മെഗാസ്റ്റാർ മമ്മൂട്ടിയുടെ പേരിൽ ഷോർട് ഫിലിമെത്തുന്നു. എന്നാൽ ഇതിന് നടൻ മമ്മൂട്ടിയുമായി യാതൊരു ബന്ധവുമില്ല. ഷോർട് ഫിലിമിലെ പ്രധാന കഥാപാത്രത്തിന്റെ പേരാണ് മമ്മൂട്ടി. ഹൊറര്‍ ചിത്രങ്ങള്‍ക്കു മികച്ച സ്വീകാര്യത ലഭിക്കുന്ന പുതിയ കാലത്ത് ഭീതിയുടെ പുതിയ അടയാളങ്ങളുമായാണ് ഷോര്‍ട്ട് ഫിലിം എത്തുന്നത്. മമ്മൂട്ടിയെന്ന സാധാരണ മനുഷ്യന്റെ ദുരൂഹത നിറഞ്ഞ കഥ പ്രമേയമാകുന്നതാണ് ‘മമ്മൂട്ടി’യെന്ന ഷോര്‍ട് ഫിലിം. ഓരോ രംഗങ്ങളിലും പ്രേക്ഷകരെ ഭീതിയുടെയും വിസ്മയത്തിന്റെയും പുതിയ തലത്തിലെത്തിക്കുന്ന തരത്തിലുള്ളതാണ് ഷോര്‍ട്ട് ഫിലിമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
Mammootty, Short Film

അജിത് സംവിധാനം നിര്‍വഹിച്ച ഷോര്‍ട് ഫിലിമിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് അതുല്‍ പി.എം ആണ്. സുജീഷ് കെ.എസ്, അതുല്‍ പി.എം, നിനാദ് എന്നിവരാണ് മമ്മൂട്ടിയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രഥമ സ്‌ക്രീനിങ് ഫെബ്രുവരി 25 ശനിയാഴ്ച വൈകിട്ട് 5.30-ന് എറണാകുളം പബ്ലിക് ലൈബ്രറിയില്‍ നടക്കും.

ഷോര്‍ട് ഫിലിം കാണാന്‍ ആളുകളെ ക്ഷണിക്കുന്ന പ്രമുഖ ചലച്ചിത്ര താരം ഗായത്രി സുരേഷിന്റെ വെല്‍കം വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. വിവിധ ഷോര്‍ട് ഫിലിം ഫെസ്റ്റിവലുകളില്‍ മത്സര വിഭാഗത്തില്‍ ‘മമ്മൂട്ടി’യെന്ന തങ്ങളുടെ ഷോര്‍ട് ഫിലിം അയക്കാനും അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നുണ്ട്.

Mammootty, Short Film

ഏറെ നിരൂപക പ്രശംസ നേടിയ സനല്‍കുമാര്‍ ശശിധരന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായ ‘സെക്‌സി ദുര്‍ഗ’യില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ച മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ സുജീഷ് കെ.എസ് വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തുന്ന രണ്ടാമത്തെ ചിത്രമാണ് ‘മമ്മൂട്ടി’.

സദാചാര പൊലീസിങ്ങിനെ ആസ്പദമാക്കി രചിച്ച ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന ചിത്രമായ ‘സെക്‌സി ദുര്‍ഗ’ ഇതിനോടകം തന്നെ നിരവധി അന്താരാഷ്ട്ര മേളകളില്‍ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ഫിറോസ് ടൈഗര്‍ അവാര്‍ഡ് ലഭിച്ച ‘സെക്‌സി ദുര്‍ഗ’യ്ക്ക് ന്യൂയോര്‍ക്കില്‍ നടക്കുന്ന ന്യൂ ഡയറക്ടേഴ്‌സ് ന്യൂ ഫിലിം ഫെസ്റ്റിവലിലേക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. വ്യക്തമായ കഥയോ, തിരക്കഥയോ ഇല്ലാതെ രാത്രിയുടെ പശ്ചാത്തലത്തിലാണ് ‘സെക്‌സി ദുര്‍ഗ’ ചിത്രീകരിച്ചിട്ടുള്ളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ