പ്രഭാസിന്റെ വിവാഹത്തിനായാണ് ടോളിവുഡ് കാത്തിരിക്കുന്നത്. പ്രഭാസ് ഈ വർഷം വിവാഹിതനാവുമെന്ന് താരത്തിന്റെ അങ്കിൾ കൃഷ്ണാം രാജു വെളിപ്പെടുത്തിയിരുന്നു. പ്രഭാസിന്റെ പുതിയ ചിത്രം സാഹോയ്ക്കായി കാത്തിരിക്കുന്ന ആരാധകർക്ക് ഈ വാർത്ത ഇരട്ടി മധുരമാണ് നൽകിയത്. 38 കാരനായ പ്രഭാസിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പെൺകുട്ടി ആരായിരിക്കും എന്ന ചിന്തയാണ് ഇപ്പോൾ ആരാധകർക്കുളളത്.

ബാഹുബലി സിനിമയിലൂടെ ലക്ഷണക്കണക്കിന് സ്ത്രീ ആരാധകരുടെ ഹൃദയമാണ് പ്രഭാസ് കവർന്നത്. സിനിമയുടെ വിജയത്തിനുപിന്നാലെ ആയിരക്കണക്കിന് വിവാഹ ആലോചനകളാണ് പ്രഭാസിനെ തേടിയെത്തിയത്. തന്റെ ആരാധികമാരിൽ ഒരാളെയാണോ അതോ സഹപ്രവർത്തകിൽ ഒരാളെയാണോ പ്രഭാസ് ജീവിതസഖിയായി തിരഞ്ഞെടുക്കുകയെന്ന് കാത്തിരുന്ന് തന്നെ കാണണം.

പ്രഭാസിന്റെ പുതിയ ചിത്രമായ സാഹോയിലെ നായിക ശ്രദ്ധ കപൂറാണ്. ഒരു പരിപാടിക്കിടയിൽ ശ്രദ്ധയോട് പ്രഭാസിനെക്കുറിച്ച് ചോദിച്ചു. ”പ്രഭാസ് നല്ലൊരു നടൻ മാത്രമല്ല, നല്ലൊരു മനുഷ്യൻ കൂടിയാണ്. എന്റെ ആദ്യ തെലുങ്ക് സിനിമ പ്രഭാസിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ ഞാൻ അതീവ സന്തുഷ്ടയാണ്” ശ്രദ്ധ പറഞ്ഞു.

പ്രഭാസ് ഈ വർഷം വിവാഹിതനാവുമെന്ന് അദ്ദേഹത്തിന്റെ അങ്കിൾ അറിയിച്ചതായും ഇതിനെക്കുറിച്ച് ശ്രദ്ധയ്ക്ക് എന്താണ് പറയാനുളളതെന്നും ചോദ്യം ഉയർന്നു. ഇതിന് ചിരിച്ചുകൊണ്ട് ശ്രദ്ധ പറഞ്ഞ മറുപടി, ”എനിക്കറിയില്ല, അത് നിങ്ങൾ അദ്ദേഹത്തോട് തന്നെ ചോദിക്കണം”.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ