/indian-express-malayalam/media/media_files/uploads/2017/09/Shruti1.jpg)
സിനിമ വേണോ നൃത്തം വേണോ അതോ പഠിച്ച പണിയെടുത്ത് നല്ലൊരു ആര്‍ക്കിടെക്ട് ആകണോ എന്നു ചോദിച്ചപ്പോള്‍ 'എനിക്കിതു മൂന്നും വേണം. ഇനി ഭാവിയില്‍ വേറെ വല്ല ഇഷ്ടങ്ങളും വന്നാല്‍ ഞാന്‍ അതും ചെയ്യും. അത്രയ്ക്ക് പ്രണയമാണ് എനിക്ക് ജീവിതത്തോട്' എന്ന് പറയാന്‍ ശ്രുതിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ശ്രുതി രാമചന്ദ്രന്‍ എന്ന കൊച്ചിക്കാരിയെ നമ്മള്‍ കണ്ടിട്ടുണ്ട്. രഞ്ജിത് സംവിധാനം ചെയ്ത 'ഞാന്‍' എന്ന സിനിമയിലെ ദുല്‍ഖറിന്റെ മുറപ്പെണ്ണായ സുശീലയായും, 'പ്രേതം' എന്ന സിനിമയിലെ പ്രേതമായും (ക്ലാര), പിന്നെ ഒടുവിലിറങ്ങിയ സണ്‍ഡേ ഹോളിഡേയില്‍ സിതാരയായും. എന്നാല്‍ ശ്രുതി ഇങ്ങനെയൊന്നുമല്ല. ഈ കഥാപാത്രങ്ങളൊന്നുമായി തനിക്ക് യാതൊരു സാമ്യവുമില്ല എന്നാണ് ശ്രുതി പറയുന്നത്.
ആദ്യ ചിത്രം രഞ്ജിത്തിനും ദുല്‍ഖറിനുമൊപ്പം. അതും ചരിത്രപ്രാധാന്യമുള്ള ഒരു സിനിമയില്‍. എങ്ങനെയാണ് രഞ്ജിത് ശ്രുതിയെ കണ്ടെത്തുന്നത്?
ഞാനൊരു നര്‍ത്തകി കൂടിയാണ്. എന്റെ ഡാന്‍സ് ടീച്ചര്‍ നാരായണി ആന്റിയുടെ ക്ലാസില്‍ വച്ചാണ് സംവിധായകന്‍ രഞ്ജിത് എന്നെ കാണുന്നത്. അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്നു ചോദിച്ചു. സിനിമ എന്താണെന്നറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടാകുമല്ലോ. അങ്ങനെ ഒരു കൗതുകത്തിന്റെ പുറത്താണ് സമ്മതം മൂളുന്നത്. പക്ഷെ അഭിനയത്തില്‍ ഹരിശ്രീ കുറിക്കാന്‍ ഏറ്റവും നല്ലയിടം തന്നെയായിരുന്നു അത്.
ശ്രുതി എന്ന മോഡേണ്‍ പെണ്‍കുട്ടിക്ക് സുശീല എന്ന നാടന്‍ പെണ്‍കുട്ടിയാകാന്‍ പ്രയാസമുണ്ടായിരുന്നോ?
സുശീലയ്ക്ക് ശ്രുതിയുമായി ഒരു സാമ്യവുമില്ല. പക്ഷെ, സുശീല വസ്ത്രധാരണത്തില്‍ മാത്രമേ നാടന്‍ ആയിരുന്നുള്ളൂ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വിദ്യാഭ്യാസമുള്ള, നന്നായി വായിക്കുന്ന, ചിന്തിക്കുന്ന ബുദ്ധിമതിയായ പെണ്‍കുട്ടിയാണ് സുശീല. ശ്രുതി അത്രയൊന്നും ബുദ്ധിമതിയാണോ എന്നെനിക്കറിയില്ല.
പിന്നെ ഓരോ കഥാപാത്രം തിരഞ്ഞെടുക്കുമ്പോഴും ഞാന്‍ ശ്രദ്ധിക്കുന്നത്, ഞാനുമായി ഒരു സാമ്യവുമില്ലാത്ത കഥാപാത്രങ്ങള്‍ ആയിരിക്കണം എന്നതാണ്. അതിലല്ലേ എന്തെങ്കിലും ഒരു വെല്ലുവിളിയുള്ളൂ. എല്ലാ അര്‍ത്ഥത്തിലും സുശീല വെല്ലുവിളികള്‍ നിറഞ്ഞ ഒരു കഥാപാത്രമായിരുന്നു. ഒന്ന് ആദ്യ സിനിമ, അതും അത്രയും അനുഭവ പരിചയമുള്ള ആളുകള്‍ക്കൊപ്പം. പിന്നെ സിനിമയില്‍ ഉപയോഗിക്കുന്ന മലയാളമാണെങ്കിലും എനിക്ക് കുറച്ചു ബുദ്ധിമുട്ടായിരുന്നു. അതില്‍ സുശീല ഒരു കവിത ചൊല്ലുന്ന രംഗമുണ്ട്. എത്ര തവണ ശ്രമിച്ചിട്ടാണെന്നോ അതൊന്നു പഠിക്കാന്‍ സാധിച്ചത്. അന്നെനിക്ക് 22 വയസേ ഉണ്ടായിരുന്നുള്ളൂ. ആ സിനിമയെ ഉള്‍ക്കൊള്ളാനുള്ള പക്വത ഉണ്ടായിരുന്നോ എന്നൊന്നും അറിയില്ല. രഞ്ജിത് സാറിന്റെ ക്ഷമ അപാരമാണ്.
പിന്നീട് രഞ്ജിത് ശങ്കറിന്റെ പ്രേതത്തില്‍ ടൈറ്റില്‍ റോളിലാണ് പ്രേക്ഷകര്‍ ശ്രുതിയെ കണ്ടത്. അതിനിടയില്‍ ഒരു വലിയ ഗ്യാപ് ഉണ്ടായിരുന്നില്ലേ?
'ഞാന്‍' കഴിഞ്ഞതിനു ശേഷം പഠിക്കാനായി വിദേശത്തേക്കു പോയി. കോഴ്‌സ് കഴിഞ്ഞു തിരിച്ചു വന്നതിനു ശേഷം ഒരിക്കല്‍ ജിമ്മില്‍ വച്ച് നടന്‍ ജയസൂര്യയെ കണ്ടു. ഞാന്‍ ജയസൂര്യയുടെ വലിയ ഫാന്‍ ആണ്. ജയേട്ടന്‍ എന്നോട് പ്രേതത്തിലെ നായികയാകാമോ എന്നു ചോദിച്ചു. പക്ഷെ എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. എങ്കില്‍ സംവിധായകന്‍ രഞ്ജിത് ശങ്കറിനോടൊന്നു സംസാരിക്കാന്‍ പറഞ്ഞു. രഞ്ജിത്താണ് എന്നോട് കഥ പറയുന്നത്. രഞ്ജിത്-ജയസൂര്യ കൂട്ടുകെട്ടെന്നു പറയുന്നത് എത്ര വലുതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്തുകൊണ്ടൊന്നു ശ്രമിച്ചുകൂടാ എന്നെനിക്കും തോന്നി അപ്പോള്‍.
ജയേട്ടന്റെ (ജയസൂര്യ) ഭാര്യ സരിത ചേച്ചിയാണ് ചിത്രത്തില്‍ എന്റെ കോസ്റ്റ്യൂം ഒക്കെ ഡിസൈന്‍ ചെയ്തത്. കണ്ടു മടുത്ത വെള്ളസാരി പ്രേതം ആയിരുന്നില്ല എന്നത് സത്യത്തില്‍ ഒരു ആശ്വാസമായിരുന്നു. ശരിക്കും പ്രേതത്തിനു ശേഷമാണ് ഞാന്‍ സിനിമയെ കുറച്ചുകൂടി ഗൗരവത്തോടെ കാണാന്‍ തുടങ്ങിയത്. അതിന് ജയേട്ടനും ഒരു കാരണക്കാരനാണ്. പുള്ളി അത്രയും പാഷനേറ്റാണ് സിനിമയോട്. ജയേട്ടന്‍ സിനിമയെ കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ കേള്‍ക്കുന്നവര്‍ക്കൊക്കെ തോന്നും സിനിമയുടെ ഒരു ഭാഗം ആകണമെന്ന്.
പ്രേതത്തിനു ശേഷമായിരുന്നു എന്റെ കല്യാണം. പിന്നീട് ഒരു ഗ്യാപ്പിനുശേഷമാണ് സണ്‍ഡേ ഹോളിഡേയില്‍ അഭിനയിച്ചത്. അതിന് മുമ്പ് കുറേ തിരക്കഥകള്‍ കേട്ടിരുന്നു. ഇഷ്ടപ്പെടാത്തതുകൊണ്ടൊന്നും അല്ല ചെയ്യാതിരുന്നത്. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഇതിനിടയില്‍ രസകരമായൊരു സംഭവം ഉണ്ടായി. സണ്‍ഡേ ഹോളിഡേയുടെ ഷൂട്ടിങ് കഴിഞ്ഞിറങ്ങുമ്പോള്‍ എന്നോടൊരാള്‍ ചോദിച്ചു 'ങേ, ശ്രുതി അഭിനയിക്കുന്നുണ്ടോ?' എന്ന്. കാര്യമന്വേഷിച്ചപ്പോള്‍ പുള്ളിയുടെ മറുപടി 'അല്ല, കല്യാണം ഒക്കെ കഴിഞ്ഞില്ലേ. അപ്പോള്‍ അഭിനയിക്കുന്നുണ്ടാകില്ലെന്നാ ഞാന്‍ കരുതിയത്. ക്ഷമിക്കണം കേട്ടോ. ഞാന്‍ കാരണം ശ്രുതിയുടെ ഒരുപാട് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്' എന്ന്. ഞാന്‍ കുറേ ചിരിച്ചു. പക്ഷെ ആളുകളുടെ മനോഭാവം ഇതാണ്. കല്യാണം കഴിഞ്ഞാല്‍ പിന്നെ സ്ത്രീകള്‍ അഭിനയിക്കില്ല. സത്യത്തില്‍ എന്നെ ഏറ്റവും നന്നായി പിന്തുണയ്ക്കുന്ന ഒരാള്‍ എന്റെ ഭര്‍ത്താവ് ഫ്രാന്‍സിസ് ആണ്. എത്ര പേരുണ്ട് വിവാഹത്തിന് ശേഷം അഭിനയിക്കുന്നവര്‍. അനു സിതാര ഒക്കെ അങ്ങനെയല്ലേ.
/indian-express-malayalam/media/media_files/uploads/2017/09/sr4.jpg)
ഒരു മുഴുവന്‍ സമയ അഭിനേത്രി ആകാന്‍ താത്പര്യമില്ല എന്നാണോ?
അങ്ങനെയല്ല. നേരത്തെ പറഞ്ഞ പോലെ അഭിനയത്തെ ഞാനിപ്പോഴാണ് സീരിയസ് ആയി കണ്ടു തുടങ്ങിയത്. പക്ഷെ കിട്ടുന്ന സിനിമകള്‍ എല്ലാം വാരിവലിച്ച് ചെയ്യാന്‍ താത്പര്യമില്ല. ചെറിയ കഥാപാത്രമാണെങ്കിലും നല്ല സിനിമയുടെ ഭാഗമാകണം എന്നാണ് ആഗ്രഹം. പിന്നെ വെറുതെ നായകന്റെ നിഴലാകുന്ന നായികയെക്കാള്‍ നമുക്കെന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അതല്ലേ നല്ലത്.
സണ്‍ഡേ ഹോളിഡേയില്‍ നായകനെ ചതിച്ചു പോകുന്ന മുറപ്പെണ്ണായാണ് ശ്രുതി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. കരിയറിന്റെ തുടക്കത്തില്‍ ഇത്തരം നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ആശങ്കയില്ലേ?
ചിത്രത്തിന്റെ സംവിധായകന്‍ ജിസ്സ് എന്നോട് കഥ പറയുമ്പോഴേ പറഞ്ഞിരുന്നു, സിതാര എന്ന കഥാപാത്രത്തിന് അല്‍പം നെഗറ്റീവ് ടച്ച് ഉണ്ട്, അഭിനയിക്കുന്നതില്‍ കുഴപ്പമുണ്ടോ എന്ന്. കേട്ടപ്പോള്‍ എനിക്കാദ്യം കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ഒരുപാട് ആലോചിച്ചു. പക്ഷെ ഒടുവില്‍ സിനിമ ചെയ്യാമെന്നു തന്നെ തീരുമാനിച്ചു. കാരണം, ഞാനൊരു അഭിനേതാവാണ്. അതും വളരെ അത്യാഗ്രഹിയായ ഒരു അഭിനേതാവ്. ഈ കഥാപാത്രത്തെ ഒരു വെല്ലുവിളിയായി ഏറ്റെടുത്താണ് ഞാന്‍ അവതരിപ്പിച്ചത്.
ഇതുവരെ ചെയ്ത മൂന്നു ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. മൂന്നു കഥാപാത്രങ്ങള്‍ക്കും അതിന്റേതായ പ്രത്യേകത ഉണ്ടായിരുന്നു. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കാറ്?
പ്രധാനമായും ശ്രദ്ധിക്കുന്നത്, ശ്രുതി എന്ന വ്യക്തിയോട് ആ കഥാപാത്രത്തിന് എത്രത്തോളം സാമ്യമുണ്ട് എന്നതാണ്. ഞാനല്ലാത്ത കഥാപാത്രങ്ങളാണ് എനിക്ക് ചെയ്യേണ്ടത്. സുശീലയും ക്ലാരയും സിതാരയുമൊക്കെ അങ്ങനെയായിരുന്നു. പ്രത്യേകിച്ച് പ്രേതത്തിലെ ക്ലാര, വൈകാരികമായി വളരെ വെല്ലുവിളികള്‍ ഉള്ള ഒരു കഥാപാത്രമായിരുന്നു. അനാഥ പെണ്‍കുട്ടി, എയ്ഡ്‌സ് രോഗി ഒക്കെയായിരുന്നു ക്ലാര. അത്തരം കഥാപാത്രങ്ങളാണ് എനിക്ക് ചെയ്യേണ്ടത്. ഇപ്പോള്‍ ശ്രുതി എന്ന നടിക്ക് സിനിമയില്‍ ഒരിടം ഇല്ല. അതുകൊണ്ടു തന്നെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളാണ് ചെയ്യാന്‍ ആഗ്രഹം. പിന്നെ നായികാ കഥാപാത്രങ്ങളേ ചെയ്യൂ എന്ന നിര്‍ബന്ധവും എനിക്കില്ല. ചെയ്യുന്ന കഥാപാത്രങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കണം. അഭിനയ സാധ്യത ഉള്ളതായിരിക്കണം. പുതുതായി വരുന്ന ഒരുപാടു പേര്‍ പറയുന്നതും ഇതു തന്നെയാണ്. നായിക അല്ലെങ്കില്‍ നായകന്‍ എന്നതിനേക്കാള്‍ നല്ലൊരു നടന്‍/നടി ആകാനാണ് എല്ലാവരും ശ്രമിക്കുന്നത്. അതു നമ്മുടെ മലയാള സിനിമയുടെ തന്നെ പ്രത്യേകതയാണെന്നു തോന്നുന്നു. മലയാളി പ്രേക്ഷകരുടെ അംഗീകാരം ലഭിക്കാനാണ് ഏറ്റവും പ്രധാനം. അവര്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ അതിലുമുപരി മറ്റൊന്നുമില്ല.
വീണ്ടും ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടിനൊപ്പം ശ്രുതി വരാന്‍ പോകുന്നു എന്നൊരു വാര്‍ത്തയുണ്ടല്ലോ? പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗത്തെ കുറിച്ച്...
അതിലൊരു ചെറിയ മാറ്റമുണ്ട്. പുണ്യാളന്‍ ആദ്യ ഭാഗത്തില്‍ ജോയ് താക്കോല്‍കാരനും ഭാര്യയും തമ്മില്‍ വളരെ മനോഹരമായൊരു ബന്ധമാണുള്ളത്. എന്നാല്‍ രണ്ടാം ഭാഗത്തേക്ക് എത്തുമ്പോള്‍ ചിത്രത്തില്‍ നായികയ്ക്ക് അത്ര പ്രാധാന്യം ഇല്ല. സ്‌ക്രിപ്റ്റ് എഴുതി വന്നപ്പോള്‍ അങ്ങനെയായിരുന്നില്ല. പക്ഷെ, ഷൂട്ട് തുടങ്ങിയപ്പോഴാണ് ഞങ്ങള്‍ക്കൊക്കെ അതു തോന്നിയത്. ഇതു നായകനെ കേന്ദ്രീകരിച്ചു മാത്രമുള്ള സിനിമയാണ്. രഞ്ജിത് ശങ്കര്‍ ഉള്‍പ്പെടെ ഞങ്ങളെല്ലാവരും കൂടി ആലോചിച്ചാണ് ചിത്രത്തില്‍ നായിക വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയത്. അതുകൊണ്ട് പുണ്യാളന്റെ രണ്ടാം ഭാഗത്തില്‍ ഞാനില്ല.
അടുത്തിടെ പത്മപ്രിയ പറഞ്ഞിരുന്നു, നടികള്‍ക്ക് സ്‌ക്രിപ്റ്റ് പറഞ്ഞു തരുമ്പോള്‍ പലപ്പോഴും അവരുടെ കഥാപാത്രത്തെക്കുറിച്ച് മാത്രമേ പറയൂ. അഭിനയിക്കാന്‍ എത്തുമ്പോഴാണ് നമ്മള്‍ വിചാരിച്ചുവച്ചതല്ല സിനിമയില്‍ കഥാപാത്രത്തിന്റെ പ്രാധാന്യം എന്നു മനസിലാകുന്നതെന്ന്?
എനിക്ക് തിരക്കഥ പറഞ്ഞു തരാന്‍ വരുന്നവരോട് മുഴുവനായും കേള്‍ക്കണം എന്നു ഞാന്‍ ആവശ്യപ്പെടാറുണ്ട്. അതു കേട്ടില്ലെങ്കില്‍, നമ്മുടെ കഥാപാത്രം മറ്റുകഥാപാത്രങ്ങളെ എത്തരത്തില്‍ ബാധിക്കുന്നതാണെന്ന് മനസിലാകില്ല. കഥാപാത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചല്ല ഞാന്‍ പറയുന്നത്.
പുതിയ സിനിമകള്‍?
പുതിയ സ്‌ക്രിപ്റ്റുകള്‍ കേള്‍ക്കുന്നുണ്ട്. ചിലതൊക്കെ ഇഷ്ടമായിട്ടുമുണ്ട്. അന്തിമമായൊരു തീരുമാനം എടുത്തിട്ടില്ല.
സിനിമയിലേക്കു വരുന്ന എല്ലാവര്‍ക്കും ഉണ്ടാകും ഒരു ഡ്രീം റോള്‍. ശ്രുതിക്കുമില്ലേ?
തീര്‍ച്ചയായും. നൃത്തത്തിന് പ്രാധാന്യമുള്ള ഒരു കഥാപാത്രം ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. പിന്നെ സൈക്കളോജിക്കല്‍ ത്രില്ലേഴ്‌സ്. നേരത്തേ പറഞ്ഞതു പോലെ ഞാനൊരു അത്യാഗ്രഹിയാണ്. അതുകൊണ്ട് എല്ലാ തരം കഥാപാത്രങ്ങളും എനിക്ക് ചെയ്യണം, എല്ലാവരുടേയും കൂടെ അഭിനയിക്കുകയും ചെയ്യണം. പിന്നെ ആരുടെ കൂടെ എന്നതിനെക്കാള്‍ എന്റെ കഥാപാത്രം എന്ത് എന്നത് തന്നെയാണ് പ്രധാനം.
മലയാള സിനിമ വലിയ ഒരു പ്രതിസന്ധിയില്‍ കൂടി കടന്നു പോകുന്ന സമയമാണ്. തങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നിരവധി നടികള്‍ മുന്നോട്ടു വരുന്നുണ്ട്. അത്തരത്തില്‍ എന്തെങ്കിലും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?
ഭാഗ്യംകൊണ്ട് എനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. പിന്നെ ഞാന്‍ ഭാഗമായ സിനിമകളുടെ ടീം അത്രയ്ക്കും നല്ലതായിരുന്നു. ദുല്‍ഖറും, ആസിഫും, ജയേട്ടനും സിനിമകളിലെ മറ്റാള്‍ക്കാരുമൊക്കെ വളരെ നല്ല രീതിയിലാണ് എന്നോട് പെരുമാറിയിട്ടുള്ളത്.
ഒരു പ്രേക്ഷക എന്ന നിലയില്‍ നിന്നും മാറി ഒരു അഭിനേതാവ് എന്ന നിലയില്‍ എത്തിയപ്പോള്‍ സിനിമ കാഴ്ചയില്‍ എന്തൊക്കെ മാറ്റങ്ങളാണ് വന്നത്?
ഇപ്പോഴാണ് ഞാന്‍ മലയാള സിനിമകള്‍ കൂടുതല്‍ കാണാന്‍ തുടങ്ങിയത്. നേരത്തേ സിനിമ കണ്ട് പെട്ടെന്നു തന്നെ വിധിയെഴുതുമായിരുന്നു. 'ഓഹ്! ഈ സിനിമ കൊള്ളില്ല' എന്നു പറയാന്‍ പണ്ട് എളുപ്പമായിരുന്നു. ഇപ്പോള്‍ ഓരോരുത്തരുടേയും അഭിനയം ശ്രദ്ധിക്കും. നേരത്തേ സിനിമ കണ്ടിരുന്നത് ആസ്വദിക്കാന്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ പഠിക്കാന്‍ കൂടിയാണ് ഞാന്‍ സിനിമ കാണുന്നത്.
/indian-express-malayalam/media/media_files/uploads/2017/09/sr5.jpg)
സിനിമ സീരിയസ് ആയി പഠിക്കാന്‍ പ്ലാന്‍ ഉണ്ടോ?
ഇതുവരേയ്ക്കും അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല. കാരണം സിനിമയില്‍ എന്റെ ഭാവി എന്താണെന്ന് എനിക്കു തന്നെ ഉറപ്പില്ലാത്ത ഒരു ഘട്ടത്തിലാണ് നില്‍ക്കുന്നത്. പക്ഷെ ഞാനിതിന്റെ ഭാഗമായി എന്നു തോന്നിത്തുടങ്ങിയാല്‍ അതേക്കുറിച്ച് ചിന്തിക്കും.
വീട്ടുകാരൊക്കെ സിനിമ കണ്ട് എന്താണ് പറയാറുള്ളത്?
എന്റെ ഏറ്റവും വലിയ പിന്തുണ അവരാണ്. വീട്ടുകാര്‍, ഭര്‍ത്താവ്, ഭര്‍ത്താവിന്റെ വീട്ടുകാര്‍. എല്ലാ സിനിമയും പല തവണ കാണും. വിമര്‍ശിക്കാറില്ല. വിമര്‍ശകന്‍ ഫ്രാന്‍സിസ് ആണ്. എനിക്ക് ചെറിയൊരു സിനിമാ പശ്ചാത്തലം ഉണ്ട്. എന്റെ അപ്പൂപ്പന്‍ എസ്.എ.നായര്‍ ഒരു പരസ്യകലാകാരന്‍ ആയിരുന്നു. ചെമ്മീന്‍ സിനിമയുടെ പ്രശസ്തമായ പോസ്റ്ററുകളൊക്കെ അദ്ദേഹമാണ് ചെയ്തത്. പക്ഷെ എന്റെ അമ്മയേയോ ചെറിയമ്മയേയോ സിനിമയിലേക്ക് അടുപ്പിച്ചിട്ടില്ല. സിനിമാക്കാര്‍ ആരെങ്കിലും വീട്ടിലേക്കു വന്നാല്‍ പോലും രണ്ടു പേരെയും ആ ഭാഗത്തേക്ക് അടുപ്പിക്കില്ലായിരുന്നുവത്രേ. ഞാന്‍ പത്താംക്ലാസില്‍ ആയിരുന്നപ്പോള്‍ അപ്പൂപ്പന്‍ മരിച്ചു പോയി. ഉണ്ടായിരുന്നെങ്കില്‍ എന്നെ പിന്തുണച്ചേനെ എന്നെനിക്ക് ഉറപ്പാണ്.
പുറത്ത് പോകുമ്പോള്‍ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയോ?
പ്രേതത്തിനു ശേഷമാണ് ആളുകള്‍ എന്നെ തിരിച്ചറിഞ്ഞു തുടങ്ങിയത്. സണ്‍ഡേ ഹോളിഡേ കഴിഞ്ഞതിന് ശേഷം ഒരു അഞ്ചു തവണ 'തേപ്പുകാരി' എന്ന വിളി ഞാന്‍ കേട്ടിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.