Latest News

ശ്യാമപ്രസാദ് ഇവിടെയുണ്ട്: ഒട്ടും അകലെയല്ലാതെ, മനസ്സിനരികില്‍ തന്നെ

നിവിന്‍ പോളിയുമായുള്ള തന്‍റെ മൂന്നാമത്തെ ചിത്രത്തെക്കുറിച്ച്, തൃഷയുടെ മലയാളം അരങ്ങേറ്റത്തെക്കുറിച്ച്, ‘ഹേയ് ജൂഡി’ന്‍റെ സംവിധായകന്‍ ശ്യാമപ്രസാദ്

വര്‍ഷങ്ങളായി ശ്യാമപ്രസാദ് ഇവിടെയുണ്ട്. സിനിമകള്‍ക്കും മുമ്പ്, ദൂരദര്‍ശന്‍റെ ടെലിഫിലിം കാലം തൊട്ട്, നമ്മുടെ മനസ്സിനെ സ്പര്‍ശിച്ച കഥകള്‍ അഭ്രപാളികളിലാക്കിക്കൊണ്ട്. നമ്മളിലേക്ക് തിരിഞ്ഞു നോക്കാന്‍ ഓരോ ചിത്രം കൊണ്ടും നമ്മെ പ്രേരിപ്പിച്ചു കൊണ്ട്. ‘അഗ്നിസാക്ഷി’ മുതല്‍ ‘ഹേയ് ജൂഡ്’ വരെയുള്ള സിനിമകളിലൂടെ അഭിനയവിസ്മയങ്ങള്‍ വാര്‍ത്തെടുത്തു കൊണ്ട്.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തന്‍റെ പുതിയ ചിത്രം ‘ഹേയ് ജൂഡു’മായി എത്തുമ്പോള്‍ തുറന്ന മനസ്സോടെ പ്രേക്ഷകര്‍ ഈ ചിത്രം കാണണമെന്നും തന്‍റെ മുന്‍ സിനിമകളിലെപ്പോലെ തന്നെ മനുഷ്യ മനസ്സും ചിന്തകളും സംഘര്‍ഷങ്ങളും ഒക്കെയാണ് ‘ഹേയ് ജൂഡും’ പരാമര്‍ശിക്കുന്നത് എന്നും, കഥ പറയുന്ന രീതിയിലാണ് മാറ്റമെന്നും ശ്യാമപ്രസാദ്‌ പറയുന്നു. ഐ ഇ മലയാളത്തിനനുവദിച്ച അഭിമുഖംത്തില്‍ നിന്നും.

? സ്‌നേഹത്തെക്കുറിച്ച്, മനുഷ്യനെക്കുറിച്ച്, മനസ്സിനെക്കുറിച്ചൊക്കെ നിരന്തരം സംസാരിക്കുന്ന സിനിമകളാണ് ശ്യാമപ്രസാദിന്റേത്. സിനിമയ്ക്കും കാലത്തിനും വന്ന മാറ്റങ്ങള്‍ പോലെ ഇത്തരം സങ്കല്‍പങ്ങള്‍ക്കും മനുഷ്യന്‍റെ ആവശ്യങ്ങള്‍ക്കുമെല്ലാം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടോ?

ആത്യന്തികമായി എല്ലാ മനുഷ്യനും അന്വേഷിക്കുന്നത് സ്‌നേഹമാണ്. അവന് സ്‌നേഹിക്കണം, സ്‌നേഹിക്കപ്പെടണം. എനിക്കു തോന്നുന്നു ഗ്രീക്ക് നാടകങ്ങളും ഷെയ്ക്‌സ്പിയര്‍ കൃതികളുമെല്ലാം കൈകാര്യം ചെയ്തു പോന്ന അതേ വിഷയം തന്നെയാണിത്. അതിന് ഇപ്പോഴും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. നമ്മുടെ ഇഷ്യൂസ് മാറിയിട്ടില്ല. നമ്മളൊക്കെ തേടുന്നത് സ്‌നേഹവും സ്‌നേഹത്തോടെയുള്ള അംഗീകാരവുമാണ്. മനുഷ്യന്‍റെ എല്ലാ ഫ്രസ്‌ട്രേഷന്റേയും കാരണവും സ്‌നേഹം കിട്ടുന്നില്ല എന്നതോ അല്ലെങ്കില്‍ സ്‌നേഹിക്കപ്പെടുന്നില്ല എന്ന തോന്നലോ ആണ്. അതിലൊന്നും ഒരു കാലത്തും മാറ്റം വന്നിട്ടില്ല.

? പല അഭിനേതാക്കളും ശ്യാമപ്രസാദ് സിനിമയിലെത്തുമ്പോള്‍ വിസ്മയമായി മാറാറുണ്ട്. എവിടെയായിരുന്നു ഇവരിതുവരെ എന്നു തോന്നിക്കുംവിധം.

എന്‍റെ കഥാപാത്രത്തിന് അനുയോജ്യമായ ആളുകളെയാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത്. അവരെ കഥാപാത്രങ്ങളാക്കി മാറ്റുക എന്നത് ഒരു സംവിധായകന്‍റെ ഉത്തരവാദിത്തമാണ്. ഒരു സിനിമയുടെ കര്‍തൃത്വം സംവിധായകന്റേതാണ്. അതിപ്പോള്‍ സ്‌ക്രിപ്റ്റിലാണെങ്കില്‍ പോലും. തിരക്കഥാകൃത്ത് എഴുതിക്കൊണ്ടുവരുന്നത് വച്ച് കണ്ണടച്ച് സിനിമ ചെയ്യുന്ന ആളല്ല ഞാന്‍. എന്‍റെ സിനിമ എങ്ങനെ വേണം എന്നതിനെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണയുണ്ട്.

? നിവിന്‍ പോളിക്കൊപ്പമുള്ള മൂന്നാമത്തെ ചിത്രം. ഒരു പക്ഷെ ആദ്യമായിരിക്കും ഒരേ നടനൊപ്പം ശ്യാമപ്രസാദ് മൂന്നു ചിത്രങ്ങളെടുക്കുന്നത്.

ആദ്യമായാണ് ഞാന്‍ ഒരേ നടനൊപ്പം മൂന്നു സിനിമകള്‍ ചെയ്യുന്നത്. തുടക്കം മുതലേ നിവിനെ നിരീക്ഷിക്കുന്ന ഒരാളാണ് ഞാന്‍. ഇതു വരെ നിവിന്‍ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ജൂഡ്. എനിക്ക് ഇപ്പോളാണ് നിവിന് വേണ്ടത്ര സ്‌പേസും അഭിനയ സാധ്യതയുമുള്ള ഒരു കഥാപാത്രവും നല്‍കാനായത്. വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രമായിരുന്നു ജൂഡ്. നിവിനെ സംബന്ധിച്ചും തന്‍റെ കംഫര്‍ട്ട് സോണിനു പുറത്തു വന്ന് ചെയ്ത ചിത്രമാണിത്. നേരത്തെ മുതലേ നിവിനെ ഞാന്‍ ശ്രദ്ധിച്ചിരുന്നു എന്നു പറഞ്ഞല്ലോ. ഒരു ആക്ടര്‍ എന്ന നിലയില്‍ അയാള്‍ക്ക് വലിയ മാറ്റങ്ങളുണ്ട്. ഏറ്റവും പ്രധാനമായി നിവിന്‍റെ ആത്മവിശ്വാസം ഒരുപാട് വര്‍ദ്ധിച്ചിട്ടുണ്ട്.

തൃഷയോടൊപ്പം

? ക്രിസ്റ്റല്‍ എന്ന കഥാപാത്രം തൃഷയില്‍ എത്തിയതെങ്ങനെയായിരുന്നു

കേരളത്തിനു പുറത്തു ജീവിക്കുന്ന ഒരു മലയാളി പെണ്‍കുട്ടിയെയായിരുന്നു വേണ്ടിയിരുന്നത്. തൃഷയുടെ മാതാപിതാക്കള്‍ മലയാളികളാണെങ്കിലും അവര്‍ ജനിച്ചതും ജീവിച്ചതുമൊക്കെ കേരളത്തിനു പുറത്തായിരുന്നു. വളരെ എനര്‍ജെറ്റിക് ആയൊരു കഥാപാത്രമാണ് ക്രിസ്റ്റലിന്റേത്. ആദ്യം മുതലേ തൃഷയുടെ മുഖമായിരുന്നു മനസ്സില്‍. കഥ പറഞ്ഞപ്പോള്‍ അവരും വളരെ എക്‌സൈറ്റഡ് ആയി. ആ കഥാപാത്രത്തോട് നീതി പുലര്‍ത്താനും തൃഷയ്ക്കായി.

? കഥാപാത്രങ്ങളെ, അവരുടെ ആന്തരിക സംഘര്‍ഷങ്ങളെ പരമാവധി എക്‌സ്‌പ്ലോര്‍ ചെയ്യുന്ന സംവിധായകനാണ് ശ്യാമപ്രസാദ്. ജൂഡിലേക്ക് മാത്രം ശ്രദ്ധ പോയപ്പോള്‍ ക്രിസ്റ്റലിന്റെ കാര്യത്തില്‍ ആ പതിവ് തെറ്റിയില്ലേ.

ക്രിസ്റ്റലിന്റെ കഥാപാത്രത്തെ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ സാധിച്ചില്ല എന്നു പറയുന്നതില്‍ തെറ്റില്ല. ക്രിസ്റ്റല്‍ വളരെ ഡെപ്തുള്ള കഥാപാത്രമാണ്. പക്ഷെ എന്‍റെ ഫോക്കസും പ്രയോരിറ്റിയും ജൂഡ് എന്ന കഥാപാത്രം മാത്രമായിരുന്നു. അങ്ങനെ സംഭവിച്ചതാണ് അത്.

? പാട്ടുകളെക്കുറിച്ചാണ്. താങ്കളുടെ സിനിമയുടെ ഏറ്റവും പ്രധാന ഘടങ്ങളാണ് സന്ദര്‍ഭത്തിനനുസരിച്ചുള്ള, ഏച്ചുകൂട്ടലുകളായി തോന്നാത്ത പാട്ടുകള്‍.

പാട്ടുകളെ സിനിമളിലേക്ക് ചേര്‍ക്കുന്നതല്ല എന്‍റെ രീതി. എന്‍റെ സിനിമയ്ക്ക് വേണ്ടി പാട്ടുകളുണ്ടാക്കുന്നതാണ്. അപ്പോഴാണ്‌ നിങ്ങള്‍ പറഞ്ഞതുപോലെ അത് ഏച്ചുകൂട്ടലുകള്‍ ആവാതെ തോന്നൂ. എന്‍റെ കഥ ഇതാണ്. സന്ദര്‍ഭം ഇങ്ങനെയാണ്. എനിക്ക് ആവശ്യം ഇതൊക്കെയാണ് എന്ന് ഞാന്‍ പറയുന്നു. എന്‍റെ ആവശ്യം അനുസരിച്ചാണ് പാട്ടുകള്‍ ഉണ്ടാക്കുന്നത്. ‘ഹേയ് ജൂഡ്’ പാട്ടുകള്‍ക്ക് പ്രാധാന്യമുള്ള ചിത്രമാണ്. എന്‍റെ തന്നെ മുന്‍ കാല ചിത്രങ്ങള്‍ക്ക് പാട്ടൊരുക്കിയ പ്രതിഭാധനരായ നാലു സംഗീത സംവിധായകര്‍, ഔസേപ്പച്ചനും ജയചന്ദ്രനും രാഹുല്‍ രാജും ഗോപി സുന്ദറും ചേര്‍ന്നാണ് ഹേയ് ജൂഡിന് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

 

? തുടക്കത്തില്‍ സ്വന്തം തിരക്കഥകള്‍ തന്നെയായിരുന്നു സംവിധാനം ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ സിനിമകളുടെയെല്ലാം സ്‌ക്രിപ്റ്റ് മറ്റുള്ളവരാണ്. ഇത് സംവിധായകന്‍റെ സ്വാതന്ത്ര്യത്തെ ബാധിക്കാറുണ്ടോ.

ഒരിക്കലുമില്ല. മറ്റുള്ളവരുടെ സ്‌ക്രിപ്റ്റില്‍ സിനിമ ചെയ്യുമ്പോള്‍ സ്വാതന്ത്ര്യക്കുറവ് എന്നൊന്നും ഇല്ല. സിനിമ എന്റേതാണ്. എനിക്ക് വേണ്ടിയാണ് അവര്‍ സ്‌ക്രിപ്റ്റ് എഴുതുന്നത്. നേരത്തേ പറഞ്ഞതു പോലെ സ്‌ക്രിപ്റ്റ് മുഴുവനാകുന്നതുവരെ മാറിയിരുന്ന്, പിന്നീട് അത് വച്ച് സിനിമ ചെയ്യുന്നത് എന്‍റെ രീതിയല്ല. തുടക്കം മുതല്‍ തിരക്കഥാ രചനയില്‍ ഞാനും പങ്കാളിയാണ്. സ്വന്തം സിനിമയെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ള ഒരു സംവിധായകന് അതില്‍ നിന്നും ഒരിക്കലും വിട്ടു നില്‍ക്കാന്‍ കഴിയില്ല.

? പുതിയ ചിത്രങ്ങള്‍

ഒരു തിരക്കഥയുടെ പണിപ്പുരയിലാണ്. കൂടുതല്‍ ഒന്നും പറയാറായിട്ടില്ല.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Shyamaprasad on hey jude nivin pauly trisha

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express