scorecardresearch
Latest News

അപ്പയെ നേരിൽ കണ്ട സന്തോഷത്തിൽ ശ്രുതി ഹാസൻ

ദീർഘനാളുകൾക്കുശേഷമാണ് അച്ഛനെ കാണുന്നതെന്നും ശ്രുതി ഇൻസ്റ്റഗ്രാമിൽ വെളിപ്പെടുത്തിയിട്ടുണ്ട്

Shruti Haasan, ie malayalam

അച്ഛൻ കമൽഹാസനൊപ്പമുളള ചില ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ശ്രുതി ഹാസൻ. യുഎസിൽനിന്നും ഇന്നലെയാണ് ശ്രുതി ചെന്നൈയിലെത്തിയത്. ശ്രുതിയുടെ ബോയ്ഫ്രണ്ടാണെന്ന് പാപ്പരാസികൾ പറയുന്ന ശന്തനു ഹസാരികയും ശ്രുതിക്കൊപ്പം ചെന്നൈയിൽ എത്തിയിട്ടുണ്ട്.

വളരെ നാളുകൾക്കുശേഷമാണ് അച്ഛനും മകളും നേരിൽ കാണുന്നത്. വളരെ നാളുകൾക്കുശേഷം അപ്പയെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം ശ്രുതി ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. തിരക്ക് കാരണം രണ്ടുപേർക്കും നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ലെന്നും ദീർഘനാളുകൾക്കുശേഷമാണ് അച്ഛനെ കാണുന്നതെന്നും ശ്രുതി ഇൻസ്റ്റഗ്രാമിൽ വെളിപ്പെടുത്തിയിട്ടുണ്ട്. കമലിനൊപ്പം കുറച്ചു സമയം ചെലവിട്ടശേഷമാണ് ശ്രുതി മടങ്ങിയത്.

ശന്തനുവിനൊപ്പമുളള ചില ചിത്രങ്ങളും ശ്രുതി പോസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രുതിയുടെ പിറന്നാൾ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് താരം വീണ്ടും പ്രണയത്തിലാണോയെന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമായത്. ഡൂഡിള്‍ ആര്‍ട്ടിസ്റ്റും ഇല്ലുസ്‌ട്രേറ്ററുമായ ശന്തനു ഹസാരികയ്ക്ക് ഒപ്പമുളള ശ്രുതിയുടെ ചിത്രങ്ങളായിരുന്നു പുതിയ ഗോസിപ്പുകൾക്ക് കാരണം.

അമേരിക്കൻ നാടക നടനായ മൈക്കിൾ കോർസലെയുമായുളള ശ്രുതിയുടെ പ്രണയവും വേർപിരിയലും അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. നാലു വർഷങ്ങളോളം പ്രണയിച്ചശേഷമാണ് ശ്രുതിയും മൈക്കിളും വേർപിരിഞ്ഞത്. ജീവിതത്തിൽ തനിക്ക് ഒരേയൊരു പ്രണയമേ ഉണ്ടായിട്ടുളളൂവെന്നും അത് നല്ലൊരു അനുഭവമായിരുന്നെന്നുമാണ് വേർപിരിയലിനുശേഷം ശ്രുതി പറഞ്ഞത്.

Read More: അന്ന് ആരുമെന്നെ പിന്തുണച്ചില്ല; വിവാഹബന്ധം വേർപ്പെടുത്തിയ നാളുകളോർത്ത് അമല പോൾ

നെറ്റ്ഫ്ലിക്സിനുവേണ്ടി ചെയ്ത നാഗ് അശ്വിന്റെ തെലുങ്ക് ആന്തോളജി ഷോർട് ഫിലിം പിട്ട കാതലുവിലാണ് ശ്രുതിയെ അവസാനമായി കണ്ടത്. ലാംബം ആണ് ശ്രുതിയുടേതായി ഉടൻ റിലീസിനൊരുങ്ങുന്ന സിനിമ. ചിത്രത്തിൽ വിജയ് സേതുപതിയാണ് പ്രധാന റോളിലെത്തുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Shruti haasan meets dad kamal after ages shares adorable pics