Mammootty Starer Shylock Malayalam Movie: ഷൈലോക്ക് എന്ന പേരു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക ഷേക്സ്പിയറിന്റെ ‘മർച്ചന്റ് ഓഫ് വെനീസ്’ എന്ന നാടകത്തിലെ കഥാപാത്രമാവും. പതിനാറാം നൂറ്റാണ്ടിൽ വെനീസിൽ ജീവിച്ചിരുന്ന അന്റോണിയോ എന്ന വ്യാപാരിയുടെ കഥ പറയുന്ന ‘മർച്ചന്റ് ഓഫ് വെനീസി’ലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ് ഷൈലോക്ക്. വെനീഷ്യൻ ജൂത പണമിടപാടുകാരനായ ഷൈലോക്കിനെ പ്രധാന എതിരാളികളിൽ ഒരാളായാണ് നാടകത്തിൽ ചിത്രീകരിക്കപ്പെടുന്നത്.
Who is Shylock? ആരാണ് ഷൈലോക്ക്?
ജൂതനായ ഷൈലോക്കിനെ ഇഷ്ടമായിരുന്നില്ലെങ്കിലും അയാളിൽ നിന്നും മറ്റു നിവൃത്തികളില്ലാതെ പണം കൈപ്പറ്റുകയാണ് ആന്റോണിയോ. പണം തിരിച്ചു നല്കാൻ സാധിച്ചില്ലെങ്കിൽ തന്റെ ശരീരത്തിൽ നിന്നും ഒരു തൂക്കം മാംസം നല്കാമെന്ന വ്യവസ്ഥയോടെയാണ് കടം വാങ്ങുന്നത്. തന്റെ എതിരാളിയായ ആന്റോണിയോയ്ക്ക് പണം കടം കൊടുക്കുന്ന ഷൈലോക്ക്, പണം തിരിച്ചടക്കാൻ ആന്റോണിയയ്ക്ക് കഴിയാതെ പോവുമ്പോൾ അയാളുടെ മാംസം ആവശ്യപ്പെടുകയാണ്. ഒറ്റ നോട്ടത്തിൽ പ്രതിനായകനാണെന്നു തോന്നുമെങ്കിലും ഏറെ ഷെയ്ഡുകളുള്ള ഒരു കഥാപാത്രമാണ് ഷേക്സ്‌പിയറുടെ ഷൈലോക്ക്.
ഓരോ മനുഷ്യന്റെയും സ്ഥാനത്ത് നിന്നാൽ മാത്രമേ അയാളുടെ പ്രശ്നങ്ങളുടെ ചൂടറിയൂ എന്നു പറയുന്നതു പോലെ, ഷൈലോക്കിനും നീതീകരിക്കാവുന്ന ഒരു കഥയുണ്ട്. പലപ്പോഴും തന്നെ അപമാനിച്ച ആന്റോണിയയോടുള്ള പ്രതികാരവാഞ്ചയാണ് ഷൈലോക്കിൽ നിഴലിക്കുന്നത്. ഒപ്പം തന്റെ മകൾ, ആന്റോണിയയുടെ സുഹൃത്തിനെ പ്രണയിക്കുന്നതും ക്രിസ്തുമതത്തിലേക്ക് പരിവർത്തനപ്പെടുന്നതും തന്റെ സ്വത്തുവകകൾ മോഷ്ടിച്ച് വീടു വിട്ടുപോവുന്നതുമെല്ലാം ഷൈലോക്കിന്റെ പ്രതികാരത്തിന് ആക്കം കൂട്ടുന്ന കാര്യങ്ങളാണ്. എന്നാൽ, വാങ്ങിയ പണത്തിന് പകരം മാംസം ആവശ്യപ്പെട്ട പലിശക്കാരനായി മാത്രം അയാൾ ഓർമ്മിക്കപ്പെടുകയും ഒടുവിൽ പരാജിതനായി മടങ്ങുകയും ചെയ്യുന്നിടത്താണ് നാടകം പര്യവസാനിക്കുന്നത്.
ആന്റോണിയയോളം തന്നെ പ്രേക്ഷകമനസ്സുകളിൽ രേഖപ്പെടുത്തപ്പെട്ട ഒരാളാണ് ഷൈലോക്കും. പണമിടപാടുകാരെ വിശേഷിപ്പിക്കാൻ ഷൈലോക്ക് എന്ന പ്രയോഗം വന്നതുപോലും ആ കഥാപാത്രത്തിന്റെ സ്വാധീനം കൊണ്ടാവാം. മമ്മൂട്ടി നായകനായ ‘ഷൈലോക്ക്’ ഇന്ന് തിയേറ്ററുകളില്‍ എത്തുമ്പോള്‍ പ്രേക്ഷകമനസ്സില്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യം, ചിത്രത്തിലെ ഷൈലോക്ക് നായകനോ പ്രതിനായകനോ എന്നതാണ്.
‘രാജാധിരാജ’, ‘മാസ്റ്റര്‍പീസ്’ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണ് ‘ഷൈലോക്ക്’. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഗുഡ്‌വിൽ എന്റര്‍ടെയ്ന്‍മെന്‍സാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ മീനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടൻ രാജ് കിരൺ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ‘ഷൈലോക്കി’നുണ്ട്. ‘ഷൈലോക്ക്’ ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമായിരിക്കുമെന്നാണ് ചിത്രത്തെ കുറിച്ച് അജയ് വാസുദേവ് പ്രതികരിച്ചത്.
Read more: Shylock Movie Release Live Updates: ആടിത്തിമിര്‍ക്കാന്‍ ബോസ് ഇന്നെത്തുന്നു