മകൾ രാധയ്ക്കും ഭർത്താവ് ആൻഡ്രേയ് കൊഷ്ചീവിനുമൊപ്പം മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ് നടി ശ്രിയ ശരൺ. വെക്കേഷൻ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.
2018 ലായിരുന്നു നടി ശ്രിയ ശരണും ആൻഡ്രേയ് കൊഷ്ചീവും വിവാഹിതരായത്. മാലിദ്വീപിൽ വച്ചാണ് ആൻഡ്രേയെ ആദ്യം പരിചയപ്പെട്ടതെന്നും അപ്പോൾ താനൊരു നടിയാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നും ശ്രിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. പിന്നീട് എന്റെ സിനിമകൾ ഓൺലൈനിലുണ്ടോയെന്നു ചോദിക്കുകയും അദ്ദേഹം കാണുകയും ചെയ്തതായി ശ്രിയ പറഞ്ഞു.
ആൻഡ്രേയ് തനിക്ക് നൽകിയ മികച്ച സർപ്രൈസ് എന്താണെന്നും ശ്രിയ പറഞ്ഞു. ”അദ്ദേഹം ഒരിക്കൽ എന്നെ സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് 2004 ൽ ‘അർജുൻ’ എന്ന സിനിമയ്ക്കായി മഹേഷ് ബാബുവും ഞാനും ചേർന്നുളള ഗാനരംഗം ഷൂട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യം ഞാൻ മറന്നുപോയി. സെന്റ് പീറ്റേഴ്ബർഗിലെത്തിയപ്പോൾ ഗാനരംഗം ചിത്രീകരിച്ച ഓരോ സ്ഥലത്തേക്കും എന്നെ കൂട്ടിക്കൊണ്ടു പോയിട്ട് ഈ സ്ഥലം ഓർമയുണ്ടോയെന്നു ചോദിച്ചു. എനിക്ക് ഓർമയില്ലെന്ന് പറഞ്ഞു. അപ്പോഴേക്കും അദ്ദേഹം ചിരിക്കാൻ തുടങ്ങി. ഈ സ്ഥലങ്ങളിലൊക്കെ വച്ച് എന്റെ ഷൂട്ട് നടന്നിട്ടുണ്ടെന്ന് പറഞ്ഞു. ഞാൻ പെട്ടെന്ന് അതിശയിച്ചു പോയി. ഇതെങ്ങനെ അറിയാമെന്നു ചോദിച്ചപ്പോൾ അദ്ദേഹം ആ സിനിമ കണ്ടിട്ടുണ്ടെന്നു പറഞ്ഞു. എന്റെ ജീവിതത്തിൽ അദ്ദേഹം നൽകിയ മനോഹരമായൊരു അനുഭവമായിരുന്നു അത്.”
2001 ല്‍ ഇറങ്ങിയ ‘ഇഷ്ടം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയ അഭിനയരംഗത്തെത്തുന്നത്. പിന്നീട് 2003ല്‍ റിതേഷ് ദേശ്മുഖിനും ജനീലിയ ഡിസൂസയ്ക്കുമൊപ്പം ‘തുജേ മേരീ കസ’ത്തിലൂടെ ബോളിവുഡിലേക്കും എത്തി. അജയ് ദേവ്ഗണിന്റെ ‘ദൃശ്യ’മായിരുന്നു ശ്രിയയുടെ അവസാന ബോളിവുഡ് ചിത്രം. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ പൃഥ്വിരാജിന്റെ നായികയായി ‘പോക്കിരിരാജ’യിലും ശ്രിയ അഭിനയിച്ചിരുന്നു.
വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിൽക്കുന്ന ശ്രിയ എസ്.എസ്.രാജമൗലിയുടെ ‘ആർആർആർ’ സിനിമയിൽ അതിഥി താരമായും അഭിനയിച്ചു.
2021 ജനുവരിയിലാണ് ശ്രിയയ്ക്കും ആൻഡ്രേയ് കൊഷ്ചീവിനും മകൾ പിറന്നത്.