ഹൈദരാബാദ്: ആന്ധ്ര സർക്കാരിന്‍റെ സിനിമാ അവാർഡിൽ മികച്ച അഭിനയത്തിനുള്ള പ്രത്യേക പരാമർശം നടൻ സിദ്ദിഖിന്. 2013ലെ സിനിമാ അവർഡുകളാണ് പ്രഖ്യാപിച്ചത്. മലയാളിയായ രാജേഷ് ടച്ച് റിവർ സംവിധാനം ചെയ്ത “ന ബംഗാരു തല്ലി’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പരാമർശം. തെലുഗ് ഫിലിം ഇന്‍ഡസ്ട്രിയിലെ ഏറ്റവും പരമോന്നതമായ പുരസ്കാരമാണ് നാന്ദി അവാര്‍ഡ്.

ഇതോടെ ആന്ധ്ര സര്‍ക്കാര്‍ നല്‍കുന്ന ഈ അവാര്‍ഡിന് അര്‍ഹനാകുന്ന ഏക മലയാളി നടനായി മാറി സിദ്ധിഖ്.
നാ ബംഗാരു തല്ലി എന്ന ചിത്രത്തില്‍ മികച്ച പ്രകടനമാണ് സിദ്ധിഖ് കാഴ്ച്ചവെച്ചത്. യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രം രാജേഷ് തന്നെയാണ് രചന നിര്‍വഹിച്ചത്. സിദ്ധിഖ്, അഞ്ജലി പാട്ടീല്‍, രത്ന ശേഖര്‍ റെഢി, ലക്ഷ്മി മേനോന്‍, നീന കുറുപ്പ് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം എന്റേ എന്ന പേരില്‍ മലയാളത്തിലേക്കും ഡബ്ബ് ചെയ്തിട്ടുണ്ട്.

ചിത്രത്തിന്റെ സംവിധായകനായ രാജേഷ് ഇടുക്കി സ്വദേശിയാണ്. പ്രമുഖ കഥകളി കലാകാരനായ ശിവശങ്കരന്‍ നായരുടെ മകനായ രാജേഷ് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലാണ് പഠിച്ചത്. സിനിമ, ഡോക്യുമെന്ററി, ഹൃസ്വചിത്രം എന്നിവയ്ക്ക് ദേശീയ-അന്താരാഷ്ട്ര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. 2002ല്‍ അദ്ദേഹം സംവിധാനം ചെയ്ത ‘ഇന്‍ ദ നൈം ഓഫ് ബുദ്ധ” കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഡെട്രോയിറ്റില്‍ നടന്ന ട്രിനിറ്റി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അടക്കം പുരസ്കാരങ്ങള്‍ നേടിയ ചിത്രമാണ് ന ബംഗാരു തല്ലി. തെലുഗിലെ മികച്ച ഫീച്ചര്‍ ഫിലിം അടക്കം മൂന്ന് ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ആന്ധ്ര- തെലുങ്കാന വിഭജനത്തെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പത്തെ തുടര്‍ന്ന് 2012 തൊട്ടുള്ള പുരസ്കാരങ്ങള്‍ കൊടുത്തിരുന്നില്ല. ഇതാണ് ഇപ്പോള്‍ ഫ്രഖ്യാപിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ