കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിനെ പിന്തുണച്ച് എഎംഎംഎ സെക്രട്ടറി ദിലീപ്. കുറ്റാരോപിതനാണ് ദിലീപ്. കുറ്റം തെളിയിക്കട്ടെ. ആരോപണങ്ങൾ കേട്ടിട്ട് നടപടി എടുക്കാനുളളതല്ല സംഘടന. സംഘടന എന്നത് അവരുടെ അംഗങ്ങളെ സംരക്ഷിക്കാനുളളതാണ്. ഒരാളെ പുറത്തക്കാൻ അതിനു തക്കതായ കാരണം ഉണ്ടാവണം. ദീലീപ് കുറ്റവാളിയാണെന്ന് കോടതി ശിക്ഷിക്കട്ടെ. പുറത്താക്കുന്ന കാര്യം അപ്പോൾ ആലോചിക്കാമെന്ന് സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു..

നടൻ തിലകനെ സംഘടനയിൽനിന്നും പുറത്താക്കിയതിനെ ദിലീപ് വിഷയവുമായി ഡബ്ല്യുസിസി അംഗങ്ങൾ താരതമ്യം ചെയ്യേണ്ടതില്ലെന്നും സിദ്ദിഖ് പറഞ്ഞു. തിലകൻ സംഘടനയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രസ്താവനകൾ ഇറക്കുകയും എഎംഎംഎ എനിക്ക് നൽകുന്ന പെൻഷൻ നായ്ക്കൾക്ക് ഇട്ടുകൊടുക്കുന്ന എല്ലിൻ കഷ്ണത്തെപ്പോലെയാണ് ഞാനത് സ്വീകരിച്ചിട്ടില്ല എന്ന വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറയുകയും ചെയ്തു. സംഘടനയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പത്രപ്രസ്താവനകൾ ഇറക്കുകയും മാധ്യമങ്ങളിൽ സംസാരിക്കുകയും ചെയ്തു. അതിന്റെ കാരണം കാണിക്കൽ നോട്ടീസ് അദ്ദേഹത്തിന് അയച്ചു. അതിന് അദ്ദേഹം മറുപടി നൽകിയില്ല. അദ്ദേഹത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ വിളിച്ചു വരുത്തി. സംഘടനയ്ക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്താൻ പാടില്ലെന്നും അങ്ങനെയെങ്കിൽ സംഘടനയിൽ തുടർന്നു കൊണ്ടുപോകാൻ സാധ്യമല്ലെന്ന് പറഞ്ഞു. സംഘടനയാണ് എന്നോട് മാപ്പു പറയേണ്ടത്, സംഘടനയോട് ഞാൻ മാപ്പു പറയില്ല, അങ്ങനെയൊരു സംഘടനയിൽ തുടരാൻ ആഗ്രഹമില്ലെന്ന് പറഞ്ഞിട്ടാണ് തിലകൻ പുറത്തുപോയത്.

Read: ആരോപണത്തിന്റെ പേരിൽ ദിലീപിന്റെ തൊഴിൽ നഷ്ടപ്പെടുത്താനാവില്ല; സിദ്ദിഖ്

ദിലീപ് സംഘടനയെ അപകീർത്തിപ്പെടുത്തി ഒരിടത്തും സംസാരിച്ചിട്ടില്ല. ദിലീപിനെതിര കുറ്റം ആരോപിക്കപ്പെടുകയാണുണ്ടായത്. ജഗതി ശ്രീകുമാറിനെതിരെയും കുറ്റം ആരോപിക്കപ്പെട്ടിട്ടുണ്ട്. വിതുര കേസിൽ കുറ്റാരോപിതനായിരുന്നു ജഗതി ശ്രീകുമാർ. അദ്ദേഹത്തെ സംഘടനയിൽനിന്നും പുറത്താക്കിയിട്ടില്ല. അദ്ദേഹത്തിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല.

Read: രാജിവച്ച നടിമാർ ചെയ്ത തെറ്റുകൾക്ക് ആദ്യം ക്ഷമ പറയട്ടെ: കെപിഎസി ലളിത

സരിത നായർ എത്ര പേരുടെ പേരുകളാണ് തുറന്നു പറഞ്ഞത്. അവരെയെല്ലാം സംഘടനയിൽനിന്നും പുറത്താക്കിയോ? അവരെല്ലാം ജോലി ചെയ്യാതെ വീട്ടിൽ പോയിരിക്കുന്നുണ്ടോ? കുറ്റം ആർക്കെതിരെ ആർക്കു വേണമെങ്കിലും ആരോപിക്കാം. എത്ര രാഷ്ട്രീയ നേതാക്കൾക്കെതിരെ സരിത ആരോപണം ഉന്നയിച്ചു. ആർക്കെതിരെ നടപടിയുണ്ടായി.

ദിലീപ് കുറ്റാരോപിതൻ മാത്രമാണ്. പൾസർ സുനിൽ കുമാറാണ് പ്രതി. അയാൾ പറഞ്ഞൊരു പേര് മാത്രമാണ് ദിലീപ്. നാളെ എന്റെ പേര് പറഞ്ഞാൽ ഞാൻ കുറ്റക്കാരനാണോയെന്നും സിദ്ദിഖ് ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook