ഇന്ത്യയിലെ തന്നെ മികച്ച ഗായിക എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം ശ്രേയാ ഘോഷാലിനെ. ചെറിയപ്രായത്തില്‍ തന്നെ തന്‍റെ ശബ്ദ-സ്വര-സംഗീത മികവുകള്‍ കൊണ്ട് പ്രശസ്തിയുടെ കൊടുമുടി കീഴടക്കിയ പെണ്‍കുട്ടി.

ഇന്ത്യയ്ക്കകത്തും പുറത്തും ലക്ഷക്കണക്കിന് ആരാധകരുള്ള ശ്രേയ ആരാധിക്കുന്ന ശബ്ദം ആരുടേത് ചോദ്യത്തിന് വലിയ പ്രസക്തിയുണ്ട്, ഉത്തരത്തിനും.

ജലദോഷം ബാധിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റെക്കോര്‍ഡിംഗില്‍ നിന്നും ഒരു ചെറിയ ഇടവേളയെടുത്തിരിക്കുന്ന ശ്രേയ ഇന്ന് ട്വിറ്റെറില്‍ തന്‍റെ ആരധകരോട് സംസാരിക്കവേയാണ് ഇങ്ങനെയൊരു ചോദ്യം നേരിട്ടത്. ഇഷ്ടമുള്ള തമിഴ് ഗായികയാര് എന്ന്? ഒട്ടും ആലോചിക്കാതെ തന്നെ ശ്രേയ മറുപടി പറഞ്ഞു, ‘Always Chithra ji!’ (എന്നും ചിത്ര) എന്ന്.

വായിക്കാം: എസ് ജാനകിയെക്കുറിച്ച് കെ എസ് ചിത്ര

ഇഷ്ടമുള്ള ഗാനം ഏതു എന്നതിന് ‘ഒരു പാട് ഗാനങ്ങളുണ്ട് എന്നും എന്നാല്‍ ഇപ്പോള്‍ മൂളുന്നത് മെര്‍സല്‍ എന്ന ചിത്രത്തില്‍ എ ആര്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന ‘നീ താനേ’ എന്ന ഗാനമാണ് എന്നും അവര്‍ പറഞ്ഞു.

എ ആര്‍ റഹ്മാനെ ഒറ്റ വാക്കില്‍ എങ്ങനെ നിര്‍വ്വചിക്കും എന്ന ചോദ്യത്തിന് ‘സംഗീതത്തിന്‍റെ നിര്‍വ്വചനം തന്നെ അദ്ദേഹമാണ്'(He defines music! Full Stop.) എന്നാണ് ശ്രേയ പ്രതികരിച്ചത്.

#AskShreya എന്ന ഹാഷ് ടാഗിലാണ് ശ്രേയാ ഘോഷാല്‍ ചോദ്യങ്ങള്‍ സ്വീകരിച്ചത്. എപ്പോഴെങ്കിലും ഡിപ്രഷനിലൂടെ കടന്നു പോയിട്ടുണ്ടോ എന്നതിന് ‘എനിക്ക് ഇത് വരെ അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല എന്നാല്‍ ഡിപ്രഷന്‍ ഉള്ളവര്‍ ആ അവസ്ഥയെ കാര്യമായി എടുക്കണം എന്നും വൈദ്യ സഹായം തേടണം എന്നും ശ്രേയ അഭിപ്രായപ്പെട്ടു.

മാധുരി ദീക്ഷിത്തിന്‍റെ സൂപ്പര്‍ ഹിറ്റ്‌ ഗാനമായ ‘ഏക്‌ ദോ തീന്‍’ അടുത്തിടെ റീമിക്സ് ചെയ്തു വന്നിരുന്നു. അത് പാടിയ അനുഭവത്തെക്കുറിച്ച് ശ്രേയ പറഞ്ഞതിങ്ങനെ. “ഈ പാട്ടൊക്കെ കേട്ട്, അതിനോടൊപ്പം ആടിയും പാടിയുമൊക്കെയാണ് ഞാന്‍ വളര്‍ന്നത്‌. ഹിന്ദി സിനിമയിലെ ‘ഐക്കണ്‍’സിന് ഇങ്ങനെയൊരു ട്രിബ്യൂട്ട് നല്‍കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു.”

shreya ghoshal

സംഗീത സംവിധാനം ചെയ്യാന്‍ ഉദ്ദേശമുണ്ടോ എന്ന ചോദിച്ചപ്പോള്‍ താന്‍ ഇടയ്ക്കിടയ്ക്ക് കമ്പോസ് ചെയ്യാറുണ്ട് എന്നും എന്നെങ്കിലും അതെല്ലാം റിലീസ് ചെയ്യും എന്നും ശ്രേയ പറഞ്ഞു.

ചിത്രങ്ങള്‍: ഫേസ്ബുക്ക്‌/ഇന്‍സ്റ്റാഗ്രാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ