അഭിനേത്രിയും അസിസ്റ്റന്റ് ഡയറക്ടറും നർത്തകിയുമായ ഉണ്ണിമായ പ്രസാദ് എന്ന മരുമകളോട് തനിക്കുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്ന ഗീതാപുഷ്കരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. വീടും കുടുംബവും എന്നു പറഞ്ഞ് സ്വന്തം കാര്യങ്ങൾക്കു പ്രാധാന്യം നൽകാതെ ജീവിതം കടന്നുപോവുന്ന സ്ത്രീകളുടെ ജീവിതത്തിന്റെ നിർത്ഥതയെ കുറിച്ചുള്ള കുറിപ്പാലാണ് മരുമകളോടുള്ള സ്നേഹവും ആദരവും ഗീതാ പുഷ്കരൻ പ്രകടിപ്പിക്കുന്നത്.

“അതുകൊണ്ടാണ് എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം. അവൾ അവൾക്കു നല്ലതെന്ന് തോന്നുന്നത് വൃത്തിയായി, ഭംഗിയായി ചെയ്യുന്നു. ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളർത്തലുമല്ല ജീവിതം എന്നവൾ തിരിച്ചറിയുന്നു. അവളുടെ സ്വകാര്യ ഇഷ്ടങ്ങളെ, നിലപാടുകളെ, അഭിരുചികളെ അവൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നു. അതാണ് പെണ്ണ്, അതായിരിക്കണം പെണ്ണ്,” എന്നാണ് ഉണ്ണിമായയ്ക്കുള്ള ഗീതാ പുഷ്കരന്റെ അഭിനന്ദനം.

‘അഞ്ചു സുന്ദരികൾ’​എന്ന ആന്തോളജി ചിത്രത്തിലെ ‘സേതുലക്ഷ്മി’ എന്ന സിനിമയിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച ഉണ്ണിമായ പിന്നീട് ‘മഹേഷിന്റെ പ്രതികാരം,’ ‘പറവ,’ ‘മായാനദി,’ ‘വരത്തൻ,’ ‘ഒരു കുപ്രസിദ്ധ പയ്യൻ,’ ‘ഫ്രഞ്ച് വിപ്ലവം,’ ‘വൈറസ്’ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘മഹേഷിന്റെ പ്രതികാരം,’ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും,’ ‘മായാനദി’ തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായികയായും ഉണ്ണിമായ പ്രവർത്തിച്ചിരുന്നു.

Read more: ഷെയ്ൻ നിഗത്തിന് ഒപ്പം ചുവടുകൾ വെച്ച് ശ്യാം പുഷ്കകരൻ; വീഡിയോ കാണാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook