‘ഭാസ്കര്‍ ദി റാസ്കല്‍’ എന്ന ചിത്രത്തിന്‍റെ തമിഴ് പതിപ്പിന് ശേഷം സംവിധായകന്‍ സിദ്ദിഖ് ഒരുക്കുന്ന അടുത്ത ചിത്രം മോഹന്‍ലാലിനൊപ്പം. ഒരു ബിഗ്‌ ബജറ്റ് ആക്ഷന്‍ കോമഡി ചിത്രമായിരിക്കും ഇത് എന്ന് സംവിധായകന്‍ ടൈംസ്‌ ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

സിദ്ദിഖ്-മോഹന്‍ലാല്‍ ചിത്രത്തിലെ നായിക നയന്‍താരയാണ് എന്നും ഇന്നസെന്റ്‌ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നും നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവയിലൊന്നും കഴമ്പില്ല എന്നും ചിത്രത്തിന്‍റെ അടിസ്ഥാന ആശയം മാത്രമേ ഇപ്പോള്‍ തന്‍റെ മനസ്സില്‍ ഉള്ളൂ എന്നും തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയതിന് ശേഷമേ (മോഹന്‍ലാല്‍ ഒഴികയുള്ള) മറ്റു അഭിനേതാക്കളെ തിരഞ്ഞെടുക്കുകയുള്ളൂ എന്നും സിദ്ദിഖ് ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവേ വ്യക്തമാക്കി.  ചിത്രത്തിന്‍റെ ഷൂട്ടിങ് നവംബറില്‍ തുടങ്ങാനാണ് പദ്ധതി എന്നും സംവിധായകന്‍ പറഞ്ഞു.

 

മോഹന്‍ലാലും സിദ്ദിഖും ഇതിന് മുന്‍പ് ഒന്നിച്ചത് ‘ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മെന്‍’ എന്ന സിനിമയ്ക്കായാണ്. അതിന് മുന്പ് 1992 ഇറങ്ങിയ വിയറ്റ്നാം കോളനി എന്ന ചിത്രത്തിന് വേണ്ടിയും. സിദ്ദിഖ്-ലാല്‍ എന്നിവര്‍ ഒരിമിച്ച് സംവിധാനം ചെയ്ത ചിത്രമാണ് സൂപ്പര്‍ ഹിറ്റായിരുന്ന വിയറ്റ്നാം കോളനി.

ഇരുവരും പിരിഞ്ഞതിനു ശേഷം സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രങ്ങളില്‍ കൂടുതലും വിജയം കണ്ടത് മമ്മൂട്ടി, ദിലീപ് എന്നിവരെ നായകരാക്കി ചെയ്ത ചിത്രങ്ങളാണ്. ‘ബോഡിഗാര്‍ഡ്’, ‘ഭാസ്കര്‍ ദി റാസ്കല്‍’ എന്നിങ്ങനെ. ഇവയുടെ തന്നെ തമിഴ്, ഹിന്ദി പതിപ്പുകളും സംവിധാനം ചെയ്ത സിദ്ദിഖ് അന്യഭാഷകളിലും തിരക്കുള്ള സംവിധായകനായി.

തമിഴിലെ തിരക്കുള്ള മലയാളി താരം നയന്‍താര സിദ്ദിഖിന്‍റെ ഒന്നിലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 2004ലെ നാട്ടുരാജാവ് എന്ന ഷാജി കൈലാസ് ചിത്രമാണ് മോഹന്‍ലാലിനൊപ്പം നയന്‍താര ചെയ്ത അവസാന മലയാള ചിത്രം. അതിന് ശേഷം അവര്‍ മലയാളത്തില്‍ അഭിനയിച്ച ചിത്രങ്ങളായ ‘ബോഡിഗാര്‍ഡ്’, ‘ഭാസ്കര്‍ ദി റാസ്കല്‍’, ‘പുതിയ നിയമം’, ‘ലൈഫ് ഓഫ് ജോസൂട്ടി’, ‘ഇലക്ട്ര’, ‘തസ്കര വീരന്‍’, ‘രാപ്പകല്‍’ എന്നിവയെല്ലാം മറ്റു നായകന്‍മാര്‍ക്കൊപ്പമായിരുന്നു. മോഹന്‍ലാല്‍-നയന്‍സ് കൂട്ടുകെട്ടിന് വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ്‌ ഇനിയും തുടരും എന്നാണ് കരുതേണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ