/indian-express-malayalam/media/media_files/uploads/2023/01/Shruti-Haasan-Chiranjeevi.jpg)
യൂട്യൂബ് ട്രെൻഡിംഗിൽ ഇടം പിടിച്ചിരിക്കുകയാണ് ചിരഞ്ജീവിയുടെ പുതിയ ചിത്രമായ 'വാൾട്ടർ വീരയ്യ'യിലെ 'ശ്രീ ദേവി ചിരഞ്ജീവി' എന്ന ഗാനം. ഇതുവരെ 11 ദശലക്ഷം വ്യൂസ് ആണ് ഗാനം നേടിയിരിക്കുന്നത്. മഞ്ഞിൽ നൃത്തം ചെയ്യുന്ന ശ്രുതിഹാസനേയും ചിരഞ്ജീവിയേയുമാണ് ഈ ഗാനരംഗത്തിൽ കാണാനാവുക. മനോഹരമായൊരു ഗാനമാണെങ്കിലും, ഗാനരംഗത്തിന്റെ ചിത്രീകരണം തനിക്ക് അത്ര സുഖകരമായ അനുഭവമായിരുന്നില്ല എന്നു പറയുകയാണ് ശ്രുതിഹാസൻ.
ദേവി ശ്രീ പ്രസാദ് രചന നിർവ്വഹിച്ച ഈ ഗാനത്തിന്റെ ചിത്രീകരണം നടന്നത് യൂറോപ്പിലാണ്. സാരിയണിഞ്ഞ് മഞ്ഞിൽ ഡാൻസ് ചെയ്ത അനുഭവത്തെ കുറിച്ച് ശ്രുതി പറയുന്നതിങ്ങനെ. “സാരിയുടുത്ത് മഞ്ഞിൽ മറ്റൊരു ഗാനവും ഷൂട്ട് ചെയ്യേണ്ടി വരില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം ശാരീരികമായി വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ് അത്. പക്ഷേ ആളുകൾ ഇപ്പോഴും അതു കാണാൻ ആഗ്രഹിക്കുന്നു. അതിനാൽ ഞങ്ങളത് ചെയ്യേണ്ടിയും വരുന്നു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇത് ശരിക്കും അസുഖകരമായൊരു അനുഭവമാണ്.”
കാലങ്ങളായി, ഹേമ മാലിനിയെപ്പോലുള്ള മുതിർന്ന നടിമാർ മുതലിങ്ങോട്ട് പലരും സാരി പോലെയുള്ള നേർത്ത വസ്ത്രങ്ങൾ അണിഞ്ഞ് കഠിനമായ തണുപ്പിൽ നൃത്തം ചെയ്യുന്ന രംഗങ്ങൾ ബോളിവുഡ് സിനിമയിലെ സ്ഥിരം കാഴ്ചകളിലൊന്നാണ്. ഇത്തരം പ്രവണതകൾ നായികമാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് മുൻപ് നടി ശർമിള ടാഗോറും ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. "ഗുൻ ഗുന രഹെൻ ഹേ ഭവാർ എന്ന ഗാനമായിരുന്നു അത്. ഖന്ന കമ്പിളിയുടുപ്പുകൾ ധരിച്ചിരുന്നു, എനിക്ക് നൽകിയ വസ്ത്രം സാരി. ഷോട്ടുകൾക്കിടയിൽ ഞാൻ നിന്നു വിറച്ചു, ക്യാമറ ഓണാക്കുമ്പോൾ ഒന്നും സംഭവിക്കാത്തതുപോലെ നൃത്തം ചെയ്തു."
മഞ്ഞിൽ സാരിയുടുത്ത് നൃത്തം ചെയ്യുന്ന നായികയെന്ന ട്രെൻഡ് ഇന്ത്യൻ സിനിമയിൽ താരതമ്യേന ഇന്ന് കുറവാണെങ്കിലും പൂർണ്ണമായും ആ ട്രെൻഡ് നിന്നുപോയിട്ടില്ല എന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് 'ശ്രീ ദേവി ചിരഞ്ജീവി' എന്ന ഗാനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.