ഇന്ത്യൻ ബാഡ്മിന്റണിനെ പുതിയ തലങ്ങളിൽ എത്തിച്ച സൈന നെഹ്‌വാളിന്റെ ജീവിതം സിനിമയാകുന്നു. ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് സൈനയായെത്തുന്നതെന്നാണ് സിനിമാ ലോകത്ത് നിന്നുളള പുതിയ വാർത്ത. അമോൽ ഗുപ്‌തയാണ് സൈനയുടെ ജീവിതം സിനിമയാക്കുന്നത്.

ശ്രദ്ധ സൈനയായെത്തുന്ന കാര്യം ട്രേഡ് അനലിസ്റ്റായ തരൺ ആദർശ് തന്റെ ട്വിറ്ററിലൂടെ അറിയിച്ചു. സൈന നെഹ്‌വാളിന്റെ ജീവ ചരിത്ര സിനിമയിൽ ശ്രദ്ധ സൈനയായെത്തുന്നു. സൈന എന്നാണ് ചിത്രത്തിന്റെ പേര്. അമോൽ ഗുപ്‌തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബൂഷൻ കുമാറാണ് സിനിമ നിർമ്മിക്കുന്നതെന്നും തരൺ ട്വിറ്ററിൽ കുറിക്കുന്നു.

സൈനയാവുന്ന കാര്യം ശ്രദ്ധ കപൂർ സ്ഥിരീകരിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. “സ്കൂളിൽ പഠിക്കുന്ന സമയത്തും മറ്റും മിക്ക പെൺകുട്ടികളും ബാഡ്മിന്റൺ കളിച്ചിട്ടുണ്ടാവും. സൈനയാവുന്നത് വളരെ ഭാഗ്യമായി കരുതുന്നു. ലോകത്തിലെ ഒന്നാം നമ്പർ ബാഡ്മിന്റൺ താരം മാത്രമല്ല, ഒരു യൂത്ത് ഐക്കൺ കൂടിയാണ് സൈന”, ശ്രദ്ധ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ശ്രദ്ധ താനായുളള വേഷം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് സൈന നെഹ്‌വാൾ പറഞ്ഞതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ ഹസീന:ദി ക്യൂൻ ഓഫ് മുംബൈ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ശ്രദ്ധ. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പർക്കാറായാണ് ഈ ചിത്രത്തിൽ ശ്രദ്ധയെത്തുന്നത്. ഹാഫ് ഗേൾഫ്രണ്ടാണ് ശ്രദ്ധയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

താരേ സമീൻ പർ, ഹവ്വ ഹവായ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അമോൽ ഗുപ്‌തേ. 2018 ലായിരിക്കും ചിത്രം തിയേറ്ററിലെത്തുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ