ബോഡി ഷെയ്മിങ് നടത്തുന്നവർക്ക് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ചുട്ട മറുപടി കൊടുത്ത് ശ്രുതി ഹാസൻ. താൻ പ്ലാസ്റ്റിക് സർജറി നടത്തിയിട്ടുണ്ടെന്നും അത് തുറന്നു പറയുന്നതിൽ തനിക്ക് യാതൊരു നാണക്കേടുമില്ലെന്നും ശ്രുതി പറയുന്നു. പ്ലാസ്റ്റിക് സർജറി ചെയ്തതിന്റെ പേരിൽ ശ്രുതി പലതവണ വിമർശനങ്ങളും കളിയാക്കലുകളും നേരിട്ടിട്ടുണ്ട്.
Read Also: എനിക്ക് നിരാശയില്ല, അതൊരു നല്ല അനുഭവമായിരുന്നു; പ്രണയ തകർച്ചയെക്കുറിച്ച് ശ്രുതി ഹാസൻ
തന്റെ ശരീരത്തെക്കുറിച്ചുളള ആളുകളുടെ അഭിപ്രായങ്ങൾ തന്നെ ബാധിക്കാറില്ലെന്നും, അത്തരം അഭിപ്രായങ്ങൾ ഒഴിവാക്കേണ്ടതാണെന്നും ശ്രുതി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. ”എന്നെക്കുറിച്ചുളള മറ്റുളളവരുടെ അഭിപ്രായങ്ങൾക്ക് ചെവി കൊടുക്കുന്ന ഒരാളല്ല ഞാൻ, പക്ഷേ അവൾ വളരെ മെലിഞ്ഞതാണ് അല്ലെങ്കിൽ തടിച്ചതാണ് എന്നിങ്ങനെ നിരന്തരം അഭിപ്രായപ്പെടുന്നത് ഒഴിവാക്കേണ്ടതാണ്. ഈ രണ്ടു ചിത്രങ്ങളും മൂന്നു ദിവസങ്ങളുടെ വ്യത്യാസത്തിലെടുത്തതാണ്. ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളോട് വർഷങ്ങളായി ഞാൻ മാനസികമായും ശാരീരികമായും പോരാടുകയാണ്. ആ വേദന ചെറുതല്ല, ശാരീരിക മാറ്റവും ചെറുതല്ല, പക്ഷേ ഏറ്റവും എളുപ്പം എന്റെ ആ യാത്ര പങ്കുവയ്ക്കുകയെന്നതാണ്.”
പ്ലാസ്റ്റിക് സർജറിയെക്കുറിച്ചും ശ്രുതി പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. ”ഇതെന്റെ ജീവിതവും ഇതെന്റെ മുഖവുമാണെന്ന് ഞാൻ സന്തോഷത്തോടെ പറയുന്നു. ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട്. അത് തുറന്നു പറയുന്നതിൽ എനിക്ക് നാണക്കേടില്ല. ഞാൻ അതിനെ പ്രൊമോട്ട് ചെയ്തോ? ഞാൻ അതിന് എതിരാണോ?. അല്ല, ഇത് ഞാൻ തിരഞ്ഞെടുത്ത ജീവിതമാണ്. നമുക്ക് നമ്മളോടും മറ്റുളളവരോടും ചെയ്യാൻ കഴിയുന്ന നല്ല കാര്യം എന്താണെന്നു വച്ചാൽ മാറ്റങ്ങൾ അംഗീകരിക്കുകയാണ്. ഞാൻ ഓരോ ദിവസവും കുറച്ചുകൂടി എന്നെ സ്നേഹിക്കാൻ പഠിക്കുന്നു.”
കാജോൾ, നേഹ ദുപിയ എന്നിവർക്കൊപ്പം ഹിന്ദി ഷോർട്ട് ഫിലിമിലാണ് ശ്രുതി അടുത്തതായി അഭിനയിക്കുന്നത്. ഒരു തെലുങ്ക് ചിത്രത്തിലും ശ്രുതി കരാർ ഒപ്പിട്ടിട്ടുണ്ട്.