Shylock Movie: വരിക്കാശേരി മന എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാള സിനിമാ പ്രേമികള്‍ക്ക് രോമാഞ്ചമാണ്. മലയാള സിനിമയിലെ എക്കാലത്തെയും മാസ് ചിത്രങ്ങളായ ദേവാസുരവും ആറാം തമ്പുരാനും നരസിംഹവുമൊക്കെ പലാവര്‍ത്തി കണ്ടവര്‍ക്ക് വരിക്കാശേരി മനയെ മറക്കാന്‍ സാധിക്കില്ല. ഈ സിനിമകളില്‍ മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍ മാസ് പരിവേഷം ആടിതിമിര്‍ത്തപ്പോള്‍ ആരാധകരുടെ നെഞ്ചില്‍ വരിക്കാശേരി മനയും പതിഞ്ഞു. രാപ്പകലിലും ദ്രോണയിലും മമ്മൂട്ടി ഇതേ വരിക്കാശേരി മനയില്‍ നിന്ന് അഭിനയിച്ചപ്പോള്‍ മലയാള സിനിമാ പ്രേമികള്‍ക്ക് വരിക്കാശേരി മന നൊസ്റ്റാള്‍ജിയയുടെ ഭാഗമായി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുകയാണ് അതേ വരിക്കാശേരി മന.
Read Also: Shylock movie: വില്ലനോ നായകനോ? ആരാണ് ഷൈലോക്ക്?
ഇത്തവണ മാസ് ലുക്കില്‍ എത്തിയിരിക്കുന്നത് മഹാനടന്‍ മമ്മൂട്ടിയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഷൈലോക്ക്’ എന്ന മമ്മൂട്ടി ചിത്രത്തിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അണിയറ പ്രവര്‍ത്തകര്‍ പോലും അറിയാതെയാണ് ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചിത്രം എങ്ങനെ പുറത്തായി എന്ന് അണിയറ പ്രവര്‍ത്തകര്‍ക്കും അറിയില്ല.
Read Also: മമ്മൂട്ടിയുടെ ‘ഷൈലോക്ക്’ ക്രിസ്‌മസിന്
എന്നാല്‍, വരിക്കാശേരി മനയുടെ പൂമുഖത്ത് കാലില്‍ കാലും കയറ്റിവച്ചിരിക്കുന്ന മമ്മുട്ടിയെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമായ മട്ടാണ്. കറുപ്പ് ഷര്‍ട്ടും കറുപ്പ് മുണ്ടും ധരിച്ചാണ് വരിക്കാശേരി മനയുടെ പൂമുഖത്തുള്ള ചാരുകസേരയില്‍ പ്രിയ താരം ഇരിക്കുന്നത്. ചിത്രത്തിന് ഇതിനോടകം മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പോലും ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതിനിടയിലാണ് ആരാധകരെ ആവേശത്തിലാഴ്ത്തി ഇങ്ങനെയൊരു ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവന്നിരിക്കുന്നത്.
ഗുഡ്‌വിൽ എന്റർടെയിൻമെന്റ്സാണ് ചിത്രം നിർമ്മിക്കുന്നത്. അബ്രഹാമിന്റെ സന്തതികള്‍, കസബ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മൂന്നാമതായാണ് ഈ ബാനര്‍ മമ്മൂട്ടിയുടെ സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ മീനയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. നടൻ രാജ് കിരൺ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്.
ഷൈലോക്ക് എന്ന പേരു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക ഷേക്സ്പിയറിന്റെ ‘മർച്ചന്റ് ഓഫ് വെനീസ്’ എന്ന നാടകത്തിലെ കഥാപാത്രമാവും. പതിനാറാം നൂറ്റാണ്ടിൽ വെനീസിൽ ജീവിച്ചിരുന്ന അന്റോണിയോ എന്ന വ്യാപാരിയുടെ കഥ പറയുന്ന ‘മർച്ചന്റ് ഓഫ് വെനീസി’ലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ് ഷൈലോക്ക്. വെനീഷ്യൻ ജൂത പണമിടപാടുകാരനായ ഷൈലോക്കിനെ പ്രധാന എതിരാളികളിൽ ഒരാളായാണ് നാടകത്തിൽ ചിത്രീകരിക്കപ്പെടുന്നത്