ലോക സിനിമാ മേഖലയെ തന്നെ ഞെട്ടിച്ചുകൊണ്ട് ഉയര്‍ന്നു വന്ന മീടൂ ക്യാംപെയിന് മലയാള സിനിമയില്‍ എത്തിയപ്പോള്‍ തങ്ങളെടുത്ത നിലപാടിനെ കുറിച്ച് തുറന്നു പറഞ്ഞ് തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്. നടനും സുഹൃത്തുമായ അലന്‍സിയര്‍ ലെ ലോപ്പസിനെതിരെ മീടൂ ആരോപണം വന്നപ്പോള്‍ സന്ധി സംഭാഷണത്തിനായി അലന്‍സിയര്‍ വിളിച്ചിരുന്നുവെന്ന് ശ്യാം പറഞ്ഞു.
‘മീടൂ വളരെ സീരിയസ്സായി കാണേണ്ട ഒട്ടും തമാശയല്ലാത്ത ഒരു മൂവ്മെന്റാണ്. ഞങ്ങളുടെ ഒരു സുഹൃത്തായിരുന്നു അലന്‍സിയര്‍. അദ്ദേഹത്തിന്റെ കൂടെ രണ്ട് മൂന്ന് സിനിമകള്‍ ഞങ്ങള്‍ ചെയ്തിട്ടുണ്ട്. മീടൂ ആരോപണം വന്നപ്പോള്‍ അദ്ദേഹം വിളിച്ചു. സന്ധി സംഭാഷണത്തിന് വേണ്ടിയാണ് വിളിച്ചത്. അതിന് ഞങ്ങള്‍ മറുപടി പറഞ്ഞതിങ്ങനെയാണ്. അക്രമത്തിനിരയായ പെണ്‍കുട്ടിക്ക് ബോധ്യപ്പെടുന്ന ഒരു പരിഹാരമുണ്ടാകുന്നത് വരെ ഒരു സൗഹൃദസംഭാഷണത്തിനുമില്ല.’
‘സൗഹൃദം തേങ്ങയാണ്. ഹ്യൂമാനിറ്റിയാണ്, മനുഷ്യത്വമാണ് കാര്യം. വേറൊന്നുമില്ല. ഇനിയും ഡബ്ല്യുസിസിക്കൊപ്പം ഉണ്ടാകും,’ ശ്യാം പുഷ്കരന് പറഞ്ഞു.
പാട്രിയാര്‍ക്കിയെ(പുരുഷാധിപത്യം) ഭയപ്പെട്ടു കൊണ്ടിരിക്കുന്ന തന്നെപ്പോലുള്ള ഭീരുക്കളായ പുരുഷന്മാര്ക്ക് ഡബ്ല്യൂസിസി ധൈര്യം തരുന്നുണ്ടെന്നും അവര്‍ക്കൊപ്പം നില്ക്കുക എന്നത് തനിക്ക് ധൈര്യമാണെന്നും ശ്യാം പുഷ്കരന് വ്യക്തമാക്കി. വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ രണ്ടാം വാര്‍ഷിക പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read More: സിനിമാ മേഖലയിൽ വിശാഖ മാർഗനിർദേശം നടപ്പിലാക്കണം ഡബ്ലിയു സി സി ഹൈക്കോടതിയെ സമീപിച്ചു
ബോളിവുഡ് നടി സ്വര ഭാസ്കര്‍, തമിഴ് സിനിമാ സംവിധായകന് പാ രഞ്ജിത്, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
ഡബ്ല്യു.സി.സി എന്ന കൂട്ടായ്മയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സ്വര ഭാസ്കര്‍ പറഞ്ഞു.
‘സ്വന്തം ശബ്ദം കേള്‍പ്പിക്കാന്‍ ഈ കൂട്ടായ്മയ്ക്കായി. തൊഴിലിടങ്ങളിലും പൊതുസ്ഥലത്തുമെല്ലാം സുരക്ഷയെന്നത് സ്ത്രീകളുടെ അവകാശമാണ്. എന്നാല്‍, എല്ലായ്പ്പോഴും മറ്റുള്ളവര്‍ നമുക്കുവേണ്ടി സംസാരിക്കാന്‍ കാത്തിരിക്കേണ്ടതില്ല. സ്വന്തം ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ സ്ത്രീകള്‍ തയ്യാറാകണം,’ സ്വര വ്യക്തമാക്കി.