ലോക്ക്ഡൗണിൽ മറ്റു താരങ്ങളെപ്പോലെ സോഷ്യൽ മീഡിയയിൽ സജീവമാണ് ശ്രുതി ഹാസൻ. ലോക്ക്ഡൗൺ കാലം താൻ ചെലവിടുന്നത് എങ്ങനെയെന്ന് വീഡിയോയിലൂടെയും ഫൊട്ടോയിലൂടെയും ശ്രുതി ആരാധകരുമായി പങ്കുവച്ചിരുന്നു. മുംബൈയിലെ വീട്ടിൽ പാചകവും സംഗീതവുമൊക്കെയായി സമയം ചെലവിടുകയാണ് ശ്രുതി.
Read Also: പുതിയ ലുക്കിനൊരുങ്ങി നസ്രിയ, കാത്തിരിക്കുന്നുവെന്ന് ആരാധകർ
തന്റെ പഴയൊരു അണ്ടർവാട്ടർ ഫൊട്ടോഷൂട്ടിൽനിന്നുളള ചിത്രങ്ങളാണ് ശ്രുതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുളളത്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് കൂടുതലും. വെളളത്തിനടിയിൽ ജലകന്യകയെപ്പോലെ നീന്തിത്തുടിക്കുന്നതിന്റെയും ഡാൻസ് ചെയ്യുന്നതിന്റെയും ഫൊട്ടോകൾ ഇക്കൂട്ടത്തിലുണ്ട്.
തന്റെ ക്വാറന്റൈൻ അനുഭവങ്ങളെക്കുറിച്ച് അടുത്തിടെ ശ്രുതി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. “ഒറ്റയ്ക്കാകുക എന്നത് എനിക്ക് ശീലമാണ്. പക്ഷെ പുറത്ത് പോകാൻ സാധിക്കാത്തതും, ഇതൊക്കെ എങ്ങോട്ടാണ് എത്രനാളാണ് എന്നറിയാത്തതുമാണ് പ്രയാസം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആളുകൾ ഇത് ഗൗരവമായി എടുക്കാൻ തുടങ്ങി. എന്തായാലും ഞാൻ തിരിച്ചെത്തുമ്പോഴേക്കും ചിത്രീകരണങ്ങളെല്ലാം നിർത്തിവച്ചിരുന്നത് ഭാഗ്യമായി.”
പ്രിയങ്ക ബാനർജി തിരക്കഥയെഴുതി സംവിധാനം ചെയ്ത ദേവി എന്ന ഹ്രസ്വചിത്രമാണ് ശ്രുതിയുടേതായി അവസാനം പുറത്തിറങ്ങിയത്. തെലുങ്കിൽ ക്രാക്ക്, തമിഴിൽ ലാംബം എന്നിവയാണ് ശ്രുതിയുടെ പുതിയ പ്രോജക്ടുകൾ. ലാംബത്തിൽ വിജയ് സേതുപതിയാണ് നായകൻ.