മോഹൻലാലിനെക്കുറിച്ചുളള ഓർമകൾ ഫെയ്സ്ബുക്കിലൂടെ നടൻ സിദ്ദിഖ് ഇടയ്ക്കിടെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. താൻ വീണ്ടും വിവാഹിതനാകാൻ മോഹൻലാൽ ആണ് കാരണമെന്നാണ് സിദ്ദിഖ് തന്റെ പുതിയ പോസ്റ്റിൽ പറയുന്നത്. ലാൽ ഒരിക്കൽ പറഞ്ഞ വാക്കുകളാണ് താൻ തലയിൽ തിരുകിവച്ച ബാലിശമായ ചിന്തകളെ തച്ചുടച്ചതെന്ന് സിദ്ദിഖ് പറയുന്നു. എനിക്കൊരു പ്രശ്നമുണ്ടായപ്പോൾ പലരും എന്നെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. അതുകൊണ്ട് ആരോടെങ്കിലും സംസാരിക്കാൻ പോലും ഞാൻ ഭയന്നു. പക്ഷേ മോഹൻലാൽ എന്റെ മനസ്സ് തന്നെ മാറ്റിയിരിക്കുന്നു. പിന്നീടുള്ള എന്റെ ജീവിതത്തിലെ എല്ലാ മാറ്റങ്ങൾക്കും വിത്ത് പാകിയത് അന്ന് ലാലായിരുന്നുവെന്നും സിദ്ദിഖ് പറയുന്നു.

സിദ്ദിഖിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഭാര്യയുടെ മരണത്തോടുകൂടി ഞാൻ സിനിമയിൽ നിന്ന് ഏതാണ്ട് വിട്ടുനിൽക്കുന്ന സമയം. അപ്പോഴാണ് ലോഹിതദാസിൻറെ വിളി. ‘കന്മദത്തിൽ ഒരു വേഷമുണ്ട്. ഒറ്റസീനിലേയുള്ളൂ. അത് സിദ്ധിക്ക് വന്ന് ചെയ്തുതരണം.’ അതിൻറെ ആവശ്യമുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. ‘നിങ്ങൾ ഉൾവലിഞ്ഞ് നിൽക്കേണ്ട ആളെല്ലെന്നും സജീവമായി സിനിമയിലേക്ക് തിരിച്ചുവരണമെന്നും’ ലോഹി ഉപദേശിച്ചു. അങ്ങനെ ഞാൻ മുംബയ്യിലെത്തി. അവിടെയാണ് ലൊക്കേഷൻ. ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ നിന്ന് രണ്ട് മണിക്കൂറോളം യാത്ര ചെയ്തുവേണം ലൊക്കേഷനിലെത്താൻ. ലാലിനോടൊപ്പം അദ്ദേഹത്തിൻറെ വണ്ടിയിലാണ് ഞാൻ ലൊക്കേഷനിലേക്ക് വന്നത്. ഞങ്ങൾ വിശേഷങ്ങളും തമാശകളും പറഞ്ഞിരുന്നു. അപ്പോഴായിരുന്നു ലാലിൻറെ ആ ചോദ്യം. ‘ഒരു വിവാഹമൊക്കെ കഴിക്കണ്ടേ?’ ‘ഇനിയോ?’ ‘ഇനി എന്താ കുഴപ്പം.’ ‘ഇനിയും പ്രശ്നങ്ങളുണ്ടായാൽ അത് താങ്ങാനാവില്ല.’ ‘ഒരാളുടെ ജീവിതത്തിൽ എന്നും പ്രശ്നങ്ങളുണ്ടാകുമോ. അല്ലെങ്കിലും സിദ്ധിക്കിന് മാത്രമേയുള്ളോ പ്രശ്നങ്ങൾ. ഇതിനെക്കാളും പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ ഇവിടെ ജീവിക്കുന്നില്ലേ.’ ലാൽ തുടർന്നു. ‘ഇതൊന്നും നിങ്ങളായിട്ട് ചെയ്തതല്ലല്ലോ. എല്ലാം വിധിയാണ്. നമ്മൾ ജനിക്കുമ്പോൾ തന്നെ അത് എഴുതിവച്ചിട്ടുണ്ട്. അത് ആർക്കും മാറ്റിമറിക്കാനുമാകില്ല.’ ലാലിൻറെ വാക്കുകൾ എൻറെ കഠിനമായ വേദനകളെ ലഘൂകരിക്കുന്നതായിരുന്നു. അതുവരെ ഞാൻ തലയിൽ തിരുകിവച്ച ബാലിശമായ ചിന്തകളെ തച്ചുടയ്ക്കുന്നതായിരുന്നു. എനിക്കൊരു പ്രശ്നമുണ്ടായപ്പോൾ പലരും എന്നെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. അതുകൊണ്ട് ആരോടെങ്കിലും സംസാരിക്കാൻ പോലും ഞാൻ ഭയന്നു. പക്ഷേ ഈ മനുഷ്യൻ എൻറെ മനസ്സ് തന്നെ മാറ്റിയിരിക്കുന്നു. നിസ്സംശയം പറയട്ടെ, പിന്നീടുള്ള എൻറെ ജീവിതത്തിലെ എല്ലാ മാറ്റങ്ങൾക്കും വിത്ത് പാകിയത് അന്ന് ലാലായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook