scorecardresearch
Latest News

പൃഥ്വിരാജും നയൻതാരയും ആദ്യം അഭിനയിക്കേണ്ടിയിരുന്ന സിനിമ മറ്റൊന്നായിരുന്നു!

ചിത്രത്തിന്റെ പൂജയ്ക്ക് വരെ പങ്കെടുത്തതിനു ശേഷം നയൻതാര ആ ചിത്രം വേണ്ടെന്നു വച്ചു

പൃഥ്വിരാജും നയൻതാരയും ആദ്യം അഭിനയിക്കേണ്ടിയിരുന്ന സിനിമ മറ്റൊന്നായിരുന്നു!

പൃഥ്വിരാജും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അൽഫോൺസ് പുത്രന്റെ ഗോൾഡ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഉടനെ തന്നെ ഗോൾഡ് തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

ഗോൾഡിനും വർഷങ്ങൾക്കു മുൻപ് പൃഥ്വിയും നയൻതാരയും നായികാനായകന്മാരായി അഭിനയിക്കുന്ന ഒരു ചിത്രത്തിന്റെ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ചില പ്രശ്നങ്ങളാൽ പൃഥ്വിയും നയൻതാരയും ആ ചിത്രത്തിൽ നിന്നും ഒഴിയുകയായിരുന്നു. സിബി മലയിൽ സംവിധാനം ചെയ്ത അമൃതം എന്ന ചിത്രത്തിലേക്കാണ് പൃഥ്വിയേയും നയൻതാരയേയും കാസ്റ്റ് ചെയ്തത്. അമൃതത്തിൽ നയൻതാര ചെയ്യേണ്ട വേഷം ഭാവനയിലേക്ക് എത്തി. അതുപോലെ പൃഥ്വിയുടെ വേഷം നടൻ അരുണിലേക്കും.

“നയന്‍താരയെ അമൃതത്തിലേക്ക് കാസ്റ്റ് ചെയ്തത് ഭാവന ചെയ്ത റോളിലേക്കായിരുന്നു. ജയറാമിന്റെ പെയറായിട്ട് പത്മപ്രിയയേയും രണ്ടാമത്തെ ക്യാരക്ടറിന്റെ പെയറായിട്ട് നയന്‍താരയുമായിരുന്നു. ജയറാമിന്റെ അനിയനായിട്ട് പൃഥ്വിയെ ആണ് ആദ്യം പ്ലാൻ ചെയ്തത്. പൃഥ്വിയുടെ പെയര്‍ ആയിട്ടായിരുന്നു നയൻതാര അഭിനയിക്കേണ്ടിയിരുന്നത്. നയന്‍താര ചിത്രത്തിന്റെ പൂജയ്ക്കൊക്കെ വന്ന് പോയതാണ്,” സിബി മലയില്‍ പറയുന്നു. എന്നാല്‍ മറ്റൊരു ചിത്രത്തിൽ അവസരം ലഭിച്ചതോടെ നയൻതാര ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു.

പൃഥ്വിരാജ് ചിത്രത്തിൽ നിന്നും ഒഴിയാനിടയായ കാരണവും സിബി മലയിൽ പറയുന്നു. “അമൃതം എന്ന ചിത്രത്തിലേക്ക് ജയറാമിന്റെ അനിയനായി പൃഥ്വിരാജിനെ കാസ്റ്റ് ചെയ്തു. എഴുത്തുകാരനും നിർമാതാവുമൊക്കെ പോയി പൃഥ്വിയോട് കഥ പറഞ്ഞു. പിന്നീട് നിർമാതാക്കൾ എന്നോട് പറഞ്ഞു, അദ്ദേഹം ചോദിക്കുന്ന പ്രതിഫലം കൂടുതലാണ് എന്ന്. അതിൽ എനിക്ക് ഇടപെടാൻ പറ്റില്ല, അതു നിങ്ങൾ തീരുമാനിക്കുക, നിങ്ങൾക്കെന്താണോ ആ കഥാപാത്രത്തിന് ബഡ്ജറ്റ് ഉള്ളത്, അതു പറയുക. അത് അദ്ദേഹത്തിനു പറ്റുമെങ്കിൽ അദ്ദേഹം ചെയ്യട്ടെ, അല്ലെങ്കിൽ വേറെ ഓപ്ഷൻ നോക്കാം എന്നു പറഞ്ഞു. അവർ തമ്മിൽ സംസാരിച്ചിട്ട് പ്രതിഫലത്തിന്റെ കാര്യത്തിൽ ധാരണയിലെത്തിയില്ല. അങ്ങനെയാണ് ആ വേഷത്തിലേക്ക് അരുൺ എത്തിയത്. വർഷങ്ങൾക്കു ശേഷമാണ് ഞാൻ മനസ്സിലാക്കുന്നത്, പൃഥ്വി ധരിച്ചിരിക്കുന്നത് ഞാനാണ് ആ സിനിമയിൽ നിന്ന് മാറ്റിയതെന്ന്, അതിലെനിക്കിപ്പോഴും ക്ലാരിറ്റിയില്ല. അതൊരു അകൽച്ചയായി ഇപ്പോഴും പൃഥ്വിയുടെ മനസ്സിൽ കിടപ്പുണ്ട്. അത് മാറുമോ എന്നറിയില്ല, മാറേണ്ട ഘട്ടങ്ങൾ കഴിഞ്ഞു.”

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sibi malayil about amrutham movie backstory nayanthara prithviraj