സംഗീത ജീവിതത്തിൽ ശ്രദ്ധിക്കാനായി സിനിമയിൽ നിന്നും ഒരു ചെറിയ ഇടവേള എടുത്തതാണ് ശ്രുതി ഹാസൻ. കഴിഞ്ഞ വർഷം, ടീമിനൊപ്പം ലണ്ടനിലെ അഞ്ച് കഫേകളിൽ അവർ സ്വന്തം കോമ്പോസിഷനുകൾ അവതരിപ്പിച്ചു. ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമകളിലേക്ക് മടങ്ങിയെത്തിയ ശ്രുതി വരും നാളുകളിൽ കൂടുതൽ സിനിമകൾ ചെയ്യാനാകും എന്ന പ്രതീക്ഷയിലാണ്.

സംഗീതത്തെ കുറിച്ച്, സിനിമയെ കുറിച്ച്, രണ്ടും ഒന്നിച്ചു കൊണ്ടു പോകുന്നതിനെ കുറിച്ച്, ഇവേളകളെ കുറിച്ച്, അമ്മയുടേയും അച്ഛന്റേയും വിവാഹ മോചനത്തെ കുറിച്ച്, അത് ജീവിതത്തിൽ നൽകിയ പാഠങ്ങളെ കുറിച്ചൊക്കെ അടുത്തിടെ ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ ശ്രുതി ഹാസൻ മനസ് തുറന്നു.

എല്ലാം തികഞ്ഞ കുടുംബത്തിലെ ആളുകളാണെങ്കിൽ പോലും വേദന ജീവിതത്തിൽ അനിവാര്യമാണെന്നാണ് ശ്രുതി പറയുന്നത്.
“നിങ്ങളുടെ മാതാപിതാക്കൾ ഒന്നിച്ചാണെങ്കിലും നിങ്ങളുടേത് ഒരു സന്തോഷം നിറഞ്ഞ കുടുംബമാണെങ്കിലും ജീവിതത്തിൽ വേദന ഒഴിവാക്കാനാകാത്ത ഒന്നാണ്. അത് ജീവിതത്തിന്റെ ഒരു ഭാഗമാണ്.”

Read More: Happy Birthday Kamal Haasan: ഉലകനായകന് ഇന്ന് പിറന്നാൾ; അപൂർവ്വ ചിത്രങ്ങൾ

മാതാപിതാക്കളായ കമൽ ഹാസനെ കുറിച്ചും സരികയെ കുറിച്ചും സംസാരിച്ച ശ്രുതി, അവർ മനുഷ്യരാണെന്നും സന്തോഷമായി ഇരിക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞു.

“ഞാൻ പോയ അതേ അവസ്ഥകളിലൂടെ കടന്നുപോയ നിരവധി ആളുകൾ പറയും (അമ്മയുടെയും പിതാവിന്റെയും വിവാഹമോചനത്തെ പരാമർശിക്കുന്നത്) മറ്റ് ആളുകൾക്ക് അത് വാർത്തയാണെന്ന്. പക്ഷെ വീട്ടിലുള്ളവർക്ക് ഇത് വാർത്തയല്ല. അവർ ചെയ്യേണ്ടത് അവർ ചെയ്തു. അതിൽ ഞാൻ സന്തുഷ്ടയായിരുന്നു. കാരണം അവർ രണ്ടുപേരും അവരുടേതായ രീതികളിൽ സന്തോഷം അർഹിക്കുന്ന രണ്ട് വ്യക്തികളാണ്. അവർ എന്റെ മാതാപിതാക്കളാകുന്നതിന് മുമ്പ് രണ്ട് വ്യക്തികളായിരുന്നു. ഇത് ഞാൻ എല്ലായ്പ്പോഴും പറയാറുള്ള കാര്യമാണ്. ഇത് വളരെ നേരത്തെ തന്നെ എനിക്ക് മനസ്സിലായി. ”

“സത്യത്തിൽ രണ്ട് വ്യക്തികൾ​ പിരിയുന്നത് ദുഃഖകരമായ കാര്യമാണ്. ഒരു മുതിർന്ന വ്യക്തിയെന്ന നിലയിലും, ജീവിതത്തിൽ ബന്ധങ്ങളിലൂടെ കടന്നു പോയ ഒരാൾ എന്ന നിലയിലും എനിക്ക് പറയാനാകും, ഒരു ബന്ധം ശരിയാകുന്നില്ല എന്ന് തോന്നിയാൽ അത് കൂട്ടിയൊട്ടിക്കാൻ ശ്രമിക്കരുത്. കാരണം ഒരു കൊടുങ്കാറ്റിൽ അത് ഒന്നിച്ച് തകർന്ന് പോകും. അതിനാൽ പിരിയുന്നതാണ് നല്ലത്. പുറത്തുള്ളവർക്കാണ് അതൊരു വേർപിരിയലായി തോന്നുന്നത്, പക്ഷെ ഞങ്ങൾ അതിന് നേരത്തേ തന്നെ തയ്യാറെടുത്തിരുന്നു,” ശ്രുതി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook