scorecardresearch

ആ കൂട്ടുകാർ 20 വർഷങ്ങൾക്കു ശേഷം ഒത്തുകൂടിയപ്പോൾ; ജിഷ്ണുവിനെ ഒരുപാട് മിസ്സ് ചെയ്യുന്നുവെന്ന് സിദ്ധാർത്ഥ്

‘നമ്മളി’ലെ സഹതാരങ്ങൾക്കൊപ്പം ഒത്തുകൂടി സിദ്ധാർത്ഥ് ഭരതൻ

jishnu, Nammal, Sidharth Bharathan

മലയാളികളുടെ ഉള്ളിലെ തീരാനോവാണ് നടൻ ജിഷ്ണു രാഘവൻ.‘നമ്മൾ’ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ ജിഷ്ണു 2016 മാർച്ച് 25നാണ് കാൻസറിനോട് പൊരുതി മരണത്തിന് കീഴടങ്ങിയത്. അകാലത്തിൽ വിട പറഞ്ഞ പ്രിയ കൂട്ടുകാരനെ ഓർക്കുകയാണ് നടനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ.

‘നമ്മൾ’ എന്ന ചിത്രത്തിലെ സഹതാരങ്ങൾക്കൊപ്പം ഒത്തുകൂടിയതിന്റെ ഒരു ചിത്രം പങ്കിട്ടിരിക്കുകയാണ് സിദ്ധാർത്ഥ്. “20 വർഷങ്ങൾക്ക് ശേഷമുള്ള കോളേജ് സുഹൃത്തുക്കളുടെ വിസ്മയകരമായ ഒത്തുചേരലായിരുന്നു അത്..ജിഷ്ണുവിനെ ഒരുപാട് മിസ്സ് ചെയ്തു,” എന്നാണ് സിദ്ധാർത്ഥ് കുറിച്ചത്. ദിനേഷ് പ്രഭാകർ, അലക്സാണ്ടർ പ്രശാന്ത്, ജമേഷ് കോട്ടയ്ക്കൽ, വിജീഷ്, ശ്രീകുമാർ എന്നിവരെയും ചിത്രത്തിൽ കാണാം.

സിദ്ധാർത്ഥ്, രേണുക, ഭാവന എന്നിവരുടെയെല്ലാം അരങ്ങേറ്റചിത്രമായിരുന്നു ‘നമ്മൾ’. അടുത്തിടെ നമ്മളിലൂടെ സിനിമയിലെത്തിയ ഓർമകൾ ഭാവനയും സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിരുന്നു.

“ഇരുപത് വർഷങ്ങൾക്കു മുമ്പ് ഇതേ ദിവസമാണ് ഞാൻ ‘നമ്മൾ’എന്ന മലയാള സിനിമയുടെ സെറ്റിലേക്കു നടന്നു കയറിയത്. കമൽ സാർ സംവിധാനം ചെയ്ത ‘നമ്മൾ’ എന്റെ അരങ്ങേറ്റ ചിത്രമായിരുന്നു. ഞാൻ ‘പരിമളം’ (എന്റെ കഥാപാത്രത്തിന്റെ പേര്) ആയിത്തീർന്നു, തൃശൂർ ഭാഷ സംസാരിക്കുന്ന ചേരിയിൽ താമസിക്കുന്ന പെൺകുട്ടി! എന്റെ മേക്കപ്പ് പൂർത്തിയാക്കിയപ്പോൾ അവർ പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു. എന്നെ ആരും തിരിച്ചറിയുന്നുണ്ടായിരുന്നില്ല. ഞാൻ അന്നൊരു കുട്ടിയായിരുന്നു, എന്തായാലും ഞാനാ ചിത്രം ചെയ്തു. പക്ഷേ, ഇന്ന് എനിക്കറിയാം, അന്ന് എനിക്കു കിട്ടിയത് ഏറ്റവും മികച്ച ഒരു അരങ്ങേറ്റമായിരുന്നു. അത്തരത്തിലുള്ള നിരവധി വിജയങ്ങൾ, നിരവധി പരാജയങ്ങൾ, സന്തോഷം, സ്നേഹം, സൗഹൃദങ്ങൾ ഇവയെല്ലാമാണ് ഇന്നത്തെ ഈ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്. ഞാൻ ഇപ്പോഴും പഠിക്കുകയും എന്നെത്തന്നെ തിരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. തിരിഞ്ഞു നോക്കുമ്പോൾ എന്നെ ഞാനാക്കിയ എല്ലാവരോടും നന്ദിയുണ്ട്. ഒരു പുതുമുഖമെന്ന നിലയിൽ അന്ന് ഉണ്ടായിരുന്ന അതേ ആകാംക്ഷയോടെയും പേടിയോടെയുമാണ് ഞാനിന്നും യാത്ര തുടരുന്നത്. മുന്നോട്ടുള്ള യാത്രയിൽ ഞാൻ വളരെ ആവേശത്തിലാണ്. ജിഷ്ണു ചേട്ടാ, നിങ്ങളെ ഞങ്ങൾ മിസ് ചെയ്യുന്നു,” എന്നാണ് ഭാവന കുറിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sidharth bharathan shares nammal reunion photo

Best of Express