കാമുകൻ മൈക്കിൾ കോർസലെയുമായി വേർപിരിഞ്ഞശേഷം സിനിമ, സംഗീത മേഖലയിൽ സജീവമാകാനുളള ഒരുക്കത്തിലാണ് കമൽഹാസന്റെ മകൾ ശ്രുതി ഹാസൻ. വർഷങ്ങളോളം പ്രണയിച്ചശേഷമാണ് ശ്രുതിയും മൈക്കിളും വേർപിരിഞ്ഞത്. പ്രണയ തകർച്ചയ്ക്കുശേഷമുളള ജീവിതത്തെക്കുറിച്ചും മൈക്കിളുമായുളള പ്രണയത്തെക്കുറിച്ചും പറഞ്ഞിരിക്കുകയാണ് ശ്രുതി. ലക്ഷ്മി മാഞ്ചു അവതാരകയായ ‘ഫീറ്റ് അപ് വിത് സ്റ്റാർസ് തെലുങ്ക്’ ഷോയിലാണ് ശ്രുതി തന്റെ പ്രണയത്തെക്കുറിച്ച് മനസ് തുറന്നത്.
ജീവിതത്തിൽ തനിക്ക് ഒരേയൊരു പ്രണയമേ ഉണ്ടായിട്ടുളളൂവെന്നും അത് നല്ലൊരു അനുഭവമായിരുന്നെന്നും ശ്രുതി പറഞ്ഞു. കരിയറിന്റെ തുടക്കത്തിലാണ് ശ്രുതി പ്രണയത്തിലായത്. ഇതിനെക്കുറിച്ച് അവതാരക ചോദിച്ചപ്പോൾ ശ്രുതിയുടെ മറുപടി ഇതായിരുന്നു, ”വളരെ കൂളും നിഷ്കളങ്കയുമായ വ്യക്തിയാണ് ഞാൻ. ഇതറിയാവുന്നതുകൊണ്ടുതന്നെ എനിക്കു ചുറ്റുമുളളവർ എന്റെ മേൽ അധികാരം കാണിക്കുന്നത്. വളരെ ഇമോഷണലായ വ്യക്തിയാണ് ഞാനെന്നു അറിയാവുന്നതുകൊണ്ടാണ് അവരതു ചെയ്യുന്നത്. എങ്കിലും അതൊരു നല്ല അനുഭവമായിരുന്നു.”
Read Also: ലോകത്ത് ഏറ്റവും കൂടുതൽ കറുത്ത വസ്ത്രങ്ങളുള്ള സ്ത്രീ നിങ്ങളാണോ?: ശ്രുതി ഹാസനോട് ആരാധകൻ
പ്രണയം തകർന്നെങ്കിലും അതിൽ നിരാശയോ പശ്ചാത്താപമോ ഇല്ലാതെ, അതൊരു നല്ല അനുഭവമായി ഉൾക്കൊണ്ട് മുന്നോട്ടു പോവുകയാണ് ശ്രുതി ഹാസൻ. ”പ്രണയത്തിന് പ്രത്യേകിച്ച് ഫോർമുല ഒന്നുമില്ല. നല്ല സുഹൃത്തുക്കൾ ചില സമയത്ത് മോശമായവരായും മാറാം. എനിക്കതിൽ പശ്ചാത്താപമൊന്നുമില്ല. എന്നെ സംബന്ധിച്ച് അതൊരു നല്ല അനുഭവമായിരുന്നു. ഒരുപാട് കാര്യങ്ങൾ മനസിലാക്കാനും പഠിക്കാനും സാധിച്ചു. ഞാനെപ്പോഴും ജീവിതത്തിലെ ഒരേയൊരു പ്രണയത്തിനായാണ് കാത്തിരുന്നത്. ദീർഘകാലം കാത്തിരുന്ന ആ പ്രണയം ഇതായിരുന്നുവെന്നു പറയുന്നതിൽ ഞാൻ സന്തോഷിക്കുന്നു.”
ലണ്ടൻ സ്വദേശിയായ മൈക്കിൾ കോർസലെ തിയേറ്റർ ആർട്ടിസ്റ്റും സംഗീതജ്ഞനുമാണ്. ഏതാനും വർഷം പ്രണയിച്ചശേഷം 2016 ലാണ് സോഷ്യൽ മീഡിയയിലൂടെ ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയിച്ചത്. ഇതിനുശേഷം ഇരുവരും പൊതുവിടങ്ങളിലും ചടങ്ങുകളിലും ഒരുമിച്ചെത്തി. എന്നാൽ കഴിഞ്ഞ ഏപ്രിലിൽ ശ്രുതിയുമായി വേർപിരിയുകയാണെന്ന് ട്വിറ്റർ കുറിപ്പിലൂടെ മൈക്കിൾ അറിയിച്ചു. ‘ജീവിതം ഞങ്ങളെ ഭൂമിയുടെ രണ്ടറ്റത്താക്കി മാറ്റിയിരിക്കുന്നു. അതിനാല്‍ ഇനി ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും. എന്നിരുന്നാലും ശ്രുതി എനിക്ക് പ്രിയപ്പെട്ടവളായിരിക്കും’- മൈക്കിള്‍ ട്വീറ്റ് ചെയ്തു.
“വീണ്ടും തുടങ്ങുന്നു, ഒരു പുതിയ ഘട്ടം, എല്ലാ സ്‌നേഹത്തിനും വെളിച്ചത്തിനും പാഠങ്ങള്‍ക്കും നന്ദി. കൂടുതല്‍ സംഗീതം, കൂടുതല്‍ സിനിമകള്‍, കൂടുതല്‍ ഞാന്‍. എനിക്കൊപ്പം എന്നത് തന്നെയാണ് എന്റെ എക്കാലത്തേയും വലിയ പ്രണയകഥ,” ഇതായിരുന്നു ശ്രുതി ഹാസൻ സോഷ്യൽ മീഡിയയിൽ എഴുതിയത്.
‘ലാബം’ എന്ന തമിഴ് ചിത്രമാണ് ശ്രുതി ഹാസന്റേതായി റിലീസിന് ഒരുങ്ങുന്നത്. ശ്രീ രഞ്ജനി എന്നാണ് ശ്രുതിയുടെ കഥാപാത്രത്തിന്റെ പേര്. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകൻ. വിജയ് സേതുപതിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെസന്തോഷം ശ്രുതിഹാസൻ ഒരു അഭിമുഖത്തിൽ പങ്കുവച്ചിരുന്നു. ”എന്റെ ഇഷ്ട നടന്മാരിൽ ഒരാളാണ് വിജയ് സേതുപതി. അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നത് അതിശയകരമാണ്,” ശ്രുതി പറഞ്ഞു.