“അയാള്‍ എന്നെ വിളിച്ചു പറഞ്ഞത് ഈ ഇന്‍ഡസ്ട്രിയില്‍ ഉള്ള ആളുകള്‍ തന്നെ നിങ്ങളെ ചതിക്കും എന്നാണ്. ഇത്രയും പറഞ്ഞ് അയാള്‍ ഫോണ്‍ വച്ചു. കട്ടായതാണെന്നു കരുതി ഞാന്‍ തിരിച്ചു വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. അപ്പോഴാണ് ഞാനെന്റെ മുംബൈയിലെ ഫോണ്‍ നോക്കിയത്. അതിലേക്കും അയാള്‍ വിളിച്ചിരുന്നു. ഒരേ സമയമാണ് വിളി വന്നിരിക്കുന്നത്. ഈ വാര്‍ത്ത വന്നതിന്റെ പുറകെ എന്റെ രണ്ടു നമ്പറിലേക്കും വിളിച്ച് ഇങ്ങനെ സംസാരിക്കണമെങ്കില്‍ തീര്‍ച്ചായും അയാള്‍ സിനിമയില്‍ ഉള്ള ആള്‍ തന്നെയാണ് എന്നെനിക്കു തോന്നി. എന്നെ നന്നായി അറിയാവുന്ന ആള്‍.”
താരസംഘടനയായ ‘അമ്മ’യുടെ നിര്‍വാഹകസമിതി അംഗമായി തിരഞ്ഞെടുത്തതിനു പുറകെ താന്‍ നേരിട്ട ഭീഷണിയെക്കുറിച്ച് ശ്വേതാ മേനോന്‍ ഐ ഇ മലയാളത്തോട് പറഞ്ഞതിങ്ങനെ. താന്‍ തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത വന്നതു മുതല്‍ പലരും വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു, എന്നാല്‍ ഇതിനു ശേഷമാണ് ഭീഷണിയുമായി ഫോണ്‍ വിളി വന്നതെന്ന് ശ്വേത കൂട്ടിച്ചേര്‍ത്തു.
“ഇന്‍ഡസ്ട്രിയിലുള്ള ഒരാള്‍ സംസാരിക്കുന്നതു പോലെ തന്നെയാണ് അയാള്‍ സംസാരിച്ചത്. അയാള്‍ പറഞ്ഞ കാര്യങ്ങളെക്കാള്‍ പറഞ്ഞ രീതിയാണ് എന്നെ ഭയപ്പെടുത്തിയത്. വളരെ രൂക്ഷമായാണ് പറഞ്ഞത്.
എന്റെ ഭര്‍ത്താവ് ശ്രീവത്സനാണ് പൊലീസ് സ്‌റ്റേഷനില്‍ പോയത്. അദ്ദേഹത്തെ കണ്ടപ്പോഴേ ഇയാള്‍ പറഞ്ഞു ഇത് ശ്വേതാ മേനോന്റെ ഭര്‍ത്താവല്ലേ എന്ന്. സിനിമയില്‍ ഉള്ള ആള്‍ തന്നെയാണ് അയാള്‍. വലിയ ബ്രേക്ക് ഒന്നും കിട്ടാത്ത ഒരാളാണ്,” ശ്വേതാ മേനോന്‍ വെളിപ്പെടുത്തി.
മലയാള ചലച്ചിത്ര നടീനടന്മാരുടെ കൂട്ടായ്മായ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ് എന്ന ‘അമ്മ’ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കാനായി നാമനിര്‍ദേശപത്രികള്‍ സ്വീകരിച്ചിരുന്നു. 17 വര്‍ഷമായി അമ്മയുടെ പ്രസിഡന്റായുള്ള ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് നടന്‍ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ജൂണ്‍ 24ന് പുതിയ ഭരണസമിതി ചുമതലയേല്‍ക്കും. ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് ഇടവേള ബാബുവാണ്. കെ.ബി ഗണേശ് കുമാർ, മുകേഷ് എന്നിവർ വൈസ് പ്രസിഡന്റുമാരും സിദ്ദീഖ് ജോയിന്റ് സെക്രട്ടറിയായും ജഗദീഷ് ട്രഷററുമായും തെരഞ്ഞെടുക്കപ്പെട്ടു.