/indian-express-malayalam/media/media_files/uploads/2023/08/Director-Siddique-Funeral.jpg)
സിദ്ദിഖിന്റെ മൃതദേഹത്തിന് അരികിൽ ലാൽ
സിദ്ദിഖ് ലാൽ എന്നത് ഒറ്റപ്പേരാണെന്ന് വിശ്വസിച്ച എത്രയോപേർ ഒരുകാലത്ത് ഉണ്ടായിരുന്നു. അതൊരൊറ്റയാളല്ലെന്നും ഒരേ മനസ്സും രണ്ടുശരീരവുമായി 16-ാം വയസ്സുമുതൽ സിനിമയെന്ന സ്വപ്നത്തിനു പിന്നാലെ ഒന്നിച്ചുസഞ്ചരിച്ച രണ്ടു കൂട്ടുകാരാണെന്നു പിന്നീട് അറിഞ്ഞപ്പോൾ അവരിൽ പലരും അത്ഭുതം കൂറി. നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയതിനു ശേഷം, ഒരു സുപ്രഭാതത്തിൽ സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തുന്നതുപോലെ, ഇരുവരും പിരിയാൻ തീരുമാനിച്ചു. ആ വേർപിരിയലിനെ വേദനയോടെയാണ് സിനിമാപ്രേക്ഷകർ നോക്കി കണ്ടത്.
എന്നാൽ, വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ ഒരു കണിക പോലും മനസ്സിലില്ലാതെ ഏറ്റവും സൗഹൃദത്തോടെയാണ് ഇരുവരും പിരിഞ്ഞത്. ഒന്നിച്ചു പിന്നെ സിനിമകൾ സംവിധാനം ചെയ്തില്ലെങ്കിലും ആ സൗഹൃദം അവരതുപോലെ തന്നെ നിലനിർത്തി.
അപ്രതീക്ഷിതമായി, പ്രിയപ്പെട്ടവരെയെല്ലാം വേദനയിലാഴ്ത്തി സിദ്ദിഖ് യാത്ര പറയുമ്പോൾ, അന്ത്യോപചാരം അർപ്പിക്കാൻ എത്തികൊണ്ടിരിക്കുന്ന നൂറുകണക്കിന് മനുഷ്യർക്കിടയിൽ മലയാളികളെ ഏറെ വേദനിപ്പിക്കുന്നൊരു മുഖം ലാലിന്റേതാണ്. ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയ്ക്ക് അരികിൽ ഒരു കടലിരമ്പൽ ഒളിപ്പിച്ച മുഖവുമായി എത്രയോ മണിക്കൂറുകളായി ഇരിക്കുകയാണ് ലാൽ. നിറഞ്ഞുവരുന്ന കണ്ണുകൾ തുടച്ച്, കനം വച്ച മനസ്സുമായുള്ള ആ ഇരിപ്പ് ആരെയും നൊമ്പരപ്പെടുത്തും.
സിദ്ദിഖ്-ലാൽമാരുടെ മെന്ററായ ഫാസിലിനെയും മകൻ ഫഹദിനെയും കെട്ടിപ്പിടിച്ച് പൊട്ടികരയുന്ന ലാൽ കാഴ്ചക്കാരുടെ കണ്ണുകളെയും ഈറനണിയിക്കും.
കലാഭവനിൽ നിന്നും സിനിമാസ്വപ്നങ്ങളുമായി മലയാളസിനിമയിലേക്ക് എത്തിച്ചേർന്നവരാണ് സിദ്ദിഖും ലാലും. ഫാസിലിന്റെ അസിസ്റ്റന്റുമാരായിട്ടായിരുന്നു സിദ്ദിഖിന്റെയും ലാലിന്റെയും തുടക്കം. പപ്പൻ പ്രിയപ്പെട്ട പപ്പൻ (1986) എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കികൊണ്ട് ഇരുവരും സിനിമാജീവിതം ആരംഭിച്ചു. 1989ൽ റാംജി റാവു സ്പീക്കിംഗ് സംവിധാനം ചെയ്തുകൊണ്ട് സംവിധായകരായും അരങ്ങേറ്റം കുറിച്ചു. പിന്നീട് ഇൻ ഹരിഹർ നഗർ, ഗോഡ്‌ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ സിദ്ദിഖ്-ലാൽ കൂട്ടുക്കെട്ട് ശ്രദ്ധ നേടി.ഏഴ് വര്‍ഷത്തിനിടെ ഈ കൂട്ടുക്കെട്ടിൽ നിന്നും പിറന്നത് വെറും അഞ്ചു സിനിമകൾ മാത്രം. അതാവട്ടെ മലയാളികൾ എന്നുമെന്നും ഓർക്കുന്നതും. മലയാള സിനിമാചരിത്രത്തിലെ എല്ലാ റെക്കോർഡുകളും തകർത്തൊരു ചിത്രമായിരുന്നു ഗോഡ് ഫാദർ. 404 ദിവസമാണ് ഈ ചിത്രം തിയേറ്ററിൽ ഓടിയത്. 32 വർഷമായിട്ടും ഒരു മലയാളസിനിമയ്ക്കും ആ റെക്കോർഡ് തകർക്കാൻ കഴിഞ്ഞിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.