2018 മാര്‍ച്ചിലാണ് നടി ശ്രിയ ശരണ്‍ വിവാഹിതയായത്. റഷ്യന്‍ ടെന്നീസ് താരവും ബിസിനസ്മാനുമായ ആന്ദ്രേ കൊഷീവ് ആയിരുന്നു വരന്‍. വളരെ രഹസ്യമായിട്ടായിരുന്നു ശ്രിയയുടെ പ്രണയവും വിവാഹവും. അന്ധേരിയിലുള്ള വീട്ടില്‍ നിന്നും മാര്‍ച്ച് 12 ന് ശ്രിയയുടെ വിവാഹം കഴിഞ്ഞതായി ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നടിയുടെ കുടുംബം ഔദ്യോഗികമായി വിവാഹത്തെ കുറിച്ച് ഒന്നും തന്നെ പുറത്തുപറഞ്ഞുമില്ല. പിന്നീട് ഏറെ കഴിഞ്ഞ് താന്‍ വിവാഹിതയായ കാര്യവും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും ശ്രിയ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുകയും ചെയ്തു. മാര്‍ച്ച് 12 ന് അല്ല താന്‍ വിവാഹിതയായതെന്നും മാര്‍ച്ച് 19 ന് രാജസ്ഥാനിലെ ഉദയപൂരില്‍ നിന്നുമാണെന്നുമാണ് ശ്രിയ വെളിപ്പെടുത്തിയത്.
ഇതിന് ശേഷം ഭര്‍ത്താവുമൊത്തുളള ചിത്രങ്ങളൊന്നും തന്നെ സോഷ്യല്‍മീഡിയാ അക്കൗണ്ടുകളില്‍ ശ്രിയ പോസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ താന്‍ മോസ്കോയിലാണെന്ന് പറഞ്ഞാണ് ശ്രിയ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവാഹത്തിന് ശേഷം ഇത് ആദ്യമായാണ് ശ്രിയ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തുന്നതെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുന്‍പ് ഗോസിപ്പ് കോളങ്ങളില്‍ ശ്രിയയുടെ പേരിനൊപ്പം എത്തിയ ആള്‍ തന്നെയായിരുന്നു റഷ്യന്‍ ടെന്നിസ് താരവും ബിസിനസ്സുകാരനുമായ ആന്ദ്രേ കൊഷീവ്. മൂന്ന് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്ന ശ്രിയയുടെയും ആന്ദ്രേയുടെയും ചിത്രങ്ങളൊന്നും മാധ്യമങ്ങള്‍ക്ക് കിട്ടിയിരുന്നില്ല. മാത്രമല്ല വിവാഹക്കാര്യം നടി തന്നെ നിഷേധിക്കുകയും ചെയ്തിരുന്നു. വിവാഹ നിശ്ചയത്തിന്റെയും മെഹന്തി ആഘോഷങ്ങളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അതിവേഗം വൈറലാവുകയും ചെയ്തിരുന്നു.
ഉദയ്പൂരില്‍ നടന്ന വിവാഹം പാരമ്പര്യ ഹിന്ദു ആചാര പ്രകാരമായിരുന്നു നടത്തിയിരുന്നത്. ഇരുകുടുംബത്തിന്റെയും സമ്മതത്തോടെയായിരുന്നു വിവാഹം. ശ്രിയയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്. നടന്‍ മനോജ് ബാജ്‌പേയിയും ഭാര്യ ശബാനയും വിവാഹത്തില്‍ പങ്കെടുത്തിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
1982 ല്‍ ഹരിദ്വാറില്‍ നിന്നുമായിരുന്നു ശ്രിയ ശരണിന്റെ ജനനം. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ ശ്രിയ ക്യാമറയ്ക്ക് മുന്‍പില്‍ എത്തിയിരുന്നു. ആദ്യം ഒരു സംഗീത ആല്‍ബത്തിലായിരുന്നു ശ്രിയ അഭിനയിച്ചത്. മോഡലായി തിളങ്ങി നിന്ന ശ്രിയ 2001 ലായിരുന്നു ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ഇഷ്ടം എന്ന തെലുങ്ക് സിനിമയിലൂടെയായിരുന്നു ശ്രിയയുടെ അരങ്ങേറ്റം. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നിങ്ങനെ അന്യഭാഷ സിനിമകളില്‍ സജീവമാണ്. മലയാളത്തിലും രണ്ട് സിനിമകളില്‍ അഭിനയിച്ചിരുന്നു.