സംഘമിത്ര ചിത്രത്തിൽ നിന്ന് ശ്രുതിഹാസനെ മാറ്റിയെന്ന വാർത്ത ചലച്ചിത്ര ലോകം ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ തന്നെ മാറ്റിയതല്ല സ്വയം മാറിയതാണെന്ന് പറഞ്ഞ് ശ്രുതി തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ചിത്രത്തിന് എല്ലാ വിധ ആശംസകളും നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് ശ്രുതി. ഇതൊരു മികച്ച ചിത്രമാവുമെന്നാണ് ശ്രുതി പറയുന്നത്. തന്റെ പുതിയ ചിത്രമായ ‘ബെഹൻ ഹോഗി തേരി’യുടെ പ്രമോഷനിടെയാണ് ശ്രുതി ഇക്കാര്യം പറഞ്ഞത്.

“ഞാൻ ഇനിയൊരിക്കലും ഭാഗമാവാത്ത ഒരു പ്രൊജക്‌ടാണ് സംഘമിത്രയുടേത്. കൃത്യമായ തിരക്കഥയും കഥാപാത്രവുമായാണ് ഞാൻ സിനിമ ചെയ്യാറ്. പക്ഷേ അത് സംഭവിച്ചില്ല, അതിനാലാണ് ഞാൻ അടുത്ത കാര്യങ്ങളിലേക്ക് കടന്നത്. പക്ഷേ സംഘമിത്രയ്‌ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഇതൊരു മികച്ച ചിത്രമാവുമെന്ന് എനിക്കുറപ്പുണ്ട് ” ശ്രുതി പറഞ്ഞു.

തിങ്കളാഴ്‌ചയാണ് ശ്രുതിയെ ചിത്രത്തിൽ നിന്ന് മാറ്റിയെന്ന് നിർമ്മാതാക്കൾ അറിയിച്ചത്. ശ്രുതിയെ ചിത്രത്തിൽനിന്നും മാറ്റിയതിന്റെ കാരണം നിർമാതാക്കൾ വ്യക്തമാക്കിയിരുന്നില്ല. തുടർന്ന് ഈ വിഷയത്തിൽ ശ്രുതി ഹാസന്റെ മറുപടി വന്നിരുന്നു. ശ്രുതിക്ക് വ്യക്തമായ തിരക്കഥയോ ഷൂട്ടിങ് ഷെഡ്യൂളോ സംബന്ധിച്ച വിവരം ലഭിച്ചിരുന്നില്ലെന്നും അതിനാലാണ് മാറിയതെന്നും നടിയുടെ വക്താവ് അറിയിച്ചിരുന്നു.

ചില ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളാൽ സംഘമിത്രയിൽ ശ്രുതി ഹാസനൊപ്പം മുന്നോട്ടു പോകാൻ ഞങ്ങൾക്ക് കഴിയില്ല എന്നാണ് ചിത്രത്തിന്റെ നിർമാതാക്കളായ ശ്രീ തെനണ്ടൽ ഫിലിംസ് അവരുടെ ട്വിറ്റർ പേജിൽ കുറിച്ചത്. ഇതിനു പിന്നാലെയാണ് ശ്രുതിയുടെ വക്താവ് ഔദ്യോഗിക പ്രസ്താവന ഇറക്കിയത്.

Read More: സംഘമിത്രയിൽനിന്നും ശ്രുതി ഹാസനെ മാറ്റി; കാരണം പറയാതെ നിർമാതാക്കൾ

”സംഘമിത്രയിൽനിന്നും പിന്മാറാനുളള കടുത്ത തീരുമാനം ശ്രുതിക്ക് എടുക്കേണ്ടി വന്നതാണ്. രണ്ടു വർഷത്തോളം സിനിമയ്ക്കായി ചെലവഴിക്കേണ്ടി വരുമെന്ന് ശ്രുതിക്ക് അറിയാമായിരുന്നു. ഷൂട്ടിങ്ങിനായി ഏതു സമയത്തും തയാറായി നിൽക്കുക എന്ന ഉദ്ദേശ്യത്തോടെ നല്ലൊരു പരിശീലകന്റെ കീഴിൽ ശ്രുതി യുദ്ധ മുറകൾ പരിശീലിക്കുന്നുമുണ്ടായിരുന്നു. എന്നിട്ടും ശ്രുതി ഈ ഈ തീരുമാനമെടുത്തത് ചിത്രത്തിന്റെ തിരക്കഥയോ ഷൂട്ടിങ് ഷെഡ്യൂളോ ലഭിക്കാത്തതിനാലാണെന്ന്” പ്രസ്താവനയിൽ പറയുന്നു.

സൗത്ത് ഇന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് സംഘമിത്ര. കുതിരപ്പുറത്ത് കയ്യിൽ വാളേന്തിയിരിക്കുന്ന ശ്രുതി ഹാസന്റെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ പുറത്തിറക്കിയിരുന്നു. ചിത്രത്തിന്റെ പ്രമോഷനായി സംഘമിത്ര ടീമിനൊപ്പം ശ്രുതി കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയിരുന്നു. ഇതിനൊക്കെശേഷമാണ് ചിത്രത്തിൽനിന്നും ശ്രുതിയെ മാറ്റിയതായി നിർമാതാക്കൾ അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook