ഇന്ന് മലയാള സിനിമാ ഗാനരംഗത്തെ പ്രഗല്‍ഭരായ അഞ്ചു പേരെ എടുത്താല്‍ അതില്‍ ഒരു ബംഗാളി പെണ്‍കുട്ടിയും ഉള്‍പ്പെടും. ഇന്ത്യയിലെ തന്നെ പല ഭാഷകളിലും മികവു തെളിയിച്ച ശ്രേയാ ഘോഷാല്‍ ആണ് ശ്രോതാക്കളെ അമ്പരപ്പിക്കുന്ന തരത്തില്‍ ‘മധുര മലയാളം പാടുന്നത്. കഴിഞ്ഞ പത്തു കൊല്ലത്തെ മികച്ച ഗാനങ്ങള്‍, പുരസ്കാരങ്ങള്‍ എന്നിവയിലെല്ലാം ശ്രേയാ ഘോഷാലിന്റെ കൈയ്യൊപ്പുണ്ട്. സലില്‍ ചൗധരിയ്ക്ക് ശേഷം മലയാള സിനിമാ ഗാനരംഗം കണ്ട മറ്റൊരു ബംഗാളി പ്രതിഭ ശ്രേയാ ഘോഷാലിന് ഇന്ന് 35 വയസ്സ് തികയുകയാണ്.

മമ്മൂട്ടി-അമല്‍ നീരദ് ടീമിന്റെ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന ഗാനം പാടിക്കൊണ്ട് അരങ്ങേറ്റം കുറിച്ച ശ്രേയ ഇന്ന് മലയാളത്തിൽ ഒഴിച്ചു കൂടാനാവാത്ത സംഗീത സാന്നിധ്യമാണ്. തന്റെ മാതൃഭാഷ അല്ലാതിരുന്നിട്ടു പോലും തികഞ്ഞ ഉച്ചാരണ ശുദ്ധിയോടെ മലയാളം ഗാനങ്ങൾ ആലപിക്കുന്ന ശ്രേയ, സംഗീത സംവിധായകർക്കും ശ്രോതാക്കൾക്കുമെല്ലാം എന്നുമൊരു കൗതുകമാണ്. പാടുന്ന ഓരോ വരികളുടെയും അർത്ഥം മനസ്സിലാക്കി, അനുഭവ തീവ്രതയോടെ പാടി ഫലിപ്പിക്കുന്ന അർപ്പണമനോഭാവം ശ്രേയയെ പകരക്കാരില്ലാത്ത ശബ്ദമാധുര്യമാക്കി മാറ്റുന്നു.

മലയാളത്തിലോ ഹിന്ദിയിലോ ബംഗാളിയിലോ ഒതുങ്ങുന്നതല്ല ശ്രേയയുടെ സംഗീത ലോകം. ഉർദു, ആസാമീസ്, ഭോജ്‌പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി പന്ത്രണ്ടോളം ഭാഷകളിൽ ശ്രേയ ഗാനങ്ങൾ ആലപിക്കുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് നാലു തവണ ലഭിച്ചിട്ടുണ്ട്.

പശ്ചിമബംഗാളിലെ മൂർഷിദാബാദിലാണ് ശ്രേയയുടെ ജനനമെങ്കിലും കുട്ടിക്കാലം ചെലവഴിച്ചത് രാജസ്ഥാനിലെ കോട്ടയ്ക്കു സമീപമുള്ള റാവത്ത്ഭട്ട എന്ന ചെറുപട്ടണത്തിലായിരുന്നു. നാലു വയസ്സു മുതൽ സംഗീതം പഠിച്ചു തുടങ്ങിയ ശ്രേയ ഘോഷാൽ എന്ന പ്രതിഭയെ ബോളിവുഡിന് പരിചയപ്പെടുത്തുന്നതും കണ്ടെടുക്കുന്നതും സംവിധായകന്‍ സഞ്ജയ് ലീലാ ബൻസാലിയാണ്. 16-ാം വയസ്സിൽ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുമ്പോഴാണ് ശ്രേയയെന്ന പ്രതിഭ ബൻസാലിയുടെ ശ്രദ്ധയിൽ പെടുന്നത്. ‘ദേവദാസ്’ (2002) എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രേയയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം.

ബൻസാലിയുടെ കണ്ടെത്തൽ വെറുതെയായില്ലെന്നു തെളിയിച്ചു കൊണ്ട് ആ വർഷത്തെ ദേശീയ അവാര്‍ഡും ഫിലിംഫെയർ അവാർഡുകളും ആർ ഡി ബർമ്മൻ അവാർഡുകളുമൊക്കെ ശ്രേയയെ തേടിയെത്തി. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന സംഗീത പ്രതിഭയായി മാറിയ​ശ്രേയയുടെ വളർച്ച അമ്പരപ്പിക്കുന്നതായിരുന്നു.

 

അമേരിക്കൻ ബിനിനസ്സ് മാസികയായ ഫോർബ്സ് ഇന്ത്യയിലെ അതിപ്രശസ്തരായ 100 വ്യക്തികളിൽ ഒരാളായി നാലു തവണയാണ് ശ്രേയയെ തെരഞ്ഞെടുത്തത്. സമൂഹമാധ്യമങ്ങളിലും ബോളിവുഡ് താരങ്ങളേക്കാൾ ഫോളോവേഴ്സ് ഉള്ള ഗായിക കൂടിയാണ് ശ്രേയ ഘോഷാൽ.

പാട്ടിൽ ഈ പാട്ടിൽ (പ്രണയം), കാണാമുള്ളാൽ (സാൾട്ട് ആന്റ് പെപ്പർ), കണ്ണോരം ചിങ്കാരം (രതി നിർവ്വേദം), കിളികൾ പാടുമൊരു ഗാനം ( സ്വപ്നസഞ്ചാരി), പാട്ടിന്റെ പാൽക്കടവിൽ (ലിവിംഗ് ടുഗെതർ), വെണ്ണിലവേ വെണ്ണിലവേ (സാഗർ ഏലിയാസ് ജാക്കി), മഞ്ഞു മഴക്കാട്ടിൽ (ആഗതൻ), അനുരാഗ വിലോചനനായി (നീലത്താമര), ചാന്തു തൊട്ടില്ലേ… ചന്ദനം തൊട്ടില്ലേ (ബനാറസ്), കിഴക്കു പൂക്കും (അൻവർ), വിധുരമീ യാത്ര (ഗദ്ദാമ), ചെമ്പരത്തി കമ്മലിട്ട് (മാണിക്യക്കല്ല്), പതിനേഴിന്റെ പൂങ്കരളിൽ (വെള്ളരിപ്രാവിന്റെ ചങ്ങാതി), എന്തിനീ മിഴി രണ്ടും (ഓർഡിനറി), ചം ചം (മല്ലു സിംഗ്), കാർമുകിലിൻ (ബാച്ച്‌ലർ പാർട്ടി), ഈറൻ കാറ്റിൻ ഈണം പോലെ (സലാല മൊബൈൽസ്), കൊലുസു തെന്നി തെന്നി (കസിൻസ്), കാത്തിരുന്നു കാത്തിരുന്നു പുഴ (എന്നു നിന്റെ മൊയ്തീൻ), അകലെയൊരു കാടിന്റെ (രാമന്റെ ഏദൻത്തോട്ടം), നീർമാതളം , പ്രണയമായ് രാധ (ആമി), ജീവാംശമായ് (തീവണ്ടി), കൊണ്ടോരാം കൊണ്ടോരാം (ഒടിയൻ) എന്നു തുടങ്ങി സിനിമാഗാനങ്ങളും ആൽബങ്ങളുമായി നൂറിനടുത്ത് പാട്ടുകൾ ശ്രേയ ഇതിനകം മലയാളത്തിൽ പാടി കഴിഞ്ഞു. മലയാളത്തിലെ ഏറ്റവും വിലയേറിയ ഗായിക കൂടിയാണ് ശ്രേയ ഘോഷാൽ ഇന്ന്.

Read more: ‘ഇഷ്ട ഗായിക ആര്’ എന്ന് ആരാധകന്‍, ‘എന്നും ചിത്ര’ എന്ന് ശ്രേയാ ഘോഷാല്‍

ശ്രേയയുടെ ശ്രദ്ധേയമായ ചില മലയാളം ഗാനങ്ങൾ:

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook