ശ്വേത മേനോൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘പള്ളിമണി’. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന നിത്യ ദാസും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.സോഷ്യൽ മീഡിയയിലൂടെ ശ്വേത മേനോൻ ചിത്രത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. ചിത്രത്തെ മനപൂർവം തകർക്കാൻ നോക്കുന്നു എന്നാണ് കുറിപ്പിൽ ശ്വേത പറയുന്നത്.
“എന്റെ പുതിയ ചിത്രമായ ‘പള്ളിമണി’യുടെ പോസ്റ്റർ നശിപ്പിച്ചതായി കാണപ്പെട്ടു. തിരുവനന്തപുരത്താണ് സംഭവം നടന്നത്. ഞാൻ പറയുന്ന അഭിപ്രായങ്ങൾ നിങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ടാകാം, എന്നാൽ അതു വച്ച് ഒരു സിനിമയെ തകർക്കാൻ നോക്കുന്നത് മണ്ടത്തരമാണ്. ഒരു നവഗതനായ സംവിധായകന്റെയും നിർമാതാവിന്റെയും സ്വപ്‌നമാണ് ഈ ചിത്രം. ഒരുപാട് ആളുകളുടെ കഠിനാധ്വാനം ഈ ചിത്രത്തിന് പിന്നിലുണ്ട്. അതുകൊണ്ട് എന്നോട് എന്തെങ്കിലും വിരോധമുള്ളവർ നേരിട്ടു വരിക അതല്ലാതെ ഒരു ചിത്രത്തിനെതിരെ പ്രവർത്തിക്കരുത്” ശ്വേത കുറിച്ചു. കീറിയ പോസ്റ്റിനൊപ്പം ചിത്രത്തിന്റെ ശരിയായ പോസ്റ്ററും ശ്വേത പങ്കുവച്ചു.
നിത്യ ദാസും സമാന രീതിയിലുള്ള കുറിപ്പ് ഷെയർ ചെയ്‌തിരുന്നു. “കണ്ണു നിറയ്ക്കുന്ന കാഴ്ച്ച …കയ്യിൽ ക്യാഷ് ഒന്നും ഉണ്ടായിട്ടല്ല …വലിയ ആർട്ടിസ്റ്റ് ചിത്രവും അല്ല പടം തിയേറ്ററിൽ എത്തുന്നതിന് മുന്നേ ക്യാഷ് കിട്ടാൻ… ഇതെല്ലാം കടകമൊക്കെ എടുത്തു ചെയ്യുന്നതാ സത്യം …ഉപദ്രവിക്കരുത് … എല്ലാം പ്രതിക്ഷയാണല്ലോ” എന്നാണ് നിത്യ കുറിച്ചത്.
അനിൽ കുമ്പഴയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘പള്ളിമണി’. ശ്വേത മേനോൻ, നിത്യ ദാസ്, കൈലാഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നത്. ഹൊറർ ത്രില്ലർ ചിത്രം ഫെബ്രുവരി 24നു തിയേറ്ററുകളിലെത്തും.