2018 ലായിരുന്നു നടി ശ്രിയ ശരണും ആൻഡ്രേയ് കൊഷ്ചീവും വിവാഹിതരായത്. മാലിദ്വീപിൽ വച്ചാണ് ആൻഡ്രേയെ ആദ്യം പരിചയപ്പെട്ടതെന്നും അപ്പോൾ താനൊരു നടിയാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നും ശ്രിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. പിന്നീട് എന്റെ സിനിമകൾ ഓൺലൈനിലുണ്ടോയെന്നു ചോദിക്കുകയും അദ്ദേഹം കാണുകയും ചെയ്തതായി ശ്രിയ പറഞ്ഞു.
2021 ജനുവരിയിലാണ് ശ്രിയയ്ക്കും ആൻഡ്രേയ് കൊഷ്ചീവിനും മകൾ പിറന്നത്. രാധ എന്നാണ് ശ്രിയ മകളെ വിളിക്കുന്നത്. മകളുടെ പിറന്നാൾ ദിവസമായ ഇന്ന് ആശംസയറിയിച്ചു കൊണ്ട് വീഡിയോ പങ്കുവച്ചിട്ടുണ്ട്.
“പിറന്നാൾ ആശംസകൾ രാധ. അമ്മയായി എന്നെ തിരഞ്ഞെടുത്തതിൽ നന്ദി,എല്ലാ ദിവസവും എന്നെ പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്നതിനു നന്ദി” ശ്രിയ കുറിച്ചു. അമ്മയുടെ മുടിയിൽ കളിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞ് രാധയെ വീഡിയോയിൽ കാണാം.
‘ഇഷ്ടം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയ അഭിനയരംഗത്തെത്തുന്നത്. പിന്നീട് 2003ല് റിതേഷ് ദേശ്മുഖിനും ജനീലിയ ഡിസൂസയ്ക്കുമൊപ്പം ‘തുജേ മേരീ കസ’ത്തിലൂടെ ബോളിവുഡിലേക്കും എത്തി. അജയ് ദേവ്ഗണിന്റെ ‘ദൃശ്യ’മായിരുന്നു ശ്രിയയുടെ അവസാന ബോളിവുഡ് ചിത്രം. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ പൃഥ്വിരാജിന്റെ നായികയായി ‘പോക്കിരിരാജ’യിലും ശ്രിയ അഭിനയിച്ചിരുന്നു. എസ്.എസ്.രാജമൗലിയുടെ ‘ആർആർആർ’ സിനിമയിൽ അതിഥി താരമായും അഭിനയിച്ചു.