മൂന്നു സഹോദരിമാര്‍-ഹൃദയകുമാരി, സുഗത കുമാരി, സുജാതാ ദേവി. മൂത്തവര്‍ രണ്ടു പേരും പ്രശസ്തര്‍. സഹോദരിമാരുടെ വിജയത്തിളക്കത്തിനു പുറകില്‍ മാറി നില്‍ക്കാനായിരുന്നു എന്നും സുജാത ടീച്ചര്‍ ആഗ്രഹിച്ചത്. എന്നാല്‍ ഒരിക്കല്‍ മാത്രം വെളിച്ചത്തേക്കു വന്നു. സംവിധായകന് ശ്യാമപ്രസാദ് ഒരുക്കിയ ‘ശമനതാളം’ എന്ന സീരിയലിനു വേണ്ടിയായിരുന്നു അത്. ആ ദിവസങ്ങളെ ശ്യാമപ്രസാദ് അനുസ്മരിക്കുന്നു.
”സുജാത ടീച്ചറുടെ സഹോദരിയും എഴുത്തുകാരിയുമായിരുന്ന സുഗതകുമാരി ടീച്ചറുമായിട്ടായിരുന്നു എനിക്ക് പരിചയവും അടുപ്പവുമെല്ലാം. സുജാത ടീച്ചറെ അത്ര അറിയില്ലായിരുന്നു. ‘ശമനതാളം’ എന്ന സീരിയലില്‍ മാനസികമായി വൈഷമ്യങ്ങള്‍ നേരിടുന്ന കുട്ടികള്‍ താമസിക്കുന്ന ഒരിടം നടത്തുന്ന ആളായിട്ടുള്ള കഥാപാത്രമായിരുന്നു.
അതിനൊരു പ്രത്യേക അപ്യറന്‍സ് ഉള്ള ആളെയായിരുന്നു ആവശ്യം. ടീച്ചറെ കണ്ടപ്പോള്‍ അഭിനയിക്കാന്‍ പറ്റുമോ എന്ന് ഞാന്‍ ചോദിച്ചു. പറഞ്ഞപ്പോള്‍ തന്നെ ടീച്ചര്‍ സമ്മതിച്ചു.”
നേരത്തേ അഭിനയിച്ചു പരിചയമൊന്നുമില്ല. ശ്യാമിന്റെ കൂടെയല്ലേ, അഭിനയിക്കാം എന്നു ടീച്ചര്‍ പറഞ്ഞു. വല്ലാത്ത പ്രത്യേകതയുള്ളൊരു രൂപവും ഭാവവുമായിരുന്നു, മുടിയും കണ്ണുകളുമൊക്കെ. എന്തു കൊണ്ട് ടീച്ചര്‍ ദൃശ്യമേഖലയിലേക്ക് വന്നില്ല എന്നു ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പിന്നീട് ടീച്ചറെ കാണാനോ ആ ബന്ധം തുടരാനോ ഉള്ള അവസരം ലഭിച്ചിട്ടില്ല എങ്കിലും ആ ഓര്‍മ്മകള്‍ക്ക് മുന്പില് പ്രണാമം അര്‍പ്പിക്കുന്നു,” ഇന്ന് രാവിലെ അന്തരിച്ച ബി.സുജാതാ ദേവിയെ ക്യാമറയ്ക്ക് മുന്പില് എത്തിച്ചതിന്റെ ഓര്‍മ്മകള്‍ സംവിധായകന് ശ്യാമപ്രസാദ് പങ്കുവച്ചു.
മാതൃഭൂമി ടെലിവിഷന്‍ വേണ്ടി ശ്യാമപ്രസാദ് സംവിധാനം ചെയ്ത സീരിയലാണ് ‘ശമനതാളം’. കെ.രാധാകൃഷ്ണന്റെ ‘ശമനതാളം’ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ ഈ സീരിയല്‍, സമൂഹത്തെ ആതുര ശുശ്രൂഷാരംഗത്തിന്റെ അടിസ്ഥാനത്തില്‍ അപഗ്രഥിക്കുകയും, രോഗത്തെ ചികിത്സിക്കുന്നത് സമൂഹത്തിന്റെ സമീപനമാണെന്നുമുള്ള സന്ദേശമാണ് നല്‍കിയത്.
‘ശമനതാള’ത്തിലെ കേന്ദ്രകഥാപാത്രമായ ഡോ.ബാലകൃഷ്ണനെ അവതരിപ്പിച്ചത് ബാലചന്ദ്ര മേനോനായിരുന്നു. മിനി നായര്‍, ശ്രീജയ, രാഘവന്, രവി വള്ളത്തോള്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയ സീരിയല്‍ ഏഷ്യാനെറ്റിലായിരുന്നു സംപ്രേഷണം ചെയ്തിരുന്നത്.
‘ശമനതാളത്തി’ന്റെ ടൈറ്റില്‍ സോങ്ങായിരുന്ന ‘മണ്‍വീണയില്‍ മഴ ശ്രുതിയുണര്‍ത്തി’ എന്ന ഗാനം ഇപ്പോഴും മലയാളികളുടെ ഹൃദയത്തില്‍ ഒരു നീറ്റലായി തുടരുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന് സംഗീതം നല്കി കെ.എസ്.ചിത്രയാണ് ഈ ഗാനം ആലപിച്ചത്. രോഗഗ്രസ്ഥമായ ഒരു സമൂഹത്തെക്കുറിച്ച് സംസാരിച്ച ഈ സീരിയലിന് വേണ്ടി മാത്രമാണ് സുജാത ടീച്ചര്‍ ആദ്യമായും അവസാനമായും ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്.
എഴുത്തും അധ്യാപനവുമായിരുന്നു ടീച്ചറുടെ മേഖല. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച സുജാത ടീച്ചര്‍, പട്ടാമ്പി ഗവണ്മെന്റ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, ചാലക്കുടി കോളേജ് തുടങ്ങി കേരളത്തിലെ വിവിധ കലാലയങ്ങളില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നുമാണ് വിരമിച്ചത്.
ദേവി എന്ന പേരില്‍ കവിതകള്‍ എഴുതിയിട്ടുണ്ട്. ‘കാടുകളുടെ താളം തേടി’ എന്ന സഞ്ചാര സാഹിത്യ കൃതിക്ക് യാത്രാവിവരണത്തിനുളള കേരള സാഹിത്യ അക്കാദമിയുടെ 1999ലെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഹിമാലയന്‍ യാത്രയുടെ പശ്ചാത്തലത്തിലാണ് ഈ പുസ്തകം രചിച്ചത്. സുജാത എന്ന പേരിലാണ് ഗദ്യസാഹിത്യം എഴുതിയിരുന്നത്.
ടീച്ചറുടെ വിയോഗത്തില്‍ അവരുടെ ശിഷ്യര്‍ ഉള്‍പ്പെടെ ഒരു നാനാ തുറകളില്‍ ഉള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.