‘ഹേയ് ജൂഡ്’ എന്ന ചിത്രത്തിന് ശേഷം ശ്യാമപ്രസാദ് അടുത്ത ചിത്രം ഒരുക്കുകയാണ്,  സാറാ ജോസഫിന്റെ ‘ആളോഹരി ആനന്ദം’ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍  മമ്മൂട്ടിയായിരിക്കും നായകന്‍ എന്നും കഴിഞ്ഞ ദിവസങ്ങളില്‍  റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.  ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ശ്യാമപ്രസാദിന്റെ മകന്‍ വിഷ്ണുവാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നുമായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍  അതേക്കുറിച്ച് ഒന്നും പറയാറായിട്ടില്ല എന്നാണ് ശ്യാമപ്രസാദ് ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തോട് പ്രതികരിച്ചത്.

“പുതിയ ചിത്രത്തെപ്പറ്റിയുള്ള വാര്‍ത്തകളെക്കുറിച്ച് എനിക്കറിയില്ല.  സിനിമയെക്കുറിച്ച് ഒന്നും പറയാറായിട്ടില്ല”, മമ്മൂട്ടി അഭിനയിക്കുന്ന ‘ആളോഹരി ആനന്ദം’ സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്തയ്ക്ക് സ്ഥിരീകരണം ആരാഞ്ഞു കൊണ്ടുള്ള ചോദ്യത്തിന് ശ്യാമപ്രസാദിന്റെ മറുപടി ഇതായിരുന്നു.

സ്‌നേഹത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും അതിന്റെ സങ്കീര്‍ണതകളെക്കുറിച്ചുമൊക്കെ നിരന്തരം സംസാരിക്കുന്ന സിനിമകളാണ് ശ്യാമപ്രസാദിന്റേത്. മമ്മൂട്ടിയും ശ്യാമപ്രസാദും ഒന്നിച്ച ‘ഒരേ കടല്‍’ എന്ന ചിത്രം മലയാള സിനിമയ്ക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ നേടിത്തന്ന സിനിമയായിരുന്നു. ഏറ്റവും നല്ല പ്രാദേശിക ചിത്രത്തിനുള്ള പുരസ്‌കാരവും മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരവും ‘ഒരേ കടലി’നായിരുന്നു. ഔസേപ്പച്ചനായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം.

Read More: ശ്യാമപ്രസാദ് ഇവിടെയുണ്ട്: ഒട്ടും അകലെയല്ലാതെ, മനസ്സിനരികില്‍ തന്നെ

മമ്മൂട്ടിയെ കൂടാതെ മീരാ ജാസ്മിന്‍, രമ്യാ കൃഷ്ണന്‍, നരേന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബംഗാളി സാഹിത്യകാരന്‍ സുനില്‍ ഗംഗോപാധ്യയുടെ ‘ഹീരക് ദീപ്തി’ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ‘ഒരേ കടല്‍’ ഒരുക്കിയത്. ശ്യാമപ്രസാദും കെ.ആര്‍.മീരയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

നിവിൻ പോളി, തൃഷ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘ഹേയ് ജൂഡ്’ ആയിരുന്നു ശ്യാമപ്രസാദിന്റെ ഒടുവിലിറങ്ങിയ ചിത്രം. നിവിൻ പോളിയുടെ ഇതുവരെയുള്ള കരിയർ ബെസ്റ്റ് എന്നാണ് ചിത്രം കണ്ടവർ ‘ഹേയ് ജൂഡി’നെ വിശേഷിപ്പിച്ചത്.

സാഹിത്യ കൃതികളെ ആസ്പദമാക്കി സിനിമകളും ടെലിഫിലിമുകളും സീരിയലുകളുമൊക്കെ മുമ്പും ഒരുക്കിയിട്ടുള്ള ആളാണ് ശ്യാമപ്രസാദ്. ആന്റണ്‍ ചെക്കോവിന്റെ കൃതിയെ ആസ്പദമാക്കി ‘വിവാഹാലോചന’, ആല്‍ബേര്‍ട്ട് കാമുവിന്റെ കൃതി, വൈക്കം മുഹമ്മദ് ബഷീറിന്റെ ‘വിശ്വവിഖ്യാതമായ മൂക്ക്’, മാധവിക്കുട്ടിയുടെ ‘വേനലിന്റെ ഒഴിവ്’, എന്‍.മോഹനന്റെ പെരുവഴിയിലെ കരിയിലകള്‍, സാറാ ജോസഫിന്റെ തന്നെ നിലാവറിയുന്നു, എന്‍.പി.മുഹമ്മദിന്റെ ഉള്ളുരുക്കം, കെ.രാധാകൃഷ്ണന്റെ ശമനതാളം എന്നീ കൃതികളെല്ലാം ശ്യാമപ്രസാദ് ടെലിവിഷനിലേക്ക് ആവിഷ്‌കരിച്ചിട്ടുണ്ട്.

എസ്.എല്‍.പുരത്തിന്റെ കല്ലുകൊണ്ടൊരു പെണ്ണ്, ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി, ടെന്നിസി വില്യംസിന്റെ ദി ഗ്ലാസ് മെനാജെറിയെ ആസ്പദമാക്കി അകലെ എന്നീ ചിത്രങ്ങളും ശ്യാമപ്രസാദ് സംവിധാനം ചെയ്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ