ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്‌പുത്തിന്റെ ആത്മഹത്യയോടെ വിഷാദരോഗത്തെ കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്. ഏറെ നാളായി സുശാന്ത് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളാണ് ഈ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. വിഷാദരോഗത്തെ നിസാരമായി കാണാതെ കൃത്യമായ ചികിത്സ തേടുകയാണ് വേണ്ടതെന്ന അവബോധം നൽകുന്ന നിരവധി ക്യാമ്പെയ്നുകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഇപ്പോൾ.

വിഷാദരോഗത്തെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ് ‘ബി ലൈക്ക് സജി’ എന്ന പേരിൽ പ്രചരിക്കുന്ന ഒരു മീം. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമയിലെ സജി എന്ന കഥാപാത്രം തന്റെ മനസ് കൈവിട്ടുപോവുമ്പോൾ വൈദ്യസഹായം തേടുകയും ജീവിതത്തിലേക്ക് തിരികെയെത്തുകയും ചെയ്യുന്നുണ്ട്. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മീം പറയുന്നതും വിഷാദരോഗത്തെ ചികിത്സിക്കേണ്ട ആവശ്യകതയെ കുറിച്ചു തന്നെ. കുമ്പളങ്ങി നൈറ്റ്സും സജി എന്ന കഥാപാത്രവും വീണ്ടും ചർച്ചയാവുന്നതിൽ സന്തോഷമുണ്ടെന്നും പ്രേക്ഷകർക്ക് സന്ദേശം നൽകാനാണ് അത്തരമൊരു സീൻ മനഃപൂർവ്വം ഉൾപ്പെടുത്തിയതെന്നുമാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശ്യാം പുഷ്കരൻ പറയുന്നത്. ക്ലബ് എഫ്.എം യുഎയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് താൻ സൃഷ്ടിച്ച സജിയെന്ന കഥാപാത്രം ചർച്ചയാവുന്നതിലുള്ള സന്തോഷം ശ്യാം പുഷ്കരൻ രേഖപ്പെടുത്തിയത്.

“വിഷാദം പണക്കാർക്ക് മാത്രം വരുന്ന അസുഖമെന്നാണ് പലരുടെയും ധാരണ. എല്ലാവർക്കും വരുന്ന അസുഖമാണത്. സജി ഒരു സാധാരണക്കാരനായതിനാൽ ആശുപത്രിയിലേക്ക് പോകണം എന്ന് മാത്രമേ അയാൾ പറയുന്നുള്ളൂ. ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കാണണമെന്നൊന്നും അയാൾക്ക് പറയാൻ അറിയില്ല. എന്നാൽ സജിയുടെ അനിയൻ സ്പോർട്സ് സ്കൂളിലൊക്കെ പഠിക്കുന്ന കുട്ടിയായതിനാൽ അയാൾക്ക് അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുകയും ചേട്ടനെ ഒരു സൈക്കാട്രിസ്റ്റിന്റെ അടുത്ത് കൊണ്ടു പോകുകയുമാണ് ചെയ്യുന്നത്. മനപൂർവ്വം തന്നെയാണ് അങ്ങനെയൊരു കഥാപാത്രത്തെ രൂപപ്പെടുത്തിയത്. നാട്ടിൽ കാണുന്ന നിരവധി ആളുകളുടെ പ്രതിനിധിയാണ് സജി,” ശ്യാം പുഷ്കരൻ പറയുന്നു.

Read more: വേദനിക്കുന്നതോ കരയുന്നതോ തെറ്റല്ലെന്ന് പുരുഷന്മാരോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു: ശ്യാം പുഷ്കരൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook