ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് സ്വരമാധുരിയിലൂടെ ആരാധക ഹൃദയങ്ങളിൽ ഇടം നേടിയ ഗായികയാണ് ശ്രേയ ഘോഷാൽ. മേയ് 22നായിരുന്നു ശ്രേയ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. മകന് ആറുമാസം പൂർത്തിയായ ദിവസം കുഞ്ഞിന്റെ മുഖം ആദ്യമായി കാണിച്ചിരിക്കുകയാണ് ശ്രേയ ഘോഷാൽ.
ദേവ്‌യാൻ തന്നെ പരിചയപ്പെടുത്തുംവിധത്തിലാണ് ശ്രേയ ഫൊട്ടോയ്ക്കൊപ്പം കുറിച്ചത്. ”ഹായ്, ഞാൻ ദേവ്‌യാൻ. ഇന്നെനിക്ക് 6 മാസം പൂർത്തിയായി. എനിക്ക് ചുറ്റുമുള്ള ലോകം നിരീക്ഷിക്കുന്നതിന്റെയും, എന്റെ ഇഷ്ട ഗാനങ്ങൾ കേൾക്കുന്നതിന്റെയും, ചിത്രങ്ങളിലൂടെ പുസ്തകം വായിക്കുന്നതിന്റെയും, അമ്മ പറയുന്ന ചെറിയ തമാശകൾ കേട്ട് പൊട്ടിച്ചിരിക്കുന്നതിന്റെയും, അമ്മയുമായി ദീർഘ സംഭാഷണം നടത്തുന്നതിന്റെയും തിരക്കിലാണ് ഞാൻ. അമ്മയ്ക്ക് എന്നെ മനസിലാവുന്നുണ്ട്. എനിക്ക് സ്നേഹവും അനുഗ്രഹങ്ങളും നൽകിയ എല്ലാവർക്കും നന്ദി.”
“ദേവ്‌യാൻ മുഖോപാധ്യായയെ പരിചയപ്പെടുത്തുന്നു. മേയ് 22 നാണ് അവനെത്തിയത്, അതോടെ ഞങ്ങളുടെ ജീവിതം എന്നേക്കുമായി മാറി. അവനെ ആദ്യമായി കണ്ടപ്പോൾ, ഒരച്ഛനും അമ്മയ്ക്കും മാത്രം അനുഭവിക്കാനാവുന്ന സ്നേഹം ഞങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു. ഇപ്പോഴും ഒരു സ്വപ്നം പോലെ തോന്നുന്നു,” ഇതായിരുന്നു മകന്റെ പേര് പരിചയപ്പെടുത്തി കൊണ്ട് ശ്രേയ മുൻപ് കുറിച്ചത്.
മമ്മൂട്ടി-അമല്‍ നീരദ് ടീമിന്റെ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന ഗാനം പാടിക്കൊണ്ട് അരങ്ങേറ്റം കുറിച്ച ശ്രേയ ഇന്ന് മലയാളത്തില്‍ ഒഴിച്ചു കൂടാനാവാത്ത സംഗീത സാന്നിധ്യമാണ്. തന്റെ മാതൃഭാഷ അല്ലാതിരുന്നിട്ടു പോലും തികഞ്ഞ ഉച്ചാരണ ശുദ്ധിയോടെ മലയാളം ഗാനങ്ങള്‍ ആലപിക്കുന്ന ശ്രേയ, സംഗീത സംവിധായകര്‍ക്കും ശ്രോതാക്കള്‍ക്കുമെല്ലാം എന്നുമൊരു കൗതുകമാണ്. പാടുന്ന ഓരോ വരികളുടെയും അര്‍ത്ഥം മനസ്സിലാക്കി, അനുഭവ തീവ്രതയോടെ പാടി ഫലിപ്പിക്കുന്ന അര്‍പ്പണമനോഭാവം ശ്രേയയെ പകരക്കാരില്ലാത്ത ശബ്ദമാധുര്യമാക്കി മാറ്റുന്നു.
മലയാളത്തിലോ ഹിന്ദിയിലോ ബംഗാളിയിലോ ഒതുങ്ങുന്നതല്ല ശ്രേയയുടെ സംഗീത ലോകം. ഉര്‍ദു, ആസാമീസ്, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി പന്ത്രണ്ടോളം ഭാഷകളില്‍ ശ്രേയ ഗാനങ്ങള്‍ ആലപിക്കുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണ ലഭിച്ചിട്ടുണ്ട്.
Read More: ‘സ്വപ്നം യാഥാർത്ഥ്യമായി’; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്