/indian-express-malayalam/media/media_files/uploads/2017/04/2-2.jpg)
Sid Sriram
തെന്നിന്ത്യന്‍ ഗാനങ്ങളുടെ ഹിറ്റ് പട്ടികയില്‍ കഴിഞ്ഞ മൂന്ന് മാസമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഒരു ഗാനമുണ്ട് - ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ' എന്നെ നോക്കി പായും തോട്ട' എന്ന ചിത്രത്തിലെ 'മറു വാര്‍ത്തൈ പേസാതെ' എന്ന ഗാനം.
ഗൗതം മേനോന്‍ ചിത്രങ്ങളിലെ ഗാനങ്ങള്‍ എല്ലാ കാലത്തും 'ചാര്‍ട്ട് ബസ്റ്റെര്‍സ്' ആയിട്ടുണ്ട്. കര്‍ണാടക സംഗീത ശൈലിയില്‍ വാര്‍ത്തെടുത്ത പ്രണയ ഗാനങ്ങള്‍ ഗൗതം മേനോന്‍ ചിത്രങ്ങളുടെ മുഖമുദ്രയാണെന്ന് വേണമെങ്കില്‍ പറയാം. വസീഗര, ഒന്ട്രാ രണ്ടാ ആസൈഗള്‍, പാര്‍ത്ത മുതല്‍ നാള്‍, ഉനക്കുള്‍ നാനെ, അനല്‍ മേലെ പനിതുളി, മന്നിപ്പായാ എന്നിവ ഉദാഹരണങ്ങള്‍.
എന്നാല്‍ അവയുടെയെല്ലാം റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് 'മറു വാര്‍ത്തൈ'. ഗാനത്തിന്‍റെ സംഗീത സംവിധാകനാര് എന്നത് ഇപ്പോഴും ഒരു രഹസ്യമായി തുടരുന്നു. Mr. X എന്ന് ക്രെഡിറ്റ് ചെയ്യപ്പെട്ട ഇദ്ദേഹത്തെക്കുറിച്ച് തമിഴ് മാധ്യമങ്ങള്‍ നടത്തിയ അന്വേഷണങ്ങള്‍ ദര്‍ബുക ശിവ എന്ന ഡി ജെയിലേക്ക് എത്തിയെങ്കിലും ഇതിനെക്കുറിച്ച് ഔദ്യോഗികമായ ഒരു അറിയിപ്പുണ്ടായിട്ടില്ല.
താമരൈ എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് സിദ് ശ്രീരാം എന്ന കര്‍ണാടക സംഗീതജ്ഞനാണ്. തമിഴിയിലും തെലുങ്കിലുമായി ഇരുപതോളം സിനിമാ ഗാനങ്ങള്‍ ആലപിച്ച ഈ 26 കാരന്‍ ഇപ്പോള്‍ തെന്നിന്ത്യയിലെ ശബ്ദതരംഗമാണ്.
കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ സംഗീത കുടുംബത്തിലെ ഏറ്റവും ഇളയ അംഗമാണ് സിദ്. സഹോദരി പല്ലവി അറിയപ്പെടുന്ന ഭരതനാട്യം നര്‍ത്തകിയാണ്. അമ്മ ലത കര്‍ണാടക സംഗീതജ്ഞയും.
സിനിമയ്ക്കകത്തും പുറത്തുമുള്ള തന്‍റെ സംഗീത ജീവിതത്തെക്കുറിച്ച് ഐ ഇ മലയാളത്തിനോട് സംസാരിക്കുകയാണ് സിദ് ശ്രീരാം.
https://www.facebook.com/sid.sriram.music/videos/1411315408927534/
ഇന്ത്യ മുഴുവന്‍ ഇപ്പോള്‍ മൂളുന്നത് 'മറു വാര്‍ത്തൈ'യാണ്. എന്നാല്‍ സിദ് ശ്രീരാം എന്ന ഗായകന്‍ അത് മാത്രമല്ലല്ലോ. അതിനപ്പുറത്തുള്ള ഒരു സിദ്ദിനെ എങ്ങനെ പരിചയപ്പെടുത്തും?
സംഗീതത്തില്‍ വ്യാപരിക്കുന്ന ഒരാളായി. എന്‍റെ അടിസ്ഥാനം, പ്രവര്‍ത്തിയുടെ ശ്രോതസ്സ്, എല്ലാം കര്‍ണാടക സംഗീതമാണ്. സിനിമയിലെ ആദ്യാവസരം നല്‍കുന്നത് എ ആര്‍ റഹ്മാനാണ് - കടല്‍ എന്ന ചിത്രത്തിലെ 'അടിയേ' എന്ന ഗാനം. I've been humbled by his belief in me since then; it's a blessing to be singing for films.
ഞാന്‍ സ്വതന്ത്രമായി കമ്പോസ് ചെയ്യുന്ന എന്‍റെ ആല്‍ബങ്ങളുണ്ട്. ഇംഗ്ലീഷിലാണ് കൂടുതലും. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ചെയ്യുന്നുണ്ട്. R & B (റിഥം ആന്‍ഡ് ബ്ലൂസ്) എന്ന സംഗീത ശാഖയില്‍പ്പെട്ടവയാണ് ആ ഗാനങ്ങള്‍.
Read More:കെ എസ് ചിത്ര, എ ആര്‍ റഹ്മാന്‍, കാംബോജി രാഗം... ഇഷ്ടങ്ങള്‍ തുറന്നു പറഞ്ഞ് സിദ് ശ്രീരാം
ഒരു holistic musician എന്ന് അറിയപ്പെടാനാണ് ആഗ്രഹം. സംഗീതത്തില്‍ പുതിയ ഇടങ്ങള്‍ കണ്ടെത്താനായി പ്രയത്നിക്കുന്ന കലാകാരന്‍ എന്നായിരിക്കും എന്നെ ഞാന്‍ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നത്.
അടിസ്ഥാനം കര്‍ണാടക സംഗീതമാണെന്ന് പറഞ്ഞു. പിന്നീട് R & Bയിലെത്തി. ഇപ്പോള്‍ രണ്ടും ചെയ്യുന്നു.
മൂന്ന് വയസ്സിലാണ് കര്‍ണാടക സംഗീതം പഠിച്ചു തുടങ്ങുന്നത്. അമ്മ ലതാ ശ്രീരാം തന്നെയാണ് ഗുരു. ആ പഠനമാണ് എന്‍റെ സംഗീതത്തിന്‍റെ അടിത്തറ. ശബ്ദ നിയന്ത്രണം, ഈണങ്ങളും സ്വരങ്ങളും ഗ്രഹിക്കാനും ഇംപ്രോവൈസ് ചെയ്യാനുമുള്ള കഴിവ്, ഇതിനെല്ലാം ഞാന്‍ കര്‍ണാടക സംഗീതത്തോട് കടപ്പെട്ടിരിക്കുന്നു. 10 - 11 വയസ്സായപ്പോഴാണ് ഞാന്‍ R & B, സോള്‍, തുടങ്ങിയ സംഗീതധാരകള്‍ കേള്‍ക്കാനും സ്വയം പഠിക്കാനും തുടങ്ങിയത്.
ഒരു കലാകാരന്‍ എന്ന നിലയില്‍ ഞാന്‍ പഠിച്ചവയുടെ സമന്വയമാണ് ഞാന്‍. സംഗീതത്തിലുള്ള എന്‍റെ വളര്‍ച്ചയുടെയും പാകപ്പെടലിന്‍റെയും അടിസ്ഥാനം ഈ സമന്വയമാണ്, അത് നല്‍കിയിട്ടുള്ള വിശിഷ്‌ടമായൊരു കാഴ്ചപ്പാടാണ്.
ബേര്‍ക്ക്ലീ കോളേജ് ഓഫ് മ്യൂസിക്കിലാണ് പഠിച്ചത്, അവിടുത്തെ അനുഭവങ്ങള്‍ എന്തായിരുന്നു?
2008 - 2012 കാലഘട്ടത്തിലാണ് ഞാന്‍ അവിടെ പഠിച്ചത്. മ്യൂസിക് പ്രൊഡക്ഷന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് എന്ന കോഴ്സ് ആണ് ചെയ്തത്. ഒരു കലാകാരന്‍ ആവണം എന്ന നിശ്ചയം ഉണ്ടായത് അവിടെ വച്ചാണെന്ന് പറയാം. പാടാന്‍ കഴിവുണ്ടെന്നും, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാം എന്നും നേരത്തെ ഒരുറപ്പുണ്ടായിരുന്നു. എന്നാല്‍ എങ്ങോട്ട് പോകണം എന്ത് ചെയ്യണം എന്ന ദിശാബോധമുണ്ടായത് ബേര്‍ക്ക്ലീയില്‍ പഠിക്കുമ്പോഴാണ്.
പ്രതിഭയും ജ്ഞാനവുമുള്ള അധ്യാപകര്‍, ലോകോത്തരമായ ടെക്നിക്കല്‍ സൗകര്യങ്ങള്‍, ഇവയെല്ലാം ചേര്‍ന്നുള്ള ഒരു പരിശീലനമാണ് എന്നെ ഇന്നിവിടെ എത്തിച്ചത്.
എന്ത് തരം ഗാനങ്ങളോടാണ് ഇഷ്ടം?
പല ഗണത്തിൽപ്പെട്ട (genre) ഗാനങ്ങള്‍ ആലപിക്കാന്‍ ഭാഗ്യം സിദ്ധിച്ചയാളാണ് ഞാന്‍. എല്ലാം ഒരു പോലെ ഇഷ്ടപ്പെടുന്നുമുണ്ട്.
'മറു വാര്‍ത്തൈ' കര്‍ണാടക സംഗീതം അടിസ്ഥാനപ്പെടുത്തിയ ഒരു പാട്ടാണ്. കടല്‍ എന്ന ചിത്രത്തിലെ 'അടിയേ' എന്നത് ബ്ലൂസ് എന്ന ശാഖയില്‍പ്പെടുന്നതാണ്. 'എന്നോട് നീ ഇരുന്താല്‍' എന്നത് ഒരു പോപ് ആന്‍ഥം പോലെയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. 'തള്ളി പോകാതെ' ഒരു ശ്രേണിയിലും പെടുത്താനാവില്ലെങ്കിലും ഒരു ഉജ്ജ്വലമായ കലാസൃഷ്ടിയാണ്.
ആഗായം തായാഗ (സംഗീതം. അശ്വിന്‍ വിനായകമൂര്‍ത്തി), വെരട്ടാമ വെരട്ടരയേ (സംഗീതം. ലിയോണ്‍ ജെയിംസ്) എന്നീ ഗാനങ്ങള്‍ മെലഡികളാണ്.
പല സംഗീതശാഖകളില്‍ പെട്ടവയാണെങ്കിലും ഇവയ്ക്കെല്ലാം ഒരു വൈകാരികവും ആത്മീയവുമായ ഒരു തലമുണ്ട്. അതാണ് എന്നെ അതിലേക്ക് ആകര്‍ഷിക്കുന്നത്.
ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന പാട്ടേതാണ് ?
Insomniac Season എന്നാണ് പേര്. മൂന്ന് വര്‍ഷം മുന്‍പ് ലോസ് ഏഞ്ചല്‍സില്‍ വച്ച് ഞാനും ഗ്രാമി അവാര്‍ഡ് ജേതാവായ ഡി ജെ ഖലീലും ചേര്‍ന്നാണ് ഈ ആല്‍ബം ചെയ്യാന്‍ തുടങ്ങിയത്. എന്റെ ആദ്യത്തെ ഫുള്‍ ലെങ്ത് ആല്‍ബമാണിത്. എന്നിലെ സംഗീതജ്ഞനെയും ഗാനരചയിതാവിനെയും കൃത്യമായി പ്രതിനിധീകരിക്കുന്ന ഒന്നായിരിക്കും ഇതിലെ ഗാനങ്ങള്‍. അടുത്ത ഒരു മാസത്തിനുള്ളില്‍ പുറത്തിറക്കാനാണ് പദ്ധതി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.