്തിച്ചത്. ഈ ചിത്രത്തിലെ വിഷ്വൽ എഫക്ട്‌സിന് 2019-ലെ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ പ്രത്യേക ജൂറി പുരസ്കാരം നേടി. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലൂടെ മികച്ച സ്പെഷൽ ഇഫക്ട്സിനുള്ള ദേശീയ പുരസ്കാരവും സിദ്ധാർത്ഥ് സ്വന്തമാക്കിയിരുന്നു.