/indian-express-malayalam/media/media_files/uploads/2022/01/Untitled-design-23.jpg)
ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിനെതിരെ നടത്തിയ ലൈംഗിക ചുവയുള്ള പരാമർശത്തിന് താരത്തോട് മാപ്പ് പറഞ്ഞ് നടൻ സിദ്ധാർഥ്. തമാശ ആയിട്ടാണ് അങ്ങനെ ഒരു കമന്റ് ചെയ്തതെന്നും എന്നാൽ അത് അത്തരത്തിലല്ല വ്യാഖ്യാനിക്കപ്പെട്ടതെന്നും മാപ്പ് പറയുന്നതായും സൈനയെ ചാമ്പ്യൻ എന്ന് വിളിച്ചു കൊണ്ട് സിദ്ധാർഥ് കുറിച്ചു.
“പ്രിയപ്പെട്ട സൈന, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിങ്ങളുടെ ഒരു ട്വീറ്റിന് മറുപടിയായി ഞാൻ എഴുതിയ എന്റെ ക്രൂരമായ തമാശയ്ക്ക് നിങ്ങളോട് ക്ഷമ ചോദിക്കുകയാണ്. പല കാര്യങ്ങളിലും എനിക്ക് നിങ്ങളോട് വിയോജിപ്പുണ്ടാകാമെങ്കിലും, അതൊന്നും നിങ്ങളുടെ ട്വീറ്റ് വായിക്കുമ്പോൾ എനിക്കുണ്ടായ നിരാശയും ദേഷ്യവും കാരണമുണ്ടായ എന്റെ വാക്കുകൾക്കുള്ള ന്യായീകരണമല്ല. ഒരു തമാശ വിശദീകരിക്കേണ്ടതുണ്ടെങ്കിൽ, അത് അത്ര നല്ല തമാശയായിരുന്നിരിക്കില്ല. ഞാൻ വിചാരിച്ചത് പോലെയല്ല അത് വ്യാഖ്യാനിക്കപ്പെട്ടത്, ക്ഷമിക്കണം"
"എന്നാൽ, ആളുകൾ ആരോപിക്കുന്ന പോലെ എന്റെ വാക്കിൽ ദുരുദ്ദേശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞാൻ ഫെമിനിസ്റ്റ് ആശയങ്ങൾക്കൊപ്പം നിൽക്കുന്നയാളാണ്, ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങളെ ആക്രമിക്കാനുള്ള ഒരു ഉദ്ദേശ്യവും എന്റെ ട്വീറ്റിൽ ഉണ്ടായിരുന്നില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. നിങ്ങൾ എന്റെ കത്ത് സ്വീകരിക്കുമെന്നും നമുക്ക് ഇത് മറന്ന് മുന്നോട്ട് പോകാമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. സത്യത്തിൽ നിങ്ങൾ എന്നുമെന്റെ ചാമ്പ്യനാണ്" സിദ്ധാർഥ് ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ചയെകുറിച്ച് സൈന പങ്കുവച്ച ട്വീറ്റിലായിരുന്നു സിദ്ധാർത്ഥിന്റെ ലൈംഗിക ചുവയുള്ള പരാമർശം. 'സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്താൽ, രാജ്യത്തിന് സ്വയം സുരക്ഷിതമാണെന്ന് പറയാനാകില്ല. ഇക്കാര്യത്തിൽ ഏറ്റവും ശക്തമായ വാക്കുപയോഗിച്ച് അപലപിക്കുന്നു. പ്രധാനമന്ത്രിക്കെതിരെ അരാജകവാദികൾ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണം' എന്നായിരുന്നു സൈനയുടെ ട്വീറ്റ്.
സിദ്ധാർത്ഥിന്റെ മറുപടിക്കെതിരെ ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) ചെയർപേഴ്‌സൺ രേഖ ശർമ്മ രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും വിഷയത്തിൽ പൊലീസിനെ സമീപിക്കുമെന്നും അവർ പറഞ്ഞു.
സൈനയും വിഷയത്തിൽ പ്രതികരണവുമായി എത്തിയിരുന്നു. "അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് ഉറപ്പില്ല. ഒരു നടനെന്ന നിലയിൽ എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു, പക്ഷേ കമന്റ് നല്ലതായിരുന്നില്ല. അദ്ദേഹത്തിന് നല്ല വാക്കുകൾ ഉപയോഗിച്ച് പ്രതികരിക്കാമായിരുന്നു, പക്ഷേ ട്വിറ്ററിൽ ഇത്തരം വാക്കുകളിലൂടെയും അഭിപ്രായങ്ങളിലൂടെയുമായിരിക്കും നിങ്ങൾ ശ്രദ്ധിക്കപ്പെടുന്നത്!" സൈന പറഞ്ഞു. പിടിഐയോട് ആയിരുന്നു പ്രതികരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.